രാജ്യത്തിന്റെ യുവജന പോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായമാണ് കൂത്തുപറമ്പ്

കൂത്തുപറമ്പ് വെടിവയ്‌പ്‌ നടക്കുമ്പോൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എൻ എൻ കൃഷ്ണദാസ് ദേശാഭിമാനിയിൽ എ‍ഴുതിയ ലേഖനം;

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന്‌ കാൽ നൂറ്റാണ്ട് തികയുകയാണ്. ഒരിടത്തും സ്‌തംഭിച്ചുനിൽക്കാതെ കാലം എത്ര വേഗത്തിലാണ് മുന്നോട്ടുപോയത്! ഇനി വരും കാലവും പോരാട്ടഭൂമികകളിലെ രാജമല്ലിപ്പൂക്കളെപ്പോൽ കൂത്തുപറമ്പ് രക്തസാക്ഷികൾ മുഷ്ടിചുരുട്ടി നിൽക്കുന്ന മുദ്രാവാക്യങ്ങളായി ചരിത്രം രചിക്കുന്നവർക്കൊപ്പമുണ്ടാകും.

കാലമെത്ര കഴിഞ്ഞാലും പ്രഭമങ്ങാത്ത നിത്യ സമരസത്യമായി ആ രക്തസാക്ഷി മണ്ഡപം ഒരു ചരിത്രജ്വാലപോലെ ആകാശത്തോളം തലയുയർത്തി നിൽക്കും; ഭൂതകാലങ്ങൾ വായിക്കാനുള്ള വെളിച്ചമെത്തിക്കുന്ന വിളക്കുമരംപോലെ. രോദനങ്ങളായി വിസ്മൃതമാകാതെ യഥാസമയം ഇടിമിന്നലുകളായി വന്ന് പ്രതിരോധങ്ങൾക്കും മുന്നേറ്റങ്ങൾക്കും വെളിച്ചം നൽകുകയാണത്രേ ചരിത്രത്തിന്റെ നിയുക്ത ദൗത്യം.

സമരപശ്ചാത്തലം

1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയും തുടർ രാഷ്ട്രീയ സംഭവവികാസങ്ങളും സാമ്രാജ്യത്വലോകത്ത് അമിതാഹ്ലാദമുണ്ടാക്കി. അനന്തരം, അതിവേഗം രാഷ്ട്രാതിർത്തികൾ കടന്ന്‌ പരന്നൊഴുകിയ സാമ്രാജ്യത്വ – മൂലധന പ്രത്യയ ശാസ്ത്രങ്ങളിൽ നമ്മുടെ രാജ്യവും ഭാഗഭാക്കായി. നവലിബറലിസത്തിന്റെ പ്രയോഗരൂപങ്ങൾ സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ആഴ്‌ന്നിറങ്ങി; അഥവാ ഇന്ത്യൻ ഭരണ സംവിധാനം അടിമുടി അതിന്‌ വശംവദമായി.

അന്നത്തെ നരസിംഹറാവു ഭരണവും കേരളത്തിൽ കരുണാകരന്റെ നേതൃത്വത്തിലുള്ള ഭരണവും ആ പ്രതിലോമ ആശയത്തിന്റെ പ്രയോക്താക്കളായി. എന്നാൽ, കേരളത്തിന്റെ സാമൂഹ്യമനസ്സിന് ഈ മാറ്റങ്ങൾ ഉൾക്കൊള്ളാനാകുമായിരുന്നില്ല. രാഷ്ട്രത്തിന്റെ തിലകക്കുറിയായി നിലകൊണ്ട കേരളീയ വിദ്യാഭ്യാസമേഖലയിൽ പണക്കാർക്ക് പഠിക്കാൻ പ്രത്യേക കോളേജ് എന്ന “സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ’ റിലീസായത് ആ കാലത്താണ്.

അതുവരെ ഏത് ബഹുസഹസ്ര കോടീശ്വരന്റെ മക്കളായാലും കേരളത്തിലെ കോളേജുകളിലാണെങ്കിൽ ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും ദരിദ്രരുടെയും മക്കളോടൊപ്പം ഇരുന്ന്‌ പഠിക്കേണ്ടിയിരുന്നു. അത്തരം കോളേജുകളേ അതുവരെ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. കേരളത്തിന്റെ സമത്വ സുന്ദരമായ കലാലയ വിദ്യാഭ്യാസമണ്ഡലത്തിൽ ധൂമകേതുക്കളെപ്പോലെ സ്വാശ്രയ കോളേജുകൾ പ്രതിഷ്ഠിതമായത് യുഡിഎഫ്‌ ഭരണത്തിന്റെ കാർമികത്വത്തിലായിരുന്നു.

അതിശക്തമായ സാമൂഹ്യ ചെറുത്തുനിൽപ്പായിരുന്നു ജനാധിപത്യ കേരളത്തിൽ അതിനെതിരെ ഉയർന്നത്. പ്രതിരോധത്തിന്റെ മുന്നിൽനിന്നത് എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥിസമൂഹംതന്നെയായിരുന്നു. അടിച്ചമർത്തലുകളെ വെല്ലുവിളിച്ച്‌ പതഞ്ഞുയർന്ന ചെറുത്തുനിൽപ്പ്‌ കേരളത്തിന്റെ സമര പൈതൃകങ്ങളെ ത്രസിപ്പിച്ചു. സംസ്ഥാനത്തങ്ങോളമിങ്ങോളം തെരുവുകളാകെ ഇളംചോര വീണ്‌ കുതിർന്നു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ കേരളമാകെ സമരപഥങ്ങളിൽ തുടിച്ചുയർന്നു.

സമരത്തിന്റെ കാരണങ്ങൾ

സഹകരണമേഖലയിൽ ആരംഭിക്കാൻ നിശ്ചയിച്ച കണ്ണൂർ ജില്ലയിലെ “പരിയാരം മെഡിക്കൽ കോളേജ്’ മുഖ്യമന്ത്രി കരുണാകരന്റെയും സഹകരണമന്ത്രി എം വി രാഘവന്റെയും ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ട്രസ്റ്റിന്റെ കീഴിൽ “സ്വാശ്രയ മെഡിക്കൽ കോളേജ്’ ആക്കാൻ ഗൂഢനീക്കങ്ങൾ നടത്തി. അത് പുറത്തറിഞ്ഞപ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നു. പരിയാരത്തെ നിർദിഷ്ട സഹകരണ മെഡിക്കൽ കോളേജ് സ്വകാര്യ ട്രസ്റ്റിന്റെ കീഴിൽ “സ്വാശ്രയ മെഡിക്കൽ കോളേജ്’ ആക്കാൻ അനുവദിക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. കണ്ണൂരിലെ ജനങ്ങളാകെ ഈ നിഗൂഢനീക്കത്തിനെതിരെ രംഗത്തിറങ്ങി.

അതിനിടയിൽ മറ്റൊരു നീക്കത്തിനും കണ്ണൂരിൽ ഭരണക്കാർ ശ്രമിച്ചു. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് മറ്റൊരു ഭരണസംവിധാനം ഏർപ്പെടുത്തി. ജില്ലാ സഹകരണ ബാങ്കിൽ നിരവധി ക്ലർക്കുമാരുടെ ഒഴിവുണ്ടായിരുന്നു. ആ ഒഴിവിലേക്ക്‌ അർഹരായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. ആയിരക്കണക്കിനു യുവതി‐യുവാക്കളാണ് അതിനായി അപേക്ഷ നൽകിയത്. (അന്ന് ജില്ലാ സഹകരണ ബാങ്കുകളിലേക്കുള്ള നിയമനം ബാങ്ക് ഭരണ സമിതിയാണ് നടത്തിയിരുന്നത്).

ഉദ്യോഗാർഥികൾക്ക് കണ്ണൂരിലെ ഒരു ഹൈസ്‌കൂളിൽ മത്സര പരീക്ഷ നടത്തുന്ന വേളയിൽത്തന്നെ പിൻവാതിലിലൂടെ നിയമനം നടത്താൻ യുഡിഎഫ് നേതാക്കൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിക്കൊണ്ടിരുന്നത് തെളിവ് സഹിതം പുറത്തുവന്നു. ഈ വഞ്ചനയ്‌ക്കെതിരെയും യുവജനങ്ങൾ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. പണം വാങ്ങിയുള്ള നിയമനം റദ്ദാക്കണമെന്നും സുതാര്യമായ പുനർനിയമന നടപടികൾ പ്രഖ്യാപിക്കണമെന്നും ഡിവെഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അതിന്‌ പിന്തുണ നൽകി. ഈ ആവശ്യങ്ങൾ ഉന്നയിച്ചുള്ള യുവജന പ്രക്ഷോഭത്തിലായിരുന്നു കണ്ണൂരിലെ ഡിവൈഎഫ്‌ഐ.

വെടിവയ്‌പ്‌ മുൻകൂട്ടി നിശ്ചയിച്ചത്

അതിനിടയിൽ ഇത്തരം ആക്ഷേപങ്ങൾക്കെല്ലാം കാരണക്കാരനായ മന്ത്രി എം വി രാഘവൻ നവംബർ 25ന്‌ കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ജനങ്ങളുടെ പ്രതിഷേധം നേരിട്ടറിയിക്കാൻ മന്ത്രിക്കു മുന്നിൽ കരിങ്കൊടി വീശുമെന്ന്‌ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി പരസ്യമായി പ്രഖ്യാപിച്ചു. പ്രതിഷേധം അറിയിക്കുന്നതിന് കരിങ്കൊടി കാണിക്കൽ നമ്മുടെ രാജ്യത്ത് അത്ര അസാധാരണമായ സംഭവം ഒന്നുമായിരുന്നില്ല.

സൈമൺ കമീഷനെതിരെ പ്രതിഷേധിക്കാൻ മഹാത്മാഗാന്ധിപോലും കരിങ്കൊടി കാണിക്കാനായിരുന്നു ജനങ്ങളോട് ആഹ്വാനംചെയ്‌തത്. തിളച്ചുയരുന്ന പ്രതിഷേധത്തിനിടയിൽത്തന്നെ ധൃതിപിടിച്ചുവേണമോ ഈ ഉദ്ഘാടനം എന്ന ഉദ്യോഗസ്ഥരുടെയും മറ്റു ചില നേതാക്കളുടെയും സംശയങ്ങളെ സർക്കാർ അഹങ്കാരത്തോടെ പുച്ഛിച്ചുതള്ളി. ‘ഭയപ്പെട്ടിരിക്കാൻ ഞങ്ങളെന്താ പേടിത്തൊണ്ടന്മാരാണോ; പിന്നെന്തിനാ പൊലീസ്… അവർക്കെന്തിനാ തോക്കും ലാത്തിയും കൊടുത്തിരിക്കുന്നത്?’ എന്ന മുഖ്യമന്ത്രി കരുണാകരന്റെ അന്നത്തെ പ്രസ്‌താവന ഏറെ വിവാദമായിരുന്നു.

സായുധ പൊലീസ്‌‌തലത്തിൽതന്നെ സർക്കാർ വലിയ മുന്നൊരുക്കങ്ങൾ നടത്തി. വെടിവയ്‌പുണ്ടാകുമെന്ന്‌ തലേദിവസംമുതൽ ചില കേന്ദ്രങ്ങൾ മുറുമുറുപ്പ് പ്രചാരണം നടത്തിയിരുന്നു. കേവലം കരിങ്കൊടി പ്രതിഷേധംമാത്രം നിശ്ചയിച്ചിരുന്ന ഡിവൈഎഫ്‌ഐ, ജില്ല കേന്ദ്രീകരിച്ചുള്ള വലിയ സംഘാടനം ഒന്നും ഉദ്ദേശിച്ചിരുന്നില്ല. കൂത്തുപറമ്പ്, തലശേരി, പാനൂർ മേഖലകളിൽനിന്നുള്ള പ്രവർത്തകരോടുമാത്രമേ പങ്കെടുക്കാൻ നിർദേശിച്ചിരുന്നുള്ളൂ. എം വി ജയരാജൻ, എം പ്രകാശൻ, എം സുരേന്ദ്രൻ തുടങ്ങിയ ജില്ലാ നേതൃത്വം പൂർണമായും സമരസ്ഥലത്തുണ്ടായിരുന്നു.

ശുഭ്രപതാകയും മന്ത്രി എത്തുമ്പോൾ പ്രതിഷേധം അറിയിക്കുന്നതിനായി ഉയർത്തിവീശാൻ കരുതിയ കരിന്തുണി കഷണങ്ങളും മാത്രമായിരുന്നു സമരത്തിനെത്തിയ യുവാക്കളുടെ കൈയിൽ. മന്ത്രി എത്തേണ്ട സമയത്തിനുമുമ്പുതന്നെ കൂത്തുപറമ്പ് ടൗൺഹാൾ പരിസരത്ത് വാഹന തടസ്സംപോലും സൃഷ്ടിക്കാതെയാണ്‌ സമരക്കാർ കാത്തുനിന്നത്. എന്നാൽ, മന്ത്രി എത്തുന്നതിനുമുമ്പുതന്നെ മുൻകൂട്ടി നിശ്ചയിച്ചത്‌ എന്ന വണ്ണം, നിരായുധരായ യുവജനങ്ങൾക്കുനേരെ പൊലീസ് ഭീകരമായ ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. കെ കെ രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നീ അഞ്ചു സഖാക്കൾ തൽക്ഷണം കൊല്ലപ്പെട്ടു.

നിരവധിപേർക്ക് വെടിയേറ്റു. പൊലീസ് വെടിയുണ്ട നട്ടെല്ല് തകർത്തതിനെത്തുടർന്ന്‌ നെഞ്ചിനു താഴോട്ട് മരവിച്ച ശരീരവുമായി സഖാവ് പുഷ്‌പൻ തിളക്കമാർന്ന കണ്ണുകളോടെ എല്ലാവർക്കും ആവേശംപകർന്ന്‌ ഇന്നും ജീവിക്കുന്നു. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുക്കണക്കിനു സമര വളന്റിയർമാരാണ് പരിക്കേറ്റ്‌ വീണത്. കൂത്തുപറമ്പ്‐ തലശേരി റോഡിൽ വെടിയേറ്റും മർദനമേറ്റും വീണവരുടെ ചുടുചോര അക്ഷരാർഥത്തിൽ ചാലുകളായൊഴുകി. രാജ്യത്തിന്റെ യുവജനപോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായമാണ് കൂത്തുപറമ്പ്.
(കൂത്തുപറമ്പ് വെടിവയ്‌പ്‌ നടക്കുമ്പോൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു ലേഖകൻ )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News