അധികാരം പങ്കിടാനുള്ള തീരുമാനം വ്യക്തിപരം; അജിത്‌ പവാറിന് പിന്നിൽ താനല്ലെന്ന് ആവർത്തിച്ച്‌ ശരദ്‌ പവാർ

ബിജെപിയുമായി നീക്കുപോക്കുണ്ടാക്കിയ അജിത്‌ പവാറിന്റെ നീക്കങ്ങൾക്കു പിന്നിൽ താനല്ലെന്ന് ആവർത്തിച്ച്‌ ശരദ്‌ പവാർ. ബിജെപിയുമായി അധികാരം പങ്കിടാനുള്ള അജിത്‌ പവാറിന്റെ തീരുമാനം വ്യക്തിപരമാണ്‌.

അത്‌ പാർടി തീരുമാനമല്ല, തങ്ങൾ അംഗീകരിക്കുന്നുമില്ല. ശിവസേന–കോൺഗ്രസ്‌– എൻസിപി സഖ്യസർക്കാർ മഹാരാഷ്ട്രയിൽ നിലവിൽവരുമെന്നും സത്താര ജില്ലയിലെ കാരാഡിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അജിത്‌ പവാർ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ്‌ മഹാരാഷ്‌ട്രയിൽ സഖ്യസർക്കാരുണ്ടാക്കാൻ തീരുമാനിച്ചത്‌. അതിൽനിന്ന്‌ പിന്മാറിയത്‌ അജിത്തിന്റെ വ്യക്തിപരമായ തീരുമാനംമാത്രമാണ്‌. സഖ്യകക്ഷി സർക്കാർ രൂപീകരണം അജിത്‌ പവാർ വൈകിപ്പിച്ചെന്ന ആരോപണം ശരദ്‌ പവാർ തള്ളി.

മൂന്ന്‌ വ്യത്യസ്‌ത പ്രത്യയശാസ്‌ത്രങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർടികൾ സഖ്യമാകുമ്പോൾ കൃത്യമായ നയപരിപാടി വേണം. അത്‌ രൂപീകരിക്കാനുള്ള സമയം ആവശ്യമുണ്ട്‌. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ കീഴിലുള്ള കേസിന്റെ സമ്മർദമാണോ അജിത്‌ പവാറിന്റെ മനംമാറ്റത്തിനു പിന്നിലെന്നറിയില്ല.

അധികാര ദുർവിനിയോഗം നടത്തിയും ഗവർണർ പദവിയുടെ അന്തസ്സ്‌ കളഞ്ഞും ബിജെപി അധികാരം നേടാൻ ശ്രമിക്കുകയാണ്‌. അജിത്‌ പവാറിനെ പുറത്താക്കുന്നത്‌ സംബന്ധിച്ച്‌ പാർടിയാണ്‌ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here