മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് ചെന്നൈയില്‍ എത്തും.കുടുംബത്തിന്റെ സാന്നിധ്യത്തില്‍ ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ പരിശോധനക്കാനായാണ് പിതാവും സഹോദരിയും ഉള്‍പ്പെടെയുള്ള ബന്ധുക്കളെ അന്വേഷണസംഘം ചെന്നൈയിലേക്ക് വിളിച്ചുവരുത്തുന്നത്.നിര്‍ണായക തെളിവുകളുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയ ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബ്ലറ്റും അന്വേഷണസംഘത്തിന് കൈമാറും.

മൊബൈല്‍ഫോണിന്റെ ലോക്ക് തുറന്നാല്‍ മാത്രമേ പരിശോധന സാധ്യമാകൂവെന്ന് ഫോറന്‍സിക് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഇന്നലെ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. മരണത്തിനുത്തരവാദി അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭനെന്ന കൂടുതല്‍പേജുള്ള ആത്മഹത്യ കുറിപ്പാണ് ഫോണിലുള്ളത്.

ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബ്ലറ്റും കുടുംബം അന്വേഷണസംഘത്തിന് കൈമാറും.ഫോണിലേതിന് സമാനമായ തെളിവുകള്‍ ഇതിലുമുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.ഐഐടിയില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയെ സമീപിക്കാനും ബന്ധുക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

ഫാത്തിമയുടെ പിതാവ് ലത്തീഫിനൊപ്പം ഫാത്തിയുടെ ഇരട്ട സഹോദരി ഐഷയും, അടുത്ത ബന്ധുക്കളും ഉണ്ട്. സഹോദരി ഐഷയുടെ മൊഴി അന്വേഷണസംഘം  രേഖപ്പെടുത്തിയേക്കും.കൊല്ലത്തെ വീട്ടിലെത്തി മാതാവിന്റെയും സഹോദരിയുടെയും മൊഴിയെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുണ്ടായിരുന്നില്ല.വിഷയത്തില്‍ പ്രധാനമന്ത്രിയെ നേരിട്ട് കാണാനുള്ള നീക്കത്തിലാണ് കുടുംബം.