ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ചയാള്‍ അറസ്റ്റില്‍

ശബരിമലയില്‍ കയറണമെന്ന ആവശ്യവുമായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്ത് സംഘപരിവാര്‍ നേതാവ് കുരുമുളകുസ്പ്രേ അടിച്ചു. ഹിന്ദു ഹെല്‍പ്ലൈന്‍ നേതാവ് ശ്രീനാഥ് പത്മനാഭനാണ് സ്പ്രേ അടിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡലകാലത്ത് വീണ്ടും സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് തൃപ്തി പ്രശാന്ത് ദേശായി മറ്റ് ആറ് സ്ത്രീകള്‍ക്കൊപ്പമെത്തിയത്. ശബരിമലയിലേക്ക് പോകാതെ ഇവര്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിലാണെത്തിയത്. മുന്നറിയിപ്പില്ലാതെ എത്തിയ ഇവര്‍ക്കൊപ്പംതന്നെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയത് ഗൂഡാലോചനയ്ക്ക് തെളിവായി.

സംഘപരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തൃപ്തി ദേശായിയും അഞ്ചു സ്ത്രീകളും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ പുണെയില്‍നിന്ന് നെടുമ്പാശേരിയിലെത്തി. ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകയായ ബിന്ദു അമ്മിണി ഇവിടെനിന്ന് സംഘത്തോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ഏഴുപേരും 7.15ഓടെ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിലെത്തി. ഇവര്‍ക്കൊപ്പംതന്നെയാണ് പ്രതിഷേധവുമായി സംഘപരിവാറുകാരുമെത്തിയത്. കമീഷണര്‍ ഓഫീസില്‍ പൊലീസുമായി സംസാരിക്കുന്നതിനിടെ ബിന്ദു അമ്മിണി പുറത്തിറങ്ങി. ഉടനെ പ്രതിഷേധക്കാരിലൊരാള്‍ ഓടിവന്ന് മുഖത്ത് കുരുമുളകുസ്പ്രേ അടിക്കുകയായിരുന്നു. ചില ബിജെപി നേതാക്കള്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ഇടപെട്ട് ഇവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചു.

യുവതീപ്രവേശ വിഷയം സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ പരിഗണനയിലായതിനാല്‍ ശബരിമലയ്ക്ക് പോകാന്‍ സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം എഴുതിത്തരണമെന്ന തൃപ്തി ദേശായിയുടെ ആവശ്യം പൊലീസ് അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് അവര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പകല്‍ മുഴുവന്‍ കമീഷണര്‍ ഓഫീസില്‍ കഴിഞ്ഞ സംഘം പത്തരയ്ക്ക് നെടുമ്പാശേരിയില്‍ നിന്ന് പൂനെയിലേക്ക് മടങ്ങി.
കഴിഞ്ഞവര്‍ഷവും മണ്ഡലകാലത്ത് തൃപ്തി ശബരിമലയ്ക്കു പോകാന്‍ എത്തിയിരുന്നു. തൃപ്തി ദേശായിയും സംഘവും വിമാനമിറങ്ങിയതുമുതല്‍ ബിജെപി ചാനലായ ജനം ടിവി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here