മഹാരാഷ്ട്ര; സുപ്രീംകോടതി വിധി അൽപ്പസമയത്തിനുള്ളിൽ; പിന്തുണ ഉറപ്പിച്ച് ത്രികക്ഷി സഖ്യം

മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ഇന്ന് പകൽ 10.30 ന്‌ ഉത്തരവിടും.

സർക്കാർ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ സമർപ്പിച്ച കത്തും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച്‌ ഗവർണർ നൽകിയ കത്തും പരിശോധിച്ചാണ്‌ വിധി പറയുന്നത്‌ മാറ്റിയത്‌.

ജസ്‌റ്റിസുമാരായ എൻ വി രമണ, അശോക്‌ ഭൂഷൺ, സഞ്‌ജീവ്‌ ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച്‌ തിങ്കളാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾത്തന്നെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത കത്തുകൾ ഹാജരാക്കി.

ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത്‌ സിങ്‌ കോഷിയാരി ശനിയാഴ്‌ചവരെയാണ്‌ ബിജെപിക്ക്‌ സമയം അനുവദിച്ചത്‌. ഗവർണർ എല്ലാവർക്കും അവസരം നൽകിയ ശേഷമാണ്‌ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതെന്ന്‌ ഫഡ്‌നാവിസിനായി ഹാജരായ മുകുൽ റോത്തഗി പറഞ്ഞു. അജിത്‌ പവാർ തന്നെയാണ്‌ എൻസിപിയെന്നും നിയമസഭാകക്ഷി നേതാവെന്ന നിലയിലാണ്‌ പ്രവർത്തിച്ചതെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ മനീന്ദർ സിങ്‌ വാദിച്ചു.


സർക്കാരിന്‌ 170 എംഎൽഎമാരുടെ പിന്തുണ

അജിത്‌ പവാർ നൽകിയ കത്തിൽ 54 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന്‌ -ഗവർണറുടെ സെക്രട്ടറിക്കുവേണ്ടി ഹാജായ തുഷാർ മെഹ്‌ത വാദിച്ചു. 170 എംഎൽഎമാരുടെ പിന്തുണ ബോധ്യപ്പെട്ടതിനെ തുടർന്നാണ്‌ സർക്കാർ രൂപീകരണത്തിന്‌ ക്ഷണിച്ചത്‌. ആഴത്തിലുള്ള പരിശോധനയ്‌ക്ക്‌ സമയമുണ്ടായില്ല. ഗവർണറുടെ വിവേചനാധികാരം ചോദ്യംചെയ്യാനാകില്ല. വിശ്വാസ വോട്ടെടുപ്പ്‌ ഗവർണർ തീരുമാനിച്ചപ്രകാരം മതി.

ത്രികക്ഷി സഖ്യത്തിന്‌ 154 പേരുടെ പിന്തുണ

ത്രികക്ഷി സഖ്യത്തിന്‌ 154 എംഎൽഎമാർ പിന്തുണച്ചുള്ള സത്യവാങ്‌മൂലം സമർപ്പിച്ചിട്ടുണ്ടെന്ന്‌ ശിവസേനയ്‌ക്കായി കപിൽ സിബൽ പറഞ്ഞു. അജിത്‌ പവാറിന്റെ അവകാശവാദം തെറ്റാണ്‌. നിയമസഭാകക്ഷി നേതാവിനെ നിശ്ചയിച്ച്‌ 54 എൻസിപി എംഎൽഎമാർ ഒപ്പിട്ട കത്താണ്‌ ഹാജരാക്കിയിരിക്കുന്നതെന്ന്‌ എൻസിപിക്ക്‌ ഹാജരായ മനു അഭിഷേക്‌ സിങ്‌വി ചൂണ്ടിക്കാട്ടി. ഈ കത്തിൽ എവിടെയും ബിജെപിയെ പിന്തുണയ്‌ക്കുന്നതായി പറയുന്നില്ല –- സിങ്‌വി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News