ബിജെപിക്ക് കനത്ത തിരിച്ചടി; നാലുപേര്‍ കൂടി തിരിച്ചെത്തി; ത്രികക്ഷി സഖ്യത്തിന് 154 എംഎല്‍എമാരുടെ പിന്തുണ

അജിത് പവാറിനെ വിശ്വസിച്ച് രാത്രിയുടെ മറപറ്റി അധികാരത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടി. സര്‍ക്കാര്‍ രൂപീകരണത്തില്‍ അജിത് പവാറിന് ഒപ്പം പോയ എംഎല്‍എമാരില്‍ നാലുപേര്‍ കൂടി ശരദ് പവാര്‍ ക്യാമ്പില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ നിന്നാണ് നാലു പേരും മുംബൈയിലെ ഹോട്ടല്‍ ഹായത്തിലെത്തിയത്. ഇതോടെ നിലവില്‍ അജിത് പവാറിനൊപ്പം ഒരു എംഎല്‍എ മാത്രമാണുള്ളത്. ആകെ 54 എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. ഇതില്‍ 52പേരും ശരദ് പവാറിനൊപ്പമാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ അജിത് പവാറിനെ വിശ്വസിച്ച് കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കിയ ബിജെപി നനീക്കം അല്പന് അര്ത്ഥം കിട്ടിയത് കണക്കായി.

അജിത് പവാറിനൊപ്പം പോയ എംഎല്‍എമാര്‍ കൂടി തിരിച്ചെത്തിയതോടെ തങ്ങള്‍ക്കൊപ്പം 154 എംഎല്‍എമാരുണ്ടെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ത്രികക്ഷി സഖ്യം ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചിരിക്കുന്ന എട്ടുപേര്‍ സ്വതന്ത്രരാണ് എന്നാണ് സൂചന. നേരത്തെ സ്വതന്ത്ര എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.

അതേ സമയം സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തും പത്തരക്ക് കോടതി ചേരുന്നതിന് മുന്‍പ് എത്തിക്കണമെന്നാണ് സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശം. ഈ രേഖകളുടെ സാധുത പരിശോധിച്ച ശേഷമാകും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജിയിലെ ആവശ്യത്തില്‍ കോടതി തീരുമാനമെടുക്കുക. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിശ്വാസ വോട്ടെടുപ്പ് മാത്രമേ മുന്‍പിലുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഇരുസഭകളിലും വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും നോട്ടീസ് നല്‍കി. ഗവര്‍ണ്ണറും പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാ മര്യാദകളും ലംഘിച്ചു എന്നാണ് പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here