കൂടത്തായി അന്നമ്മ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയെ ഇന്ന് താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

വ്യാജ ഒസ്യത്ത് കേസിൽ അറസ്റ്റിലായ കട്ടാങ്ങല്‍ സ്വദേശി മനോജിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. ഹർജിയിൽ താമരശേരി കോടതി ഇന്നലെ വിശദമായ വാദം കേട്ടിരുന്നു. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനകള്‍ പൂർത്തിയായ ശേഷം മനോജിനെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

ആല്‍ഫൈന്‍ വധക്കേസില്‍ പ്രജികുമാറിന്‍റെ ജാമ്യാപേക്ഷയും ഇന്ന് താമരശേരി കോടതി പരിഗണിക്കും. ടോം തോമസ് വധക്കേസില്‍ എം.എസ്. മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസിന്‍റെ അപേക്ഷയിലും കോടതി ഇന്ന് തീരുമാനം എടുക്കും.