ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ; മഹാരാഷ്ട്രയില്‍ സഭാസമ്മേളനം തുടങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം രാവിലെ തുടങ്ങി. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ആണ്‌ സഭ സമ്മേളിക്കുന്നത്‌.

എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ്‌ സഭാസമ്മേളനം വിളിച്ചുകൂട്ടിയത്‌.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.വൈകീട്ട് 6.40ന് മുംബൈ ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത. ഹോട്ടലുകളില്‍ നിന്ന് ബസുകളിലാണ് ശിവസേന‐എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് എത്തിച്ചത്.

ഡിസംബര്‍ ഒന്നിന് തീരുമാനിച്ച സത്യപ്രതിജ്ഞ മഹാ വികാസ് അഘാഡി സഖ്യം നേരത്തെയാക്കുകയായിരുന്നു. സഖ്യനേതാക്കള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് ഉദ്ദവ് താക്കറെ തെരഞ്ഞെടുത്ത കത്ത് കൈമാറി. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്നതില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ പറ‍ഞ്ഞു.

ബുധനാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here