മഹാരാഷ്ട്ര കേസില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ 10.30ന്‌; ഗവര്‍ണറുടെ വസതിയിലല്ല, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്, ത്രികക്ഷി സഖ്യം ഗവര്‍ണറെ കണ്ടു; 162 എംഎല്‍എമാരുടെ പിന്തുണ കത്ത് കൈമാറി

ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. നാളെ 10.30ന് വിധി പറയും.

ഒന്നര മണിക്കൂര്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് നാളെ വിധി പറയാനായി കേസ് കോടതി മാറ്റിയത്. ജസ്റ്റിസ് എന്‍.വി.രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഗവര്‍ണറുടെ വസതിയിലല്ല, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വാദത്തിനിടെ വ്യക്തമാക്കി. വിശ്വാസം തെളിയിക്കേണ്ട സമയം കോടതിക്ക് വിടൂവെന്ന് ജസ്റ്റിസ് രമണയും വ്യക്തമാക്കി. 24 മണിക്കൂറിനകം ഫഡ്‌നാവിസ് സര്‍ക്കാര്‍ വിശ്വാസം തേടണമെന്ന് ത്രികക്ഷി സഖ്യത്തിനു വേണ്ടി ഹാജരായ കപില്‍ സിബലും അഭിഷേക് സിംഗ്വിയും വാദിച്ചു. 54 പേരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി അജിത് പവാര്‍ ഹാജരാക്കിയ കത്ത് വ്യാജ കത്താണെന്ന് അഭിഷേക് സിംഗ്വി കോടതിയില്‍ വ്യക്തമാക്കി.

എന്‍.സി.പി കക്ഷി നേതാവായ അജിത് പവാര്‍ നല്‍കിയ പിന്തുണ കത്തിന്റെ അടിസ്ഥാനത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചതെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി സോളിസിറ്റര്‍ തുഷാര്‍ മേത്ത വാദിച്ചു.

ഇപ്പോഴത്തെ പ്രശ്‌നം മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഭൂരിപക്ഷം ഉണ്ടോ എന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വാദിച്ചു. അത് വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണം. വിശ്വസ വോട്ടെടുപ്പ് നടത്തണം. പക്ഷെ അത് ഇത്ര ദിവസത്തിനുള്ളിലെന്ന് നിര്‍ദേശിക്കാനാവില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന കോടതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് കൈമാറി. അജിത് പവാര്‍ നല്‍കിയ കത്തില്‍ 54 എംഎല്‍എമാരുടെ ഒപ്പുണ്ട്. 170 പേരുടെ പിന്തുണയുള്ളതുകൊണ്ടാണ് ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കത്തില്‍ താനാണ് എന്‍സിപി നിയമസഭാ കക്ഷി നേതാവെന്ന് അജിത് പവാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിനൊപ്പം എന്‍സിപി എംഎല്‍എമാരുടെ ഒപ്പോട് കൂടിയുള്ള കത്തും കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ രുപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം ശരിയാണെന്നും ബിജെപിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു.

ഇതിനിടെ താന്‍ എന്‍സിപിയില്‍ തന്നെയാണെന്ന് അജിത് പവാര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം താന്‍ തീര്‍ത്തുകൊള്ളാമെന്നും എന്നാല്‍ ഈ ഹര്‍ജി ഇന്ന് അവസാനിപ്പിക്കണമെന്നും അജിത് പവാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News