പ്രാര്‍ത്ഥനകളോടെ തര്‍ക്കോവ്‌സ്‌കി; ആഴമില്ലാതെ ബൊലുവാന്‍ ഷോളാക്ക്; കമ്മ്യൂണിസ്റ്റ് വിരുദ്ധ കോമഡിയാട്ടമായി കോമ്രേഡ് ഡ്രാക്കുള

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള അരനൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമപ്പുറം ലോക ചലച്ചിത്രകലയിലെ ചില അല്‍ഭുതങ്ങള്‍ കൂടി മേളപ്രേമികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കാണും. എന്നാല്‍ സംഭവിച്ചതെന്താണ്? ചലച്ചിത്ര മേള മധ്യഘട്ടം കടന്നു പോയിട്ടും അല്‍ഭുതങ്ങളൊന്നും എടുത്തു പറയാനില്ലെന്ന് മാത്രമല്ല ഒരു തരം മന്ദതാളത്തിലാണ് ഇത്തവണ മേളയുടെ സഞ്ചാരം പോലും. സിനിമകള്‍ ഓരോന്നായി നിരാശപ്പെടുത്തി തുടങ്ങിയതോടെ ഗോവയിലെ തനത് ആനന്ദങ്ങളിലേക്കും ലഹരിയിലേക്കും മനസ്സു മാറ്റാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കാണികള്‍.

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണ് ഗോവയിലേത്. ലോകത്തിലെ തന്നെ എണ്ണപ്പെട്ട മേളകളിലൊന്നുമാണ്. ഏറ്റവും വലിയ പുരസ്‌കാരത്തുക കൂടി നല്‍കുന്ന മേള. ഇന്ത്യയുടെ മേളച്ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയ വര്‍ഷവുമാണിത്. എന്നിട്ടും തെരഞ്ഞെടുപ്പുകളില്‍ എവിടെയാണ് പിഴച്ചത്? അല്ല, പിന്നില്‍ അന്താരാഷ്ട്ര രാഷ്ട്രീയ അജണ്ടയോ? ഇത്തവണ ഗോവാ ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര പങ്കാളിയായ രാജ്യം പുടിന്റെ റഷ്യയാണ്. അതു കൊണ്ട് തന്നെ റഷ്യന്‍ സിനിമയുടെ സമ്പന്ന ഭൂത- വര്‍ത്തമാനങ്ങളിലൂടെയുള്ള ഒരു സഞ്ചാരം എല്ലാവരും പ്രതീക്ഷിച്ചു. ഭൂതകാലം എന്നാല്‍ ശരി തന്നെ. പക്ഷേ വര്‍ത്തമാനം ഇപ്പോഴും ‘സോവിയറ്റ് പീഡന കാലം’ എന്ന അമേരിക്കന്‍ അജണ്ടയുടെ തെറ്റിയ ആലാപനം മാത്രമോ?!

റഷ്യയിലെ തന്നെ ഫാസിസ്റ്റ് വിരുദ്ധ സിനിമകളുടെ നീണ്ട നിര വര്‍ത്തമാനകാല ചലനങ്ങളെ ഈ മേള എവിടെയും രേഖപ്പെടുത്തുന്നില്ല എന്നതാണ് അല്‍ഭുതം. രണ്ടാം ലോകയുദ്ധത്തിലെ ഫാസിസ്റ്റ് വിരുദ്ധ സോവിയറ്റ് പോരാട്ടങ്ങളെ അനുസ്മരിച്ച് സ്വന്തം വേരുകളിലേക്ക് മടങ്ങിപ്പോകാന്‍ വെമ്പല്‍ കാണിക്കുന്ന ചലച്ചിത്ര ശ്രമങ്ങള്‍ ഇക്കാലങ്ങളില്‍ തന്നെ എത്രയോ റഷ്യയില്‍ ഉണ്ടായിട്ടുള്ളതുമാണ്. ഹിറ്റ്‌ലര്‍ക്കും മുസോളിനിക്കുമെതിരെ ആവര്‍ത്തിച്ച് ശബ്ദിച്ച് ചരിത്രത്തിലേക്ക് ഊളിയിടുന്ന സിനിമകളുടെ ആ വര്‍ത്തമാനകാല വായനകളെയെല്ലാം പൂര്‍ണ്ണമായി തിരസ്‌കരിച്ച് , സോവിയറ്റ് വിരുദ്ധ കാഴ്ചകളെ തന്നെ ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നതിന്റെ അജണ്ട ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടും യാദൃശ്ചികമാണെന്ന് കരുതേണ്ട. ഒട്ടും നിഷ്പക്ഷവും നിഷ്‌കളങ്കവുമല്ല ആ തെരഞ്ഞെടുപ്പ്.

പഴയ സോവിയറ്റ് റിപ്പബ്ലിക്കായ കസാക്കിസ്ഥാനില്‍ നിന്നും വന്ന ബൊലുവാന്‍ ഷൊലാക്ക് എന്ന സിനിമ സാറിസ്റ്റ് ഭരണത്തിനെതിരെ ഗറില്ലാ പോരാട്ടങ്ങള്‍ നയിച്ച ഒരു വീരനായകന്റെ യഥാര്‍ത്ഥ ജീവിത കഥയാണ്. ഏറ്റവും വിമോചനാത്മകമായൊരു പ്രമേയം എന്നാല്‍ ഹോളിവുഡ് ശൈലിയിലുള്ള അതിന്റെ പരിചരണം കൊണ്ട് സ്വയം റദ്ദാക്കുന്ന ഒരു ചലച്ചിത്രമായിപ്പോയി. മഞ്ഞും മലകളും കസാക്കിസ്ഥാനിലെ ഗ്രാമങ്ങളും മനുഷ്യരുമെല്ലാമായി കാഴ്ചയ്ക്ക് സുഖം തരുന്നുവെങ്കിലും ഈ സിനിമ ഒട്ടും കഥാപുരുഷന്റെ ജീവിതത്തോട് പോലും നീതി പുലര്‍ത്തുന്നില്ല.

കസാഖിസ്ഥാനിലെ ഒരു ഗ്രാമത്തിലെ കവിയും ഗായകനും ഫയല്‍വാനുമാണ് ബൊളുവാന്‍ ഷൊളാക്ക്. 1918 ലാണ് അദ്ദേഹം അന്തരിച്ചത്. ബൊളുവാന്‍ ഷൊളാക്കിന്റെ വിരലുകള്‍ കുട്ടിക്കാലത്ത് ചെന്നായ കടിച്ചെടുത്തതാണ്. ഗ്രാമത്തിന്റെ ദേശീയ വിനോദമായ ഗുസ്തിയില്‍ ബൊലുവാനെ വെല്ലാന്‍ മറ്റൊരാളില്ല. ഗ്രാമത്തെ കുടിയൊഴിപ്പിക്കാനുള്ള സര്‍ ഭരണാധികാരിയുടെ ഉത്തരവിന് വിലങ്ങുതടി വീരനായ ബൊലുവാന്‍ മാത്രമാണ്. എതിര്‍ത്ത് നിന്ന ഗ്രാമത്തെ തകര്‍ത്ത് ജനതയെ തടവിലിട്ടും കുടിയൊഴിപ്പിച്ചും ഉത്തരവ് സാധിച്ചെടുത്ത സാര്‍ രാജാവിനെതിരെ ബൊലുവാനും സുഹൃത്തും ഒളിവിലിരുന്ന് പോരാട്ടം നയിച്ച് വിജയിക്കുന്നതും അതിന്റെ യുദ്ധവും പ്രണയവുമെല്ലാമാണ് സിനിമ. സര്‍ ഭീകരതക്കെതിരായ പൊതുവായ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളിലേക്ക് നയിക്കാന്‍ അടിത്തറ ഇങ്ങനെ ഓരോരോ ഗ്രാമീണ വീരഗാഥകളാണെന്ന് ലെനിന്‍ തന്നെ എഴുതിയിട്ടുണ്ട്. എന്നാല്‍ സിനിമ അതിന്റെ ചരിത്രപരതയിലേക്ക് ഇറങ്ങുന്നേയില്ല. പകരം വെറുമൊരു നായക വിജയകഥയായി ത്രില്ലടിപ്പിച്ച് തീരുകയാണ്.

ലോക സിനിമയുടെ എക്കാലത്തേക്കുള്ള മാസ്റ്റര്‍ പീസുകളാണ് റഷ്യന്‍ സംവിധായകനായ ആന്ദ്രേ തര്‍ക്കോ വിസ്‌കിയുടെ സിനിമകള്‍. തര്‍ക്കോവിസ്‌കിയെക്കുറിച്ച് അദ്ദേഹത്തിന്റെ മകന്‍ ആന്ദ്രേ എ. തര്‍ക്കോ വിസ്‌കി സംവിധാനം ചെയ്ത ‘ആന്ദ്രേ തര്‍ക്കോ വിസ്‌കി- എ സിനിമ പ്രയര്‍’ മഹാനായ ആ കലാകാരന്റെ ജീവിതവും കാഴ്ചപ്പാടും ആഴത്തില്‍ ആവിഷകരിക്കുന്ന രചനയാണ്. തര്‍ക്കോ വിസ്‌കിയുടെ എല്ലാ രചനകളും അയാളുടെ ജീവിതത്തില്‍ ചീന്തിയെടുത്ത ഓരോ ഏടുകളായാണ് സിനിമ ആവിഷകരിക്കുന്നത്. തര്‍ക്കോവിസ്‌കിയുടെ സ്വപ്ന സമാനമായ സിനിമകളും സിനിമാറ്റിക്ക് ഇമാജറികളുമെല്ലാം അദ്ദേഹത്തിന്റെ അപൂര്‍വമായ ഓഡിയോ റിക്കാര്‍ഡിംഗിലൂടെ ഇഴകീറിയെടുത്തുകാട്ടുന്നത് അതി മനോഹരമാണ്. കലയെക്കുറിച്ചുള്ള കാഴ്ചപ്പാട്, കലാകാരന്റെ ഭാഗധേയം, മനുഷ്യ അസ്തിത്വത്തിന്റെ അര്‍ത്ഥം എന്നിവയെക്കുറിച്ചെല്ലാം തര്‍ക്കോ വിസ്‌കി സംസാരിക്കുന്നുണ്ട്. അച്ഛനും മകനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധത്തിലൂടെയാണ് സിനിമ വികസിക്കുന്നത്.
സംവിധായകന്റെ സിനിമയില്‍ നിന്നുള്ള ജീവിത ഭാഗങ്ങള്‍, അപൂര്‍വ ഫോട്ടോകള്‍, വീഡിയോകള്‍, തര്‍കോവ്‌സ്‌കി താമസിച്ചിരുന്ന സ്ഥലങ്ങളില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ റഷ്യ-സ്വീഡന്‍-ഇറ്റലി വാസങ്ങള്‍ എല്ലാം തുറന്നു കാട്ടപ്പെടുന്നു.

ഒരു ലോക സിനിമാ പ്രസ്ഥാനം തന്നെയായ തര്‍ക്കോവ്‌സ്‌കിയെ വിശദീകരിച്ച് നിരവധി സിനിമകളും പഠനങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ തര്‍ക്കോവ്‌സ്‌കി തന്നെ അതിനെക്കുറിച്ച് എന്താണ് ചിന്തിച്ചത്? അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളുടെ സൃഷ്ടിയില്‍ അദ്ദേഹത്തെ നയിച്ച തത്ത്വങ്ങള്‍ എന്താണ്? അതിന്റെ പ്രചോദനം എവിടെ നിന്നാണ്? അദ്ദേഹം എന്താണ് ജീവിച്ചത്, എങ്ങനെയാണ് ആശയവിനിമയം നടത്തിയത് ? അനുഭവിച്ച അവഗണനകള്‍ എന്തൊക്കെ? അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ വീണ്ടും കേള്‍ക്കാന്‍ കഴിയുമോ?-
ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ഈ സിനിമ. ഒപ്പം മഹാനായ അച്ഛന് മകന്‍ നല്‍കുന്ന സ്‌നേഹവും പ്രണാമവുമെന്ന അര്‍ത്ഥത്തില്‍ വേറൊരു തരം വൈകാരിക മാനവും ഈ സിനിമക്കുണ്ട്.

മാര്‍ത്ത മെസാറിസിന്റെ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ ഹംഗറിയില്‍ നിന്ന് ഇനിയും എന്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ദുരന്ത കഥകളാണ് കേള്‍ക്കാനുള്ളതെന്ന് ചോദിച്ചേക്കും. എന്നാല്‍ മാര്‍ക്ക് ബോഡ്‌സാറിന്റെ കോമ്രേഡ് ഡ്രാക്കുള അതേ പ്രമേയത്തിലുള്ള ഒരു ന്യൂജനറേഷന്‍ ചലച്ചിത്രവും ന്യൂ ജനറേഷന്‍ ആവിഷ്‌കാരവുമാണ്. അത്യന്തം സറ്റയറിക്കലായ ആ സിനിമയുടെ അവിഷ്‌കാരം രസകരമാണ്. ആദ്യന്തം മടുപ്പില്ലാതെ കണ്ടിരിക്കും. കൈയ്യടിപ്പിക്കും. പക്ഷേ, പങ്കുവെക്കുന്ന ആഗോള സാമ്രാജ്യത്വ രാഷ്ട്രീയമാണ് അതിലെ അപകടം. സകല മനുഷ്യരും സംശയത്തിന്റെ നിരീക്ഷണത്തിലാണെന്ന ലോക ഉത്കണ്ഠ കമ്മ്യൂണിസ്റ്റ് കാലത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച് സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ചിരിപ്പിക്കാനുള്ള അര്‍ത്ഥത്തിലെന്ന മട്ടില്‍ ഏറ്റവും നിന്ദ്യമായ രീതിയിലാണ് ലെനിനെയും സോവിയറ്റ് യൂനിയനെയും ക്യൂബയെയും ഫിദലിനെയും വിയറ്റ്‌നാമിനെയുമെല്ലാം ഈ ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ലോകത്ത് കമ്മ്യൂണിസം ഒരു ‘ഭൂത’മേ അല്ലാതായിരിക്കുന്ന കാലത്തും കമ്മ്യൂ ണിസം തന്നെ വീണ്ടും വീണ്ടും ലോകസിനിമയില്‍ പ്രതിയോഗിവത്കരിക്കപ്പെടുകയാണെന്നത് എങ്ങനെയാണ്? എല്ലാ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സാധ്യതകളെയും അടച്ചിടാനുള്ള ആസൂത്രിത മൂലധന സാമ്രാജ്യത്വ നീക്കമാണ് അതിനിവിടെ സിനിമാ വേഷം കെട്ടിക്കുന്നതെന്ന് നിശ്ചയം.

ആന്ദ്രേ ലാന്റസ് സംവിധാനം ചെയ്ത ‘മോനോസ്’ കംബോഡിയയയിലെ എട്ട് കുട്ടി ഗറില്ലാ പോരാളികളുടെ ജീവിതവും ഏറ്റുമുട്ടലുകളുമാണ് പ്രതിപാദിക്കുന്നത്. നമ്മുടെ കാഴ്ചാ ശീലകളെ അടിമുടി അട്ടിമറിക്കുന്ന ഈ സിനിമ ആ അര്‍ത്ഥത്തില്‍ ശക്തവും പുതുമയുള്ളതുമായ ഒരു ആവിഷ്‌കാരമാണ്. യാഥാര്‍ത്ഥ്യത്തിന്റെയും സ്വപ്നത്തിന്റെയും ഇടയിലുള്ള വേറൊരു ഭാഷയിലാണ് ഈ സിനിമയുടെ സ്ഥലം കുടി കൊള്ളുന്നത്. ആകസ്മികമായ സീനുകള്‍ ഓരോന്നും ആഘാതമായാണ് അനുഭവിക്കുക. തല തിരിച്ചിട്ട പ്രതിപാദ്യങ്ങളുടെ ലോകമാണ് ഈ സിനിമ. ഗറില്ലാ സംഘങ്ങളുടെ അന്തശൈഥില്യമാണ് ഒറ്റവരിയില്‍ പറയാവുന്ന പ്രമേയമെങ്കിലും അനന്തമാണ് ഈ സിനിമയുടെ കാഴ്ചാ സാധ്യതകള്‍. വിശദീകരണ ക്ഷമമല്ലാത്ത ഒരത്ഭുത സിനിമ എന്ന് പറയാം.

മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നോര്‍വീജിയന്‍ ചിത്രം ഔട്ട് സ്റ്റീലിംഗ് ഹോര്‍സസ് മനോഹരവും കാവ്യാത്മകവുമാണ്. ബെര്‍ലിന്‍ മേളയില്‍ ഗോള്‍ഡണ്‍ ബെയര്‍ പുരസ്‌കാരം ലഭിച്ച ഈ ചിത്രത്തിന് ഗോവയിലും ഒരു പുരസ്‌കാര സാധ്യത കാണുന്നുണ്ട്. ചലച്ചിത്ര കലയുടെ ശുദ്ധമായ മനോഹാരിതകളെല്ലാം ഈ സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും ഒറ്റപ്പെടലും അതിജീവനവുമെല്ലാമായി ഒരു മനുഷ്യന്റെ ഓര്‍മ്മകളും വര്‍ത്തമാനവും കൂടിച്ചേര്‍ന്ന ഒരനുഭവ ഭൂഖണ്ഡമാണ് ഈ സിനിമ. 67കാരനായ ട്രോണ്ട് തന്റെ റിട്ടയര്‍മെന്റ് ജീവിതം ഏകാന്തമായി ആസ്വദിക്കുന്നിടത്താണ് കഥയുടെ തുടക്കം. അവിടെ അയാള്‍ ഒരു സുഹൃത്തിനെ കണ്ടെത്തുന്നു. തന്റെ കൗമാരജീവിതത്തെ ആ ഏകാന്തതയില്‍ അയാള്‍ ഓര്‍ത്തെടുക്കുന്നു. അതൊരു ഒഴിയാബാധയായി അയാളെ കീഴ്‌പ്പെടുത്തുന്നതുമാണ് കഥ. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ലോക സിനിമകളിലൊന്നാണ് ഔട്ട് സ്റ്റീലിംഗ് ഹോസസ്. ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിനും ഈ ചിത്രത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

ആന്ദ്രേ ഹോര്‍വാതിന്റെ ആസ്ട്രിയന്‍ ചിത്രം ലീലിയനും ഗോവ മേളയില്‍ വന്‍ പ്രേക്ഷക പ്രീതി ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ്. അതിജീവനത്തിനായുള്ള ഒരു കുടിയേറ്റക്കാരിയായ സ്ത്രീയുടെ ഒറ്റയ്ക്കുള്ള യാത്രയാണ് സിനിമ. അമേരിക്കയില്‍ നിന്നും മഞ്ഞുറഞ്ഞ അലാസ്‌കയിലുടെ ജന്മനാടായ റഷ്യയിലേക്കാണ് അവളുടെ യാത്ര. പതുക്കെ അവള്‍ അപ്രത്യക്ഷമാവുന്നതാണ് സിനിമ. ഈ വര്‍ഷം കാന്‍ മേളയിലും വലിയ കൈയ്യടി നേടിയ സിനിമകളില്‍ ഒന്നാണിത്. ജോര്‍ജ് ഓര്‍വലിന്റെ വിഖ്യാത കഥാപാത്രം മിസ്റ്റര്‍ ജോണ്‍സിനെ പുനരാവിഷ്‌കരിക്കുന്ന ആഗ്‌നെസ്‌ക ഹോളണ്ടിന്റെ മിസ്റ്റര്‍ ജോണ്‍സും ഈ മേളയില്‍ എടുത്തു പറയേണ്ടുന്ന ചിത്രമാണ്.

അധസ്ഥിതരുടെ എവിടെയും രേഖപ്പെടുത്താത്ത നിരന്തരമായ കുടിയൊഴിക്കലുകളുടെ ജീവിത കഥയാണ് ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍. ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന് ആദരമര്‍പ്പിച്ച് പ്രദര്‍ശിപ്പിച്ച ഈ ചിത്രം കൂടുതലും സംസാരിക്കുന്നത് ദൃശ്യങ്ങളിലൂടെയാണ്. ഭൂമിയിലെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരുടെ എവിടെയും വേരാഴ്ത്താനാവാത്ത യാത്രയാണ് കേരളത്തില്‍ നിന്ന് ഹിമാചലിലേക്കും അവിടെ നിന്ന് എങ്ങോട്ടെന്നില്ലാത്ത ഇടങ്ങളിലേക്കുമായി സിനിമ വലിയൊരു ചോദ്യചിഹ്നത്തില്‍ അവസാനിക്കുന്നത്.

ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച മനോജ് കാനയുടെ കെഞ്ചിര സംസാരിക്കുന്നത് ആദിവാസി പണിയ ഭാഷയാണ്. ആദിവാസികള്‍ക്ക് ‘വേണ്ടി’ സംസാരിക്കുകയല്ല ആദിവാസികള്‍ തന്നെ സംസാരിക്കുകയാണ് ഈ സിനിമയില്‍. ആദിവാസികള്‍ക്ക് വേണ്ടി ഇതുവരെയും നമ്മള്‍ സംസാരിച്ചും പ്രവര്‍ത്തിച്ചും കെട്ടിയുണ്ടാക്കിയ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്നു ഈ സിനിമ. ലോകസിനിമയോടൊപ്പം ചേര്‍ന്ന് മലയാളികളുടെയും ലോകങ്ങള്‍ അര്‍ത്ഥവത്താക്കപ്പെടുന്ന നിമിഷങ്ങളാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News