തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശനത്തില്‍ ഗൂഢാലോചന; തീര്‍ത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താന്‍ അനുവദിക്കില്ല

ശബരിമല സന്ദര്‍ശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശബരിമലയിലെ സമാധാനപരമായ തീര്‍ത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപി സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്ന് ഒരു സംഘം സ്ത്രീകള്‍ ശബരിമലയിലേക്ക് പോവുക. കാലത്ത് അഞ്ചുമണിക്ക് നെടുമ്പാശേരിയിലെത്തുക. കേരളത്തിലെ ഒരു ചാനല്‍ മാത്രം നേരത്തെ വിവരം അറിഞ്ഞ് പ്രതികരണമെടുക്കുക. തുടര്‍ന്ന് കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് യാത്ര പുറപ്പെടുക. പിന്നീട് അവരെ കാണുന്നത് കമ്മിഷണര്‍ ഓഫീസില്‍. അത് മുന്‍കൂട്ടി അറിഞ്ഞത് പോലെ ഒരു സംഘം പ്രതിഷേധക്കാര്‍ അവിടെ കാത്ത് നില്‍ക്കുക, സ്ത്രീകളെ ആക്രമിക്കുക. ഇതിന്റെ പിന്നില്‍ കൃത്യമായ തിരക്കഥയും അജണ്ടയും ഉണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. ഞാനങ്ങനെ കരുതുന്നു.’ മന്ത്രി പറഞ്ഞു.

‘തൃപ്തി ദേശായിയും സംഘവും കൃത്യമായി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തും എന്ന് അറിഞ്ഞ് പ്രതിഷേധക്കാരും ഇവിടെയെത്തുക. അതിലൊരാളുടെ കൈയില്‍ മുളകുസ്‌പ്രേ ഉണ്ടാവുക, അവിടെ വച്ച് അവരെ ആക്രമിക്കുക… വളരെ സമാധാനപരമായി പോവുന്ന ശബരിമല തീര്‍ത്ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും അലങ്കോലപ്പെടുത്താനുമുള്ള ശ്രമമാണ് ഇതിന് പിന്നില്‍. അത് സര്‍ക്കാരിന് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here