ഭരണഘടനപോലും ചോദ്യം ചെയ്യപ്പെടുന്ന കാലത്തെ ഭരണഘടനാ ദിനാചരണം ഓര്‍മപ്പെടുത്തുന്നതെന്ത് ?

നവംബര്‍ 26 ലോകത്തെ എഴുതപ്പെട്ടതും എറ്റവും വലുതുമായ ഇന്ത്യന്‍ ഭരണഘടന ഭരണഘടനാ നിര്‍മാണസഭ അംഗീകരിച്ച ദിനം എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1949 നവംബര്‍ 26 നാണ് രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കപ്പെടുന്നത് 1950 ജനുവരി 26 ന് ഭരണഘടന പ്രാബല്യത്തില്‍ വരുകയും ചെയ്തു. ജനാധിപത്യ സംവിധാനത്തില്‍ മഹത്തായതും ഏറെ പ്രാധാന്യമുള്ളതുമായ ഭരണഘടന തന്നെയാണ് ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പിന് തന്നെ ആധാരം.

എന്നാല്‍ എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ ജനാധിപത്യ രാജ്യം 2019ല്‍ എത്തിനില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ സുപ്രീംകോടതിക്ക് രാജ്യത്തെ ഭരണാധികാരികളെ ഓര്‍മപ്പെടുത്തേണ്ടിവരുന്നു. ജനാധിപത്യ രാജ്യത്ത് മഹത്തായ ഗ്രന്ഥം ഭരണഘടന തന്നെയാണെന്ന്.

മുന്‍പില്ലാത്ത വിധം രാജ്യത്തിന്റെ ഭരണഘടനയും മുല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്താണ് നമ്മള്‍ 70-ാം ഭരണഘടനാ ദിനം ആഘോഷിക്കുന്നത്. ഭരണഘടനാധിഷ്ടിതമായി രൂപംകൊണ്ട ഒരു ഭരണ സംവിധാനം തന്നെ ഭരണഘടനയുടെ എല്ലാമൂല്യങ്ങളെയും കാറ്റില്‍പറത്തി ജനങ്ങളെയും ജനാധിപത്യത്തെയും നോക്കുകുത്തിയാക്കി രാജ്യത്ത് ഭരണം നടത്തുന്നത്.

അധികാരത്തിലേറി നാളുകള്‍ക്കകം മനുസ്മൃതിയാണ് രാജ്യത്തിന്റെ ഭരണഘടനയെന്ന രാജ്യംഭരിക്കുന്ന കക്ഷിയുടെ നേതാവിന്റെ പ്രസ്ഥാവനയെ നിസാരമായി കണ്ട ജനതയ്ക്ക് മുന്നില്‍ മനുസ്മൃതിയിലേക്ക് തന്നെയാണ് തങ്ങള്‍ നടക്കുന്നതെന്ന് വിളിച്ചുപറയുന്ന പ്രവൃത്തികളാണ് രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇന്ത്യന്‍ ഭരണഘടനയെയും പതാകയെയും ഇപ്പോഴും അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളെ ഭരണഘടനയുടെ പരമോന്നത സ്ഥാനങ്ങളില്‍ ഓരോയിടത്തും കൊണ്ടിരുത്തുകയെന്നതായിരുന്നു ആദ്യപടി ദീര്‍ഘവീക്ഷണമുള്ള ചില പ്രതിഷേധങ്ങളെ പക്ഷെ ഭൂരിപക്ഷത്തിന്റെ നിശബ്ദത ദുര്‍ബലപ്പെടുത്തിക്കളഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയത്തിന് വിത്തിടാന്‍ ഇന്ത്യന്‍ മണ്ണ് പാകമായിത്തുടങ്ങുന്നുവെന്ന് സംഘപരിവാരം മനസിലാക്കുന്നത് അവിടെ നിന്നുമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പരസ്യമായ ആക്രമണങ്ങളും കടന്ന് ഇന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനുമൊക്കെ നിയമപരിരക്ഷ നല്‍കുന്ന നിയമങ്ങളുടെ രൂപീകരണത്തില്‍വരെ എത്തിനില്‍ക്കുന്നു. യുഎപിഎ നിയമത്തിലെ പുതിയ ഭേദഗതി ഇതിന് എറ്റവും പുതിയ ഉദാഹരണമാണ്.

നിയമനിര്‍മാണ സംവിധാനത്തില്‍ മാത്രമല്ല ഭരണസംവിധാനങ്ങളിലും ബിജെപി ഭരണഘടനയെ നോക്കുകുത്തിയാക്കി നിര്‍ത്തുകയാണ് പുതിയ കാലത്ത്. ഓപ്പറേഷന്‍ ലോട്ടസ് എന്ന ഓമനപ്പേരില്‍ സംഘപരിവാര്‍ അകത്തളത്തിലൊരുങ്ങിയ രാഷ്ട്രീയ അസ്ലീലം ഏതാണ്ട് രാജ്യത്തിന്റെ ഭൂരിഭാഗം സംസ്ഥാനങ്ങളെയും വിഴുങ്ങിയിരിക്കുന്നു.

മഹാരാഷ്ട്ര അതിന്റെ സംസാരിക്കുന്ന ഉദാഹരണമാണ്. തെരഞ്ഞെടുപ്പിന് മുന്നെയുള്ള രാഷ്ട്രീയ സഖ്യധാരണകളൊക്കെയുംപാളി ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയായപ്പോള്‍ ബിജെപി മണിപവറും മസില്‍പവറും ഉപയോഗിച്ച് ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ ഇംഗിതത്തിനനുസരിച്ച് രാഷ്ട്രപതി ഭരണംപോലും പ്രഖ്യാപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ രാഷ്ട്രപതിയെന്ന രാജ്യത്തിന്റെ പരമോന്നത പദവിയെപ്പോലും രാഷ്ട്രീയ നാടകത്തിലെ കളിപ്പാവയാക്കുകയാണ്.

ഒറ്റരാത്രി ഇരുട്ടിവെളുത്തപ്പോള്‍ എല്ലാ രാഷ്ട്രീയ ചര്‍ച്ചകളെയും സഖ്യധാരണകളെയും അസ്ഥാനത്താക്കി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. കാശുകണ്ടപ്പോള്‍ നിലയും നിലപാടും മറന്ന സ്വന്തം എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ റിസോര്‍ട്ടുകള്‍ ബുക്കുചെയ്യേണ്ട ഗതികേടിലേക്ക് രാജ്യം ഭരിച്ച രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസും അധഃപതിച്ചിരിക്കുന്നു.

രാജ്യത്ത് അധികാരത്തിലെത്തിയതിന് പിന്നാലെ 2014 ല്‍ ജാര്‍ഖണ്ഡിലും, അരുണാചല്‍പ്രദേശിലും, മേഖാലയയിലും 2015ല്‍ ബിഹാറിലും, അസാമിലും 2016 ല്‍ ഉത്തരാഖണ്ഡിലും 2017ല്‍ ഗോവയിലും, ത്രിപുരയിലും മണിപ്പൂരിലും 2018ല്‍ കര്‍ണാടകയിലും എറ്റവും ഒടുവില്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലുമെല്ലാം ഓപ്പറേഷന്‍ ലോട്ടസ് എന്നപേരില്‍ നടക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണ്.

രൂപീകരിക്കപ്പെട്ട് ഏഴ്പതിറ്റാണ്ടിന് ശേഷം ഭരണഘടനയും അതിന്റെ മൂല്യങ്ങളും അന്തസത്തയും പോലും എറ്റവും അധികം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് എല്ലാ ഭരണഘടനാ സ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും രാഷ്ട്രീയ ഇംഗിതത്തിനായി ഉപോയിക്കുന്ന പുതിയ കാലത്ത് ഭരണഘടനയോടൊപ്പം നില്‍ക്കാന്‍, ഭരണഘടനയുടെ മൂല്യങ്ങളെയും അന്തസത്തെയെയും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളുടെയും രാഷ്ട്രീയത്തിന്റെയും ഭാഗമാകാന്‍, ഭരണഘടന ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉയര്‍ത്തുന്ന ചെറിയ പ്രതിരോധത്തിന്റെപോലും ഓരം ചേര്‍ന്ന് നില്‍ക്കാന്‍, ഭരണഘടനയ്ക്ക് മേലുള്ള എതിര്‍സ്വരങ്ങളെ മൗനംകൊണ്ടോ നിസംഗതകൊണ്ടോ സ്വയം ന്യായീകരിക്കില്ലെന്നുകൂടി പ്രഖ്യാപിക്കാനാണ് മഹത്തായതും എഴുതപ്പെട്ടവയില്‍ എറ്റവും വലുതുമായ ഭരണഘടനയുള്ള രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ കാലം നമ്മളോടോരോരുത്തരോടും ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News