വിനോദ്‌ നികോളെ എംഎൽഎ; ആര്‍ക്കും വിലയ്‌ക്കെടുക്കാനാകാത്ത ജനകീയന്‍

മഹാരാഷ്‌ട്രയിൽ കുതിരക്കച്ചവടം ഭയന്ന്‌ പാർട്ടികൾ എംഎൽഎമാരെ റിസോർട്ടിൽ ഒളിപ്പിക്കുമ്പോൾ സിപിഐ എം എംഎൽഎ വിനോദ്‌ നികോളെ ജനങ്ങൾക്കിടയിൽ സജീവം. കോൺഗ്രസ്‌–ശിവസേന–എൻസിപി എംഎൽഎമാരെ ഹോട്ടലുകളിൽ പാർപ്പിച്ച്‌ നേതാക്കൾ കാവലിരിക്കുമ്പോൾ വിനോദ്‌ ജനകീയസമരത്തിന്റെ മുന്നണിയിലാണ്‌.

കാലം തെറ്റിയെത്തിയ മഴയിൽ കൃഷി നശിച്ച കർഷകർക്ക്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ തിങ്കളാഴ്‌ച നടന്ന പ്രതിഷേധ റാലിക്ക്‌ വിനോദ്‌ നേതൃത്വം നൽകി. താനെ–പാൽഘർ ജില്ലകളിലെ ഏഴ്‌ തഹസിലുകളിൽ സിപിഐ എമ്മിന്റെയും അഖിലേന്ത്യാ കിസാൻസഭയുടെയും നേതൃത്വത്തിലാണ്‌ റാലി. ജനാധിപത്യസംവിധാനത്തെ അട്ടിമറിച്ച ബിജെപിയുടെ അധാർമിക പ്രവൃത്തികളെ തുറന്നുകാട്ടിയാണ്‌ വിനോദിന്റെ നേതൃത്വത്തിൽ റാലി നടന്നത്‌.

പട്ടികവർഗ സംവരണ മണ്ഡലമായ ദഹാനു മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്‌ എംഎൽഎ പാസ്‌കൽ ദനാരെയെ തകർത്താണ്‌ വിനോദ്‌ ജയിച്ചത്‌. 4742വോട്ടായിരുന്നു ഭൂരിപക്ഷം. വിനോദ്‌ നിക്കോളയെ മറ്റ്‌ എംഎൽഎമാർക്കൊപ്പം റിസോർട്ടിൽ താമസിപ്പിക്കണമെന്ന്‌ വിവിധ പാർടി നേതാക്കൾ അപേക്ഷിച്ചെന്ന്‌ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. സിപിഐ എം എംഎൽഎയ്‌ക്ക്‌ അത്തരം സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന്‌ വ്യക്തമാക്കി താനും വിനോദും ആ ആവശ്യം നിഷേധിച്ചു.

ദരിദ്ര ആദിവാസി കർഷക കുടുംബത്തിൽ പിറന്ന നികോളെ ദീർഘകാലം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 15 വർഷമായി സിപിഐ എമ്മിന്റെ മുഴുവൻസമയ പ്രവർത്തകനാണ്. മഹാരാഷ്‌ട്രയിലെ കർഷക ലോങ്‌ മാർച്ചിന്റെ മുന്നണിപ്പോരാളിയായിരുന്നു.

ചാക്കിട്ടുപിടിക്കാൻ കഴിയാത്ത ഒരു എംഎൽഎ മഹാരാഷ്‌ട്രയിലുണ്ടെന്ന്‌ വിനോദിനെക്കുറിച്ചുള്ള വാർത്തകൾ ദേശീയമാധ്യമങ്ങളടക്കം നൽകി. സോഷ്യൽ മീഡിയയിലും വിനോദിന്‌ അഭിനന്ദനപ്രവാഹമാണ്‌. ‘ ഞാൻ ഏക എംപിയായിരിക്കും. ഒരാളാണെങ്കിൽപോലും ബിജെപിക്കെതിരായി ആശയപരമായി പോരാടും.’സിപിഐ എമ്മിന്റെ ത്രിപുര എംപി ഝർണ ദാസിന്റെ വാക്കുകൾ വിനോദിനെ കാണുമ്പോൾ ഓർമ വരുന്നെന്ന്‌ സോഷ്യൽ മീഡിയയിൽ നിരവധിപേർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here