ബിജെപിയുടെ കളികള്‍ അവസാനിച്ചെന്ന് കോണ്‍ഗ്രസും എന്‍സിപിയും; വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കും

ദില്ലി: മഹാരാഷ്ട്രയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി ഉത്തരവ് ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലാണെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്കും പ്രതികരിച്ചു. ബിജെപിയുടെ കളികള്‍ അവസാനിച്ചെന്നും ബുധനാഴ്ച നടക്കുമെന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്.

ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത ഇവര്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് മഹാരാഷ്ട്രയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here