കെഎസ്ആർടിസി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് വരുമാനത്തിൽ ഇടിവ്

കെഎസ്ആർടിസി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് വരുമാനത്തിൽ ഇടിവ്. തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടുന്നതും ഇതിന്റെ മറവിലുള്ള സ്വകാര്യ വാഹനങ്ങളുടെ സമാന്തര സർവീസുമാണ് കെഎസ്ആർടിസിക്ക് തിരിച്ചടിയായത്. സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയതോടെ എസി ബസുകളെല്ലാം കാലിയായ അവസ്ഥയാണ്.

കെഎസ്ആർടിസി ബസുകൾക്ക് മാത്രം കഴിഞ്ഞ തവണ പ്രവേശനം അനുവദിച്ചതിനാൽ പ്രതിദിനം 50 ലക്ഷം രൂപ വരെ കളക്ഷൻ ലഭിച്ചിരുന്നു.

ഇത്തവണ നട തുറന്ന ആദ്യ ദിനത്തെ സർവീസിൽ 36 ലക്ഷം രൂപയായിരുന്ന വരുമാനം. ഇപ്പോഴത് 20 ലക്ഷം രൂപയിലേക്ക് ചുരുങ്ങി.

ശബരിമല സർവീസുകളിലൂടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന കെഎസ്ആർടിസിയുടെ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്.

പമ്പ- നിലയ്ക്കൽ റൂട്ടിൽ കെ എസ് ആർ ടി സി പ്രതിദിനം 800 ടിപ്പുകൾ നടത്തിയിരുന്നു. പക്ഷെ സ്വകാര്യ വാഹനങ്ങളുടെ തുടങ്ങിയതോടെ പാതയിൽ ഗതാഗത തടസം രൂക്ഷമാകുന്നത് ട്രിപ്പുകൾക്ക് തിരിച്ചടിയായിട്ടുണ്ട്.

ശബരിമല നട തുറക്കുമ്പോൾ തീർത്ഥാടകർക്കായി നോൺ എസി-എസി-ഇലക്ട്രിക് ഉൾപ്പെടെ 210 ബസുകളാണ് ഏർപ്പെടുത്തിയിരുന്നത്.

ആളില്ലാതായതോടെ 36 ബസുകളും 100 ജീവനക്കാരെയും അതത് ഡിപ്പോകളിലേക്ക് മടക്കി അയച്ചു. അതേ സമയം തിരക്കു വർധിച്ചാൽ ഉടനടി കൂടുതൽ ബസുകൾ നിലയ്ക്കലിൽ എത്തിക്കാനും കെഎസ്ആർടിസി സജ്ജമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News