അഭിമന്യു വധം: രണ്ടാം പ്രതി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമദ് ഷഹീം കീഴടങ്ങി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കീഴടങ്ങി.

എറണാകുളം ജെഎഫ‌്സിഎം–-2 കോടതിയിൽ കീഴടങ്ങിയ ഷഹീമിനെ അന്വേഷണസംഘം കസ‌്റ്റഡിയിൽ വാങ്ങി അറസ‌്റ്റ‌് രേഖപ്പെടുത്തി.

അഭിമന്യുവിന്റെ സുഹൃത്തായ അർജുനെ കുത്തിയത് മുഹമ്മദ് ഷഹീമായിരുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) ഇപ്പോഴും ഒളിവിലാണ്.

ഇരുവരെയും ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രാരംഭ വിചാരണനടപടി ആരംഭിച്ചു.

2018 ജൂലായ് രണ്ടിന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തിവീഴ‌്ത്തിയത‌്.

എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത‌് എന്നിവർക്കും കുത്തേറ്റു. നവാഗതരെ സ്വാഗതംചെയ‌്ത‌് എസ‌്എഫ‌്ഐ എഴുതിയ മതിൽ ക്യാമ്പസ‌് ഫ്രണ്ട‌് കൈയേറിയത‌് ചോദ്യം ചെയ്‌തതാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.

ഷഹീമിനെ വിശദമായി ചോദ്യം ചെയ്യുമെന്ന്‌ എസിപി എസ്‌ ടി സുരേഷ്‌ പറഞ്ഞു. അഞ്ചുദിവസമാണ്‌ കസ്‌റ്റഡി കാലാവധി. അഭിമന്യുവിനെ പിറകിൽനിന്നു പിടിച്ച‌ുനിർത്തി കുത്താൻ അവസരമൊരുക്കിയ ഒമ്പതാം പ്രതി പള്ളുരുത്തി സ്വദേശി ഷിഫാസ‌് (ചിപ്പു–- 23) കോടതിയിൽ കീഴടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here