പ്രക്ഷോഭങ്ങൾ തുടരും;എല്ലാ പോരാട്ടങ്ങൾക്കും ഊർജമായി കൂത്തുപറമ്പ് രക്തസാക്ഷിത്വം എന്നും എക്കാലവും ജ്വലിച്ചുനിൽക്കും; എ എ റഹിം

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ‘ദേശാഭിമാനി’യിൽ എ‍ഴുതിയ അനുസ്മരണം.

ഇരുപത്തഞ്ച് വർഷത്തിനിടയിൽ ഇന്ത്യയുടെ രാഷ്ട്രീയ -സാമൂഹിക രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചു. 90കൾ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. നവലിബറൽ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം തിരിയുന്നതുമുതൽ രഥയാത്രയും ബാബ്‌റി മസ്ജിദ് തകർക്കലും അങ്ങനെ രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച തീരുമാനങ്ങളും രാഷ്ട്രീയനീക്കങ്ങളുംകൊണ്ട് നിർണായകമായിരുന്നു തൊണ്ണൂറുകളുടെ തുടക്കം.

നവലിബറൽ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യത്തെ നയിച്ച മൻമോഹൻസിങ്ങും കോൺഗ്രസും വരാനിരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെയും വികസനക്കുതിപ്പിന്റെയും ദിവസങ്ങളാണെന്ന് പ്രഖ്യാപിച്ചു. അന്തർദേശീയ ഉടമ്പടികളും പുത്തൻ സാമ്പത്തിക നയത്തിനാവശ്യമായ നിയമനിർമാണങ്ങളുംകൊണ്ട് സാമ്പത്തികമേഖലയുടെ അലകുംപിടിയും അവർ മാറ്റി. സർക്കാർ അതുവരെ നിർവഹിച്ചുവന്ന ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറി.

എല്ലാം വിപണിയുടെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുത്തു. കമ്പോളം എല്ലാം നിശ്ചയിച്ചു തുടങ്ങി. മറ്റേതൊരു വ്യവസായവുംപോലെ ഒന്നുമാത്രമാണ് വിദ്യാഭ്യാസം, മുതൽമുടക്കുന്നവന് ഇഷ്ടംപോലെ വില നിശ്ചയിക്കാനും ലാഭമുണ്ടാക്കാനും സ്വാതന്ത്ര്യമുള്ള സ്വതന്ത്രവാണിജ്യ മേഖലയായി ഈ നയം ഇന്ത്യൻ വിദ്യാഭ്യാസമേഖലയെ എത്തിച്ചു. കേരളം ഭരിച്ചുകൊണ്ടിരുന്ന യുഡിഎഫ് സർക്കാർ ഒരുപാധികളുമില്ലാതെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.

സാമൂഹ്യനീതിയും മെറിറ്റും സർക്കാർ നിയന്ത്രണവും ഒന്നുമില്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ആരംഭിക്കാൻ യുഡിഎഫ് കൂട്ടുനിന്നു. ഇതിനെതിരെ വിദ്യാർഥികളും യുവതി‐ യുവാക്കളും സമരമുഖത്തേക്കിറങ്ങി. പരിയാരത്ത് സ്വന്തം ഇഷ്ടക്കാരെയും ബന്ധുക്കളെയും മാത്രം ഉടമകളാക്കി സ്വാശ്രയ മെഡിക്കൽ കോളേജിന് അന്ന് മന്ത്രിയായിരുന്ന എം വി രാഘവൻ അനുമതി സമ്പാദിച്ചു. നാടിന്റെ സ്വത്ത് കൊള്ളയടിക്കാൻ, രാഷ്ട്രീയ സ്വാധീനവും രാജ്യത്ത് കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തികനയവും എം വി രാഘവന് തുണയായി.

കൂത്തുപറമ്പിലെ വിദ്യാർഥി, യുവജനപ്രതിഷേധവും തുടർന്നു നടന്ന വെടിവയ്‌പും ഈ പശ്ചാത്തലത്തിലാണ് സംഭവിച്ചത്. സംസ്ഥാനത്ത് ആരംഭിച്ച വിദ്യാർഥി സമരത്തെ യുഡിഎഫ് സർക്കാർ ദയാരഹിതമായി നേരിട്ടു. വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധിപേർക്ക് പൊലീസ് ഭീകരതയിൽ ഗുരുതരമായി പരിക്കേറ്റു. തെരുവുകളാകെ വിദ്യാർഥികളുടെ ചോരയൊഴുകിയ കാലം. ഡിവൈഎഫ്ഐയും സമരമുഖത്തേക്ക് വന്നു. മന്ത്രിമാർക്കെതിരെ സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം സംഘടന ആഹ്വാനം ചെയ്‌തു.

കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെയും കരിങ്കൊടി കാണിക്കാൻ ആയിരക്കണക്കിന് യുവാക്കളും വിദ്യാർഥികളും അണിനിരന്നു. കരിങ്കൊടികളുമായി കാത്തുനിന്നവർക്കുനേരെ യുഡിഎഫ് സർക്കാർ കരുതിവച്ചിരുന്നത് വെടിയുണ്ടകളായിരുന്നു. കെ കെ രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നിങ്ങനെ അഞ്ച്‌ ഡിവൈഎഫ്ഐ പ്രവർത്തകർ വെടിവയ്‌പിൽ കൊല്ലപ്പെട്ടു. വെടിയേറ്റ പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി, ഇതിഹാസമായി ഞങ്ങൾക്കരികിലുണ്ട്.

നവലിബറൽ, ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരെ ലോകത്തെവിടെയും ഇന്നും പ്രതിഷേധം തുടരുന്നുണ്ട്. ഇന്ത്യയിൽ വിവിധ ജനവിഭാഗങ്ങൾ കൂടുതൽ ശക്തമായ സമരമുഖത്താണിന്ന്. എന്നാൽ, ഈ നയത്തിനെതിരായ സമരത്തിലെ ഏറ്റവും ആദ്യത്തെ രക്തരൂഷിതമായ അധ്യായം എഴുതിച്ചേർത്തത് കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് എന്ന ഗ്രാമമാണ്. കൂത്തുപറമ്പ് കേവലമായ സ്ഥലനാമം മാത്രമല്ല, അഞ്ച് ധീരരായ ചെറുപ്പക്കാരുടെ രക്തസാക്ഷിത്വം നവലിബറൽ നയങ്ങൾക്കെതിരായ മഹാസമരങ്ങളിലെ ജ്വലിച്ചുനിൽക്കുന്ന ഏടാണ്.

കാൽനൂറ്റാണ്ട് കടന്നുപോകുമ്പോൾ മൻമോഹൻസിങ്ങും കോൺഗ്രസും പ്രവചിച്ച സാമ്പത്തിക വളർച്ചയിലേക്കും വികസനക്കുതിപ്പുള്ള ഇന്ത്യയിലേക്കുമല്ല നവലിബറൽ സാമ്പത്തിക നയങ്ങൾ രാജ്യത്തെ എത്തിച്ചത്. റിസർവ്‌ ബാങ്കിന്റെ കരുതൽ ധനംപോലുമെടുത്തു നിത്യവൃത്തി കഴിക്കേണ്ട ഗതികേടിലേക്കാണ്. 45 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന തൊഴിലില്ലായ്മയിലേക്ക് രാജ്യത്തെ എത്തിച്ചത് കോൺഗ്രസ് തൊണ്ണൂറുകളിൽ ആരംഭിച്ച സാമ്പത്തിക നയങ്ങളാണ്.

കാർഷികമേഖല തകർന്നു. ആത്മഹത്യ ചെയ്യുകയോ പലായനം ചെയ്യുകയോ ചെയ്‌ത ഇന്ത്യൻ കർഷകരുടെ കഥകളാണ് ഓരോ ഗ്രാമത്തിനും ഇന്ന് പറയാനുള്ളത്. പരമ്പരാഗതമേഖലയും പൊതുമേഖലയും സമ്പൂർണമായ തകർച്ചയ്‌ക്ക്‌ വിധേയമായി. കാർ ഫാക്ടറികളും കച്ചവടസ്ഥാപനങ്ങളും അടച്ചുപൂട്ടി. ഈ നയം അഭിവൃദ്ധിപ്പെടുത്തിയത് അതിസമ്പന്നരെ മാത്രമായിരുന്നു. അന്താരാഷ്ട്ര ഏജൻസിയായ ഓക്‌സ്‌ഫോമിന്റെ 2019ൽ പുറത്തിറങ്ങിയ വാർഷികപഠന റിപ്പോർട്ടുപ്രകാരം ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് 77.4 ശതമാനം സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഓരോ വർഷവും ശതകോടീശ്വരന്മാരുടെ സമ്പത്ത് അനിയന്ത്രിതമായി വർധിക്കുന്നു. പുതിയ ശതകോടീശ്വരന്മാർ സൃഷ്ടിക്കപ്പെടുന്നു. അവസാനത്തെവർഷം മാത്രം ഒരു ശതമാനം അതിസമ്പന്നരുടെ സമ്പത്തിൽ 36 ശതമാനം വളർച്ചയുണ്ടായതായി റിപ്പോർട്ട് സാക്ഷ്യപ്പെടത്തുന്നു. എന്നാൽ, ദരിദ്രരുടെ സമ്പത്തിന്റെ വളർച്ച മൂന്നു ശതമാനം മാത്രം!കോൺഗ്രസ് ആരംഭിക്കുകയും ബിജെപി ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്‌ത നവലിബറൽ സാമ്പത്തിക നയങ്ങൾ രാജ്യത്തെ അസമത്വങ്ങളുടെ താഴ്‌വരയാക്കി മാറ്റിയിരിക്കുന്നു.

പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിൽനിന്നും സർക്കാർ പിന്മാറുകയും സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതുകയും ചെയ്യുന്നതായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തിൽ നമ്മൾ കണ്ടതെങ്കിൽ, ഇന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാകെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജവാഹർലാൽ നെഹ്റു സർവകലാശാലയും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയും പഞ്ചാബ് യൂണിവേഴ്സിറ്റിയും ഉൾപ്പെടെ 61 ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സാമ്പത്തിക സ്വയംഭരണം അടിച്ചേൽപ്പിച്ചുകഴിഞ്ഞു. പ്രവർത്തിക്കാൻ സ്വന്തമായി പണം കണ്ടെത്തണ്ട സാഹചര്യമാണ് ഇന്ന് ഈ സർവകലാശാലകൾക്കുള്ളത്. ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നടക്കുന്ന ഐതിഹാസികമായ പ്രാക്ഷോഭം ഈ പശ്ചാത്തലത്തിലാണ് പൊട്ടിപ്പുറപ്പെട്ടത്.

കാൽനൂറ്റാണ്ടായി തങ്ങൾ പറയുന്നത് അബദ്ധമായിരുന്നുവെന്നും രാജ്യത്തെ അത് തകർത്തെന്നും കോൺഗ്രസോ ബിജെപിയോ ഇപ്പോഴും സമ്മതിക്കുന്നില്ല. രാജ്യത്താകെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉയർത്തിയ ആശങ്കകളും സമരങ്ങളും ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. കേരളത്തിൽ ഇടതുപക്ഷ സർക്കാർ ഈ സാമ്പത്തികനയത്തിന് ഭാവനാപൂർണമായ ഒരു ബദൽ സൃഷ്ടിക്കുന്നതും നമുക്ക് കാണാൻ കഴിയും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുജനാരോഗ്യകേന്ദ്രങ്ങളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നു.

പൊതുമേഖലയെ ശക്തിപ്പെടുത്തുന്നു. കേന്ദ്ര സർക്കാർ വിൽക്കാൻ വിലയിട്ടുവയ്‌ക്കുന്ന സ്ഥാപനങ്ങൾപോലും ഏറ്റെടുക്കാനുള്ള രാഷ്ടീയ ഇച്ഛാശക്തി പിണറായി സർക്കാർ പ്രകടിപ്പിക്കുന്നു. പരമ്പരാഗത -തൊഴിൽമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നു. അടിസ്ഥാനസൗകര്യ വികസനത്തിൽ വിപ്ലവകരമായ കുതിച്ചുചാട്ടം. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഫലപ്രദമായ ജനപക്ഷ ബദൽ സൃഷ്ടിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ രാജ്യത്ത് ബദൽ മാതൃകയാണ്.പ്രക്ഷോഭത്തിലും പ്രയോഗത്തിലും ബദൽമുഖം തീർത്തത് ഇടതുപക്ഷം മാത്രമാണ്. വലതുപക്ഷം ഈ നിമിഷവും തുടരുന്നത് അസമത്വം സൃഷ്ടിച്ച നവലിബറൽ സാമ്പത്തിക നയങ്ങൾക്കൊപ്പമാണ്.

‘ഇടതുപക്ഷമാണ് ശരി’ എന്ന മുദ്രാവാക്യം കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 25–-ാമത് വാർഷികത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ ഉയർത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും വൻ യുവജന റാലികൾ നടക്കും. അവയവദാനം, രക്തദാനം, പെൺകരുത്ത് എന്നപേരിൽ നടത്തിയ വൻ യുവതീസംഗമം, സ്‌കൂൾ ഏറ്റെടുക്കൽ, പോരാളികളുടെ സംഗമം, സർക്കാർ ആശുപത്രി നവീകരണം, വിവിധ കായികമത്സരങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങളിലൂടെയും സന്നദ്ധപ്രവർത്തനങ്ങളിലൂടെയും 25–-ാമത് കൂത്തുപറമ്പ് രക്തസാക്ഷിദിനം കണ്ണൂർ ജില്ലയിലും സംസ്ഥാനത്താകെയും ഡിവൈഎഫ്ഐ പ്രവർത്തകർ ആചരിക്കുകയാണ്.

രക്തസാക്ഷിത്വം എക്കാലവും പൊരുതാനുള്ള ഊർജമാണ്. വികലമായ സാമ്പത്തിക നയങ്ങൾക്കെതിരെ ഇനിയും ലോകത്തെവിടെയും പ്രക്ഷോഭങ്ങൾ തുടരും. കർഷകരുടെയും തൊഴിലാളികളുടെയും യുവതി-–-യുവാക്കളുടെയും വിദ്യാർഥികളുടെയുമെല്ലാം മഹാസമരങ്ങൾ രാജ്യത്തിന്റെ തെരുവുകൾ കീഴടക്കും. എല്ലാ പോരാട്ടങ്ങൾക്കും ഊർജമായി കൂത്തുപറമ്പ് രക്തസാക്ഷിത്വം എന്നും എക്കാലവും ജ്വലിച്ചുനിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News