ഭരണഘടന ആമുഖത്തിൽത്തന്നെ ഉയർത്തിപ്പിടിച്ച ചില അടിസ്ഥാനമൂല്യങ്ങളുണ്ട് – സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത; ഇത് ആ അർഥത്തിൽ ഉൾക്കൊള്ളുന്നതിന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾക്കുവരെ എപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാദിനസന്ദേശം:

ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകപങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. ഇരുനൂറുവർഷം നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് മോചനം കിട്ടിയശേഷം സമ്പുഷ്ടമായ ചർച്ചകളും ആശയവിനിമയവും നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ നടന്നു. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന രൂപീകൃതമായ ഫിലാഡെൽഫിയ കൺവൻഷനുശേഷം ലോകചരിത്രത്തിൽ അടയാളപ്പെട്ട ഒന്നാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലെ ചർച്ചകൾ.

സ്വാതന്ത്ര്യസമരത്തിൽ അന്തർലീനമായ രാഷ്ട്രീയ അവബോധം, ജനാധിപത്യസംസ്കാരം, സാമ്പത്തിക കൈയേറ്റങ്ങൾക്കെതിരായ വികാരം എന്നിവയെല്ലാം പല രീതിയിലും പല തോതിലും നമ്മുടെ ഭരണഘടനയിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഉയർന്നുവന്ന കർഷക‐ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളിലുംനിന്നുകൂടിയാണ് ഭരണഘടനാ നിർമാണസഭയിലേക്ക് ഈ മൂല്യങ്ങൾ കടന്നുവന്നത്.

വെസ്റ്റ് മിൻസ്റ്റർ സമ്പ്രദായത്തിലുള്ള പാർലമെന്ററി ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്തിട്ടുള്ളത്. എന്നാൽ, അധികാരവികേന്ദ്രീകരണത്തിനും സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾക്കുംവേണ്ടി സുദീർഘമായ സംവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും, വിശേഷിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നിയമനിർമാണ സഭകൾക്കും കോടതികൾക്കും അവരവരുടേതായ പങ്കുണ്ട്.

ഭരണഘടനാ ഭേദഗതികൾ പൗരാവകാശങ്ങളെ വെട്ടിച്ചുരുക്കുന്നതിലേക്ക് നീങ്ങിയപ്പോൾ കോടതി മുഖാന്തരം അതിനെതിരെ ശക്തമായ നിയമയുദ്ധം നടത്തിയതിന്റെ രേഖ ഇന്നും എ കെ ഗോപാലൻ വെഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന വിധിന്യായത്തിലൂടെ നിയമവിദ്യാർഥികൾ പഠിക്കുന്നുണ്ട്. കരുതൽ തടങ്കലിലൂടെ പൗരാവകാശലംഘനം നടത്തുന്നതിനെതിരെയായിരുന്നു ആ നിയമപോരാട്ടം. അന്ന് ഭൂരിപക്ഷവിധി എതിരായിരുന്നുവെങ്കിലും അഞ്ച് ദശാബ്ദങ്ങൾക്കുശേഷം സുപ്രീംകോടതി അന്നത്തെ ന്യൂനപക്ഷവിധിയായിരുന്നു ശരി എന്നു പറയുകയുണ്ടായി.

ജനാധിപത്യസംവിധാനങ്ങൾ അതേപടി നിലനിർത്തുന്നതിനുവേണ്ടി വീണ്ടും നിയമയുദ്ധങ്ങൾ പരമോന്നത കോടതിക്കു മുമ്പാകെ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തുപറയേണ്ട ഒരു നിയമയുദ്ധമാണ് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻവേണ്ടി നടന്ന എഡിഎം ജബൽപുർ വെഴ്സസ് ശിവകാന്ത് ശുക്ള എന്ന കേസ്.

ജീവിക്കാനുള്ള അവകാശം പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടുള്ള അടിയന്തരാവസ്ഥയിൽ നിലനിൽക്കില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ഈ ഭൂരിപക്ഷ വിധിയും ശരിയായിരുന്നില്ല എന്ന് പിന്നീട് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ജീവിക്കാനുള്ള അവകാശം അടിയന്തരാവസ്ഥയിൽപോലും നിഷേധിക്കാൻ കഴിയില്ല എന്ന ഭരണഘടനാഭേദഗതിയും പിൽക്കാലത്തുണ്ടായി.

നമ്മുടെ ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ പറഞ്ഞിട്ടുള്ള സാമ്പത്തികസമത്വത്തിനും അധികാര വികേന്ദ്രീകരണത്തിനും ശാസ്ത്രബോധത്തിനും പരിസ്ഥിതി അവബോധത്തിനുംവേണ്ടി നിരവധി സമരങ്ങളും കൂട്ടായ്മകളും നടന്നിട്ടുണ്ട്. നവംബർ 26 ഭരണഘടനാദിനമായി ആചരിക്കുന്ന ഈ വേളയിൽ പോലും ഭരണഘടനാമൂല്യങ്ങളെയും ഭരണഘടനയുടെ അന്തഃസത്തയെയും ഉയർത്തിപ്പിടിക്കുന്നതിന് പല രീതിയിലുള്ള സംവാദങ്ങളും സമരങ്ങളും നടക്കുന്നുണ്ട്.

ഭരണഘടനയിലെ വകുപ്പുകളെത്തന്നെ വളച്ചൊടിച്ചുകൊണ്ട് ജനാധിപത്യനിഷേധം പ്രാവർത്തികമാക്കിയ ഒരു അവസ്ഥയാണ് 19 മാസത്തെ അടിയന്തരാവസ്ഥ. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിടാനുള്ള 356–ാം വകുപ്പിനെ തുടരെ ദുരുപയോഗംചെയ്തതും ഈ അവസരത്തിൽ ഓർമിക്കേണ്ടതുണ്ട്. ഇതിനെല്ലാമെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയപ്രസ്ഥാനങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായി ചില സംരക്ഷണകവചങ്ങൾ സുപ്രീംകോടതി ഇക്കാര്യത്തിൽ ഒരുക്കിയിട്ടുമുണ്ട്.

നമ്മൾ ജനങ്ങൾ നമുക്കുവേണ്ടി നൽകിയ ഭരണഘടനയെ അതിന്റെ അന്തഃസത്ത പോകാതെ സംരക്ഷിക്കുന്നതിനുള്ള ചുമതല ഓരോ പൗരനും മുമ്പ് എന്നത്തെക്കാളും ഈ കാലത്ത് ഉണ്ട് എന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല.

നമ്മുടെ ജനാധിപത്യം സാമ്പത്തികസമത്വത്തിനും ലിംഗനീതിക്കും ജാതിവിവേചനമില്ലായ്മയ്ക്കും ശാസ്ത്രാവബോധത്തിനുംവേണ്ടിയുള്ള പാതയിൽ ഏറെ മുന്നേറേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങളുടെ പ്രചാരണവും അതിന്റെ ഉൾക്കൊള്ളലും ഈ മുന്നേറ്റത്തിന് ഏറെ സഹായകരമാകുന്ന ഒന്നാണ്.

മതവികാരങ്ങൾ ഇളക്കിവിടുന്ന രാഷ്ട്രീയവും ആൾക്കൂട്ട കൊലപാതകങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതുപോലെ നമ്മൾ ജനങ്ങൾ നമുക്കുവേണ്ടി നൽകിയ ഭരണഘടനയെ അതിന്റെ അന്തഃസത്ത പോകാതെ സംരക്ഷിക്കുന്നതിനുള്ള ചുമതല ഓരോ പൗരനും മുമ്പ് എന്നത്തെക്കാളും ഈ കാലത്ത് ഉണ്ട് എന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല. അതിനുള്ള ശക്തി പകരുന്നതാകട്ടെ ഈ ഭരണഘടനാ ദിനം.

ഭരണഘടന അതിന്റെ ആമുഖത്തിൽത്തന്നെ ഉയർത്തിപ്പിടിച്ച ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയാണവ. ഇവയെല്ലാം നമ്മുടെ റിപ്പബ്ലിക്കിന്റെ വിശേഷണങ്ങളായാണ് ചേർത്തിട്ടുള്ളത്. എന്നാൽ, ഇത് ആ അർഥത്തിൽ ഉൾക്കൊള്ളുന്നതിന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾക്കുവരെ എപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്.

“മതേതര റിപ്പബ്ലിക്’ എന്ന് ഭരണഘടനതന്നെ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കെ വർഗീയശക്തികളെയും മതനിരപേക്ഷശക്തികളെയും ഒരേപോലെ കണ്ടുകൂടാത്തതാണ്. മതേതരശക്തികളെ വർഗീയശക്തികളോട് താരതമ്യപ്പെടുത്തുന്നതുതന്നെ ഭരണഘടനാവിരുദ്ധമാണ്. മതനിരപേക്ഷതയെ ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ അതിനെ തകർക്കുകയും രാഷ്ട്രത്തെ ഛിദ്രീകരിക്കുകയും ചെയ്യാൻ ശ്രമിക്കുന്ന വർഗീയതയെ ഭരണഘടനാവിരുദ്ധമായിത്തന്നെയാണ് കാണേണ്ടത്. എന്നാൽ, അതിനു കഴിയുന്നുണ്ടോ?

സോഷ്യലിസ്റ്റ് എന്ന സങ്കൽപ്പമാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. അപ്പോൾ സോഷ്യലിസ്റ്റ് സങ്കൽപ്പത്തിൽനിന്നുള്ള പുറംതിരിഞ്ഞുപോകലുകളെ, പൊതുമേഖലാസ്ഥാപനങ്ങളെ തകർക്കുന്ന നീക്കങ്ങളെ ഭരണഘടനാനുസൃതമായ നടപടിയായി കാണാനാകുമോ? മുതലാളിത്തത്തിൽ അധിഷ്ഠിതമായ ഉദാരവൽക്കരണ, ആഗോളവൽക്കരണ, സ്വകാര്യവൽക്കരണനയങ്ങളെ ഈ സോഷ്യലിസ്റ്റ് സങ്കൽപ്പത്തിന്റെ വീക്ഷണത്തിൽ എങ്ങനെ ഭരണഘടനാനുസൃതമെന്നു കാണാനാകും?

സഭാതലത്തിൽ തെളിയേണ്ട ഭൂരിപക്ഷത്തെ സഭയ്ക്കുപുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്നതും അതിന് അധികാരസ്ഥാനങ്ങൾതന്നെ വഴിവയ്ക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു

“ജനാധിപത്യ റിപ്പബ്ലിക്’ എന്ന് അഭിമാനപൂർവം നാം വിശേഷിപ്പിക്കുമ്പോഴും ജനാധിപത്യത്തിന്റെ ഹത്യകൾ ഇവിടെ അങ്ങിങ്ങായി നടക്കുന്നു. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ 356–ാം വകുപ്പ് ഉപയോഗിച്ച് പുറത്താക്കിയതിന്റെ എത്ര ദൃഷ്ടാന്തങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. സഭാതലത്തിൽ തെളിയേണ്ട ഭൂരിപക്ഷത്തെ സഭയ്ക്കുപുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്നതും അതിന് അധികാരസ്ഥാനങ്ങൾതന്നെ വഴിവയ്ക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ നടപടികളുടെ പശ്ചാത്തലത്തിൽ ആലോചിക്കുമ്പോൾ “ജനാധിപത്യ’ എന്ന വിശേഷണം നമുക്ക് എത്രത്തോളം ചേരും എന്നതും ചിന്തനീയമാകുന്നു.

“പരമാധികാര’ എന്നതാണ് റിപ്പബ്ലിക്കിന് ഭരണഘടന നൽകുന്ന മറ്റൊരു വിശേഷണം. രാഷ്ട്രതാൽപ്പര്യത്തിനും ജനതാൽപ്പര്യത്തിനും വിരുദ്ധമായ കരാറുകൾ സാമ്പത്തികരംഗത്തുമുതൽ പ്രതിരോധരംഗത്തുവരെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവ നമ്മുടെ പരമാധികാരത്തിന് അനുഗുണമാണോ എന്നത് ചിന്തിക്കേണ്ടതുണ്ട്. സാമ്പത്തികപരമാധികാരം നഷ്ടപ്പെട്ടാൽ അടുത്ത പടിയായി നഷ്ടപ്പെടുക രാഷ്ട്രീയപരമാധികാരമാണ്. ഇത് സ്വാതന്ത്ര്യപൂർവ ഘട്ടത്തിൽ നാംതന്നെ അനുഭവിച്ചറിഞ്ഞ കാര്യമാണ്. എന്നിട്ടും സാമ്പത്തികപരമാധികാരത്തിൽ തുടരെ വിട്ടുവീഴ്ചചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. ഇത് എത്രത്തോളം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ് എന്നതും ആലോചിക്കേണ്ടതുണ്ട്.

ശാസ്ത്രയുക്തിക്ക് പരമപ്രാധാന്യമാണ് ഭരണഘടന കൽപ്പിക്കുന്നത്. എന്നാൽ, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരുന്നതും ശാസ്ത്രത്തെ ഐതിഹ്യംകൊണ്ടും ഊഹാപോഹംകൊണ്ടും പകരംവയ്ക്കുന്നതുമായ ഒരു പ്രക്രിയ അധികാരത്തിന്റെ ആഭിമുഖ്യത്തിൽത്തന്നെ ശക്തിപ്പെടുമ്പോൾ നമുക്ക് ഭരണഘടനയോട് നീതിപുലർത്താൻ എത്രത്തോളം കഴിയുന്നു എന്ന ചിന്ത വർധിച്ച പ്രസക്തിയാർജിക്കുന്നുണ്ട്.

ജാതീയമായ ഉച്ചനീചത്വങ്ങളും സാമ്പത്തികമായ അസമത്വങ്ങളും തുടച്ചുനീക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയും ഭരണഘടനയിലെ സങ്കൽപ്പങ്ങളിലേക്ക് നമുക്ക് ഉയരാനാകാതെപോകുന്നതിന്റെ ദൃഷ്ടാന്തമായി കാണേണ്ടതുണ്ട്. ഭരണഘടനാപിതാക്കൾക്ക് മനസ്സിലൊരു സ്വപ്നമുണ്ടായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള മഹത്തായ സ്വപ്നം. അത് സാക്ഷാൽക്കരിക്കുന്നതിൽ നമുക്ക് എത്രത്തോളം മുമ്പോട്ടുപോകാനായി എന്നത് ആലോചിക്കേണ്ടതുണ്ട്.

അക്ഷരത്തിന്റെ കിലുക്കം പോലും അപ്രാപ്യമായ നിലയിൽ ജനകോടികൾ കഴിയുമ്പോൾ, അന്നന്നത്തെ അന്നത്തിനുപോലും വകയില്ലാതെ വലിയൊരുവിഭാഗം വിഷമിക്കുമ്പോൾ, മനുഷ്യപദവിപോലും നിഷേധിക്കപ്പെട്ട് ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും ജാതിപ്രമാണിമാരാലും ഭൂപ്രമാണിമാരാലും വർഗീയവാദികളാലും നിഷ്ഠുരമായി അടിച്ചമർത്തപ്പെടുമ്പോൾ ഭരണഘടനാസ്വപ്നങ്ങൾ എത്രത്തോളം യാഥാർഥ്യമായി എന്ന ചോദ്യത്തിന് സവിശേഷമായ പ്രസക്തി കൈവരികയാണ്. ആ ചോദ്യം മുൻനിർത്തി സമൂഹമനസ്സിൽ അർഥവത്തായ ചർച്ചകൾ ഉണ്ടാകേണ്ടതുണ്ട്. അങ്ങനെയാണ് ഭരണഘടനാദിനത്തിന്റെ ആചരണം അർഥപൂർണമാകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News