മലയാളത്തിന്റെ ശാരദയ്ക്ക് ചലച്ചിത്ര മേളയില്‍ ആദരം

ജീവിത ഗന്ധിയായ നിരവധി കഥാപാത്രങ്ങള്‍ക്ക് തിരശീലയില്‍ ഭാവം പകര്‍ന്ന നടി ശാരദയ്ക്ക് 24ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദരം. ശാരദ നായികയായ ഏഴ് ചിത്രങ്ങള്‍ മലയാളം റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് മലയാളത്തിന്റെ ശാരദയ്ക്ക് മേള ആദരമര്‍പ്പിക്കുന്നത്.

ഡിസംബര്‍ ഏഴിന് ശാരദയുടെ സാന്നിദ്ധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ റെട്രോസ്‌പെക്ടീവ് ഉദ്ഘാടനം ചെയ്യും. ആദ്യചിത്രമായി സ്വയംവരമാണ് പ്രദര്‍ശിപ്പിക്കുക.

സ്വയംവരത്തിന് പുറമെ എലിപ്പത്തായം, എ വിന്‍സെന്റ് സംവിധാനം ചെയ്ത തുലാഭാരം ,കെ എസ് സേതു മാധവന്‍ സംവിധാനം ചെയ്ത യക്ഷി, പി ഭാസ്‌കരന്റെ ഇരുട്ടിന്റെ ആത്മാവ്, മൂലധനം, ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്നീ നിത്യ വിസ്മയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇതില്‍ തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശാരദയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1968-ല്‍ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രത്തിലെ വിജയ എന്ന കഥാപാത്രം ശാരദയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ശാരദ തന്നെയാണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News