ഷെയിന്‍ കഞ്ചാവ് വലിക്കുമോ? അമ്മയുടെ മറുപടി

യുവനടന്‍ ഷെയിന്‍ നിഗത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലും ആരോപണങ്ങളിലും മറുപടിയുമായി അമ്മ സുനില.

അമ്മയുടെ വാക്കുകള്‍: ”കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് ഷെയിന്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അവന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ അത് ആദ്യം തിരിച്ചറിയേണ്ടതും അതില്‍ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാന്‍ തന്നെയല്ലേ. അമ്മ എന്ന നിലയില്‍ എനിക്കല്ലേ ബാധ്യത.

പക്ഷേ ആ ആരോപണം തീര്‍ത്തും തെറ്റാണ് എന്നെനിക്ക് അറിയാം. അതുകൊണ്ട് അത്തരം ആരോപണം എന്നെ ബാധിക്കുന്നില്ല. ഷെയിന്‍ അവന്റെ കരിയര്‍ നശിപ്പിക്കുന്നുവെന്നാണ് മറ്റൊരു പറച്ചില്‍. അവന്‍ എന്തിനാണ് സ്വന്തം കരിയര്‍ ഇല്ലാതെയാക്കുന്നത്.

ഓരോ പ്രശ്നവും സൃഷ്ടിച്ച് ഏകപക്ഷീയമായി സംസാരിച്ച് പ്രകോപിപ്പിച്ചിട്ട് പറയുന്നു, അവന്‍ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു എന്ന്. എന്താണ് സത്യാവസ്ഥ എന്ന് അറിയാന്‍ സിനിമയില്‍ ഉളളവരോ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവരോ ശ്രമിച്ചിട്ടില്ല.

ഇത്രയും നാള്‍ അവന്‍ അഭിനയിച്ച സംവിധായകരുമായി നിങ്ങളൊന്നു സംസാരിക്കണം. അപ്പോള്‍ അറിയാം ആരാണ് ഷെയിന്‍ എന്ന്, അവന്‍ എങ്ങനെയായിരുന്നു സെറ്റില്‍ പെരുമാറിയത് എന്ന്.

അവനെ സിനിമയില്‍നിന്നു വിലക്കും, കര്‍ശന നടപടി വരും എന്നൊക്കെ പറയുന്നു. പക്ഷേ അവന്‍ എന്തു ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം.

അങ്ങനെയൊരു നടപടി വരുമെങ്കില്‍ അതിനു മുന്‍പ് വീട്ടുകാരില്‍ നിന്നും അഭിപ്രായം തേടാന്‍ അവര്‍ ശ്രമിക്കും എന്നു ഞാന്‍ കരുതുന്നു. മാധ്യമങ്ങളില്‍ ഷെയിനിന് എതിരായി വരുന്ന വാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ല. അതുകൊണ്ട് അതെന്നെ ഭയപ്പെടുത്തുന്നില്ല. പക്ഷേ നല്ല വിഷമമുണ്ട്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here