മലയാളികള്‍ ഉള്‍പ്പെടെ 900 ഐഎസ് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങി; പത്ത് ഇന്ത്യക്കാര്‍ സംഘത്തില്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അവരുടെ കുടുംബാംഗങ്ങളുമടങ്ങുന്ന 900ത്തോളം പേര്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങിയെന്ന് വിവരം. ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

പത്തോളം സ്ത്രീകളും കുട്ടികളുമാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. ഇവര്‍ ഐസിസില്‍ ചേര്‍ന്ന് ഇന്ത്യാക്കാരുടെ ഭാര്യമാരും കുട്ടികളുമാണ്.

നംഗാര്‍ഹര്‍ മേഖലയില്‍ നിന്നുള്ള ഐസിസ് ഭീകരവാദികളാണ് കീഴടങ്ങിയിട്ടുള്ളത്. ഇവിടെ ഐസിസിനെതിരെ സുരക്ഷാ സൈനികര്‍ ശക്തമായ നീക്കങ്ങള്‍ നടത്തിവരികയാണ്. നവംബര്‍ 12നാണ് സൈനിക നീക്കങ്ങള്‍ തുടങ്ങിയത്.

കീഴടങ്ങിയവരില്‍ വലിയ വിഭാഗമാളുകള്‍ പാകിസ്താന്‍ സ്വദേശികളാണ്. നവംബര്‍ 12നു തന്നെ നൂറോളം ഐസിസ് അംഗങ്ങള്‍ ആയുധം വെച്ച് കീഴടങ്ങുകയുണ്ടായി. ഇവരില്‍ 13 പേര്‍ പാകിസ്താന്‍ സ്വദേശികളായിരുന്നു.

ഇന്ത്യാക്കാരായ പത്തുപേരെ കാബൂളിലേക്ക് മാറ്റിയതായി വിവരമുണ്ട്. അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി കീഴടങ്ങിയവരുടെ വിവരങ്ങള്‍ ശഖരിച്ചു വരികയാണ്. കാര്യങ്ങള്‍ ഓരോന്നായി വിലയിരുത്തി വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വഴിയെ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞദിവസങ്ങളിലെ ഓപ്പറേഷനുകളില്‍ ചില ഇന്ത്യന്‍ ഐസിസ് തീവ്രവാദികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ എത്ര മലയാളികളുണ്ടെന്ന് വ്യക്തമല്ല. 2016ലാണ് ഒരു ഡസനോളം മലയാളികള്‍ ഐസിസില്‍ ചേരാനായി പോയെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. കുടുംബസമേതമാണ് ഇവര്‍ ഭീകരവാദ സംഘടനയില്‍ ചേരാനായി പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here