ഗോവയെ പിടിച്ചുകുലുക്കി മാരിഗെല്ല; ഭരണകൂട ഫാസിസത്തിനെതിരെ തീപ്പന്തം പോലൊരു സിനിമ

ഫാസിസം തുലയട്ടെ, ഭരണകൂട ഭീകരത തകരട്ടേ, ഭീകരവാദികളല്ല വിപ്ലവകാരികൾ എന്നിങ്ങനെ തിരശ്ശീലയിൽ ആവർത്തിച്ചു മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരുജ്വല സിനിമ, അതും ബ്രസീലിലെ ഇടതുപക്ഷ തീവ്ര ഗറില്ലാ പോരാളി കാർലോസ് മാരി ഗെല്ലയുടെ ജീവിതം, അക്ഷരാർത്ഥത്തിൽ ഗോവൻ തിരശ്ശീലയെ പിടിച്ചു കുലുക്കി.

കൺമുന്നിൽ വെടിയുപ്പ് നിറച്ചതു പോലുള്ള വിപ്ലവ മനുഷ്യർ അവസാന തുള്ളി രക്തത്തിലും ശ്വാസത്തിലും ഭരണകൂട ഫാസിസത്തിനെതിരെ നടത്തുന്ന സായുധ പോരാട്ടം സ്തോഭ നിർഭരവും ഏറ്റവും സ്ഥോടകാത്മകവുമായ കാഴ്ചയായാണ് സംവിധായകൻ വാഗ്നർ മൗറ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്നത്തെ ഫാസിസ്റ്റ് ഇന്ത്യൻ സാഹചര്യത്തിൽ വിപ്ലവകാരികളുടെ ചിന്തകളെ തീപ്പിടിപ്പിക്കുന്ന ഈ ചിത്രം എങ്ങനെ ഗോവൻ തിരശ്ശീലയിലെത്തി എന്നതാണ് അൽഭുതം.

മാരിഗെല്ലയുടെ ഒളിയുദ്ധ നീക്കങ്ങൾ പോലെ തന്നെയാകുമോ സിനിമയും ഗോവൻ മത്സര വിഭാഗത്തിലിടം നേടിയിരിക്കുക? എന്തായാലും മാരിഗെല്ലയ്ക്ക് ഒരു പുരസ്കാരം ഉറപ്പ്. അങ്ങനെയെങ്കിൽ ഗോവയിൽ അതും ഒരു വിപ്ലവമാകും.

1964 മുതൽ 1985 വരെ നീണ്ടുനിന്ന ബ്രസീലിന്റെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയ ഗറില്ലാ സമര നായകനായിരുന്നു കാർലോസ് മാരിഗെല്ല.

മാരിഗെല്ലയെ ഫാസിസ്റ്റ് പട്ടാളം വെടിവെച്ച് കൊല്ലും വരെയുള്ള ജീവിതമാണ് ഈ സിനിമ. മാരി ഗെല്ല മരിച്ചാലും വിപ്ലവത്തിന്റെ തീയണയുന്നില്ല എന്നതാണ് അവസാനത്തെ ദൃശ്യങ്ങൾ അടിവരയിടുന്നത്. മാനവീയതയുടെ
അസാമാന്യ തിളക്കമുള്ള വ്യക്തിത്വങ്ങളായാണ് മാരിഗെല്ല ഉൾപ്പെടെയുള്ളവരുടെ സിനിമയിലെ കഥാപാത്ര ചിത്രീകരണം.

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അങ്ങേയറ്റത്ത് നിന്നാണ് മനുഷ്യർ പിറന്ന നാടിന്റെ മോചനത്തിന് വേണ്ടി സമരം നടത്തുന്നത്.

അതും ഒരു സ്വാതന്ത്ര്യ പോരാട്ടമാണെന്നാണ് സിനിമയുടെ നിലപാട്. വിപ്ലവം തോക്കെടുത്തുള്ളതാണെങ്കിലും മാനുഷികതയുടെ പരമാവധി കരുത്ത് തളം കെട്ടി നിൽക്കുന്നത് കൊണ്ട് തന്നെ നമ്മെ ഒരു നിമിഷം പോലും സിനിമ ചൊടിപ്പിക്കുന്നില്ല, മാറിച്ചിന്തിപ്പിക്കുന്നില്ല.

മാരിഗെല്ലയുടെ നഗര ഗറില്ലാ പോരാട്ട ജീവിതം ചെ ഗുവേരയുടെ ജീവിതം പോലെ തന്നെ ആദരിക്കേണ്ടുന്ന രക്തസാക്ഷിത്വമായാണ് സിനിമ രേഖപ്പെടുത്തുന്നത്.

അത്യന്തം വികാരോജ്ജ്വലമാണ് ഓരോ രംഗവും. മാരിഗെല്ലയായെത്തിയ ബ്രസീലിയൻ ഗായകൻ സീയൂ ജോർജ് സിനിമയിൽ അസാധ്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഓരോ കഥാപാത്രത്തിന്റെയും കരുത്ത് അമ്പരപ്പിക്കുന്നതാണ്.

വിപ്ലവകാരികളുടെ കുടുംബങ്ങളെ അവതരിപ്പിക്കുമ്പോൾ പോലും അല്പം പോലും ഉലഞ്ഞുപോവാത്ത വൈകാരികതയുടെ ശക്തി കൊണ്ട് കൂടിയാണ് ഇതൊരു വിപ്ലവ പക്ഷ സിനിമയായി തലയുയർത്തി നിൽക്കുന്നത്.

ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു മാരി ഗെല്ലയുടെ പ്രീമിയർ. ലോകമെങ്ങും അതിന് ശേഷം ഈ സിനിമ ഇന്നൊരു ചൂടുപിടിച്ച ചർച്ചയാണ്.

ബ്രസീൽ പ്രസിഡണ്ട് ബോൾസനോര ചിത്രത്തെ പരസ്യമായി തള്ളിപ്പറഞ്ഞതോടെ ബ്രസീലിൽ ഇതുവരെയും ചിത്രത്തിന് റിലീസ് അനുമതി ലഭിച്ചിട്ടില്ല. ലോകമെങ്ങുമുള്ള മുഴുവൻ ഫാസിസ്റ്റ് ഭരണകൂടങ്ങളെയും ഈ സിനിമ പൊള്ളിക്കുന്നുവെങ്കിൽ അതിന്റെ കാരണം സ്വയം തന്നെ കണ്ടെത്തണമെന്നായിരുന്നു അതിന് സംവിധായകൻ വാഗ്നർ മൗറ നൽകിയ മറുപടി.

ഗോവയിലെ വലിയ കൈയ്യടികൾക്ക് നടുവിലേക്ക് വന്ന അദ്ദേഹം ഇതു കൂടി പറഞ്ഞു. “ഞങ്ങൾ ബ്രസീലിലേക്ക് മടങ്ങുമ്പോൾ ഇനിയും ഒരുപാട് കാര്യങ്ങൾ നേരിടേണ്ടിവരും. പക്ഷേ ഞങ്ങൾക്ക് ഭയമില്ല.’ ആ വാക്കുകളും മാരി ഗെല്ലയുടെ വാക്കുകൾ പോലെ കരുത്താർന്നതാണ്.

സിനിമയിൽ ഒരു രംഗത്തിൽ പത്രപ്രതിനിധി താങ്കൾക്ക് ഭയമുണ്ടോ എന്ന് ചോദിച്ചപ്പോൾ മാരി ഗെല്ല പറയുന്ന ഉത്തരം ‘ഭയന്നിരിക്കാൻ ഞങ്ങൾക്ക് സാവകാശമില്ല’ എന്നാണ്. ഭയക്കാൻ ഞങ്ങൾക്ക് സമയമില്ലെന്ന് തന്നെയാണ് വാഗ്നർ മൗറയും ഒരർത്ഥത്തിൽ പറയുന്നത്.

കാർലോസ് മാരി ഗെല്ലയെ പുണ്യവാനായൊരു സ്വാതന്ത്ര്യ പോരാളിയാക്കിയെന്നാണ് ലോക വലത് മാധ്യമങ്ങളുടെ ഒരു പ്രധാന വിമർശനം.

ഗറില്ലകളുടെ കുറ്റകൃത്യങ്ങൾ സിനിമ മറച്ചുവെച്ചുവെന്നും. എന്നാൽ1960 കളിൽ നടന്നത് വിപ്ലവകാരികൾക്കെതിരെ ഭരണകൂടം സ്പോൺസർ ചെയ്ത അക്രമമാണെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും, അതാണ് ആവർത്തിച്ച് പറയേണ്ടതെന്നുമാണ് സംവിധായകന്റെ നിലപാട്.

എന്തായാലും ബ്രസീലിലെ സമകാലിക സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിലേക്ക് ഒരു മിന്നലാക്രമണം നടത്തുകയാണ് മാരി ഗെല്ലയുടെ സംവിധായകൻ.

മുൻ സൈനിക നായകനായ ബോൾസനാരോ ബ്രസീൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മാരിഗെല്ലയുടെ ജീവിതം ഉയർത്തിക്കാട്ടി മുഴുവൻ സൈനീക ഫാസിസത്തെയും സംവിധായകൻ വിചാരണയ്ക്ക് നിർത്തുന്നത്. അതിലെ തന്റേടം എടുത്ത് പറയേണ്ടതാണ്.

ഇന്ത്യയെ പോലൊരു രാജ്യത്ത് നരേന്ദ്ര മോദിക്കെതിരെ ഗുജറാത്ത് കലാപം മുൻനിർത്തി ഒരു സിനിമ ചെയ്യാനാകുമോ? എന്നാൽ ആ ചങ്കൂറ്റമാണ് ബ്രസീൽ മോദി ബോൾസനാരോോയുടെ
നാട്ടിൽ സംവിധായകൻ നിർവ്വഹിക്കുന്നത്.

‘പ്രസിഡണ്ട് ബോൾസനാരൊ എന്ത് പറഞ്ഞാലും ഞങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങളുടെ സിനിമ ബോൾസനാരോയേക്കാൾ വലുതാണ്’ സംവിധായകൻ പറഞ്ഞു.

മാരി ഗെല്ല ഗോവയിലെ ഏറ്റവും ഉജ്വലമായൊരു സിനിമ തന്നെ.
സിനിമയ്ക്കകത്തും പുറത്തും ഏറ്റുമുട്ടൽ അവസാനിക്കാത്ത സിനിമ.
അതായത് എല്ലാ അർത്ഥത്തിലും ഒരു വിപ്ലവ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News