‘ഓപറേഷന്‍ ലോട്ടസ്’ എന്ന രാഷ്ട്രീയ അശ്ലീലം

നാളുകള്‍ നീണ്ട മഹാരാഷ്ട്രാ നാടകത്തിന് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയോടെ താല്‍ക്കാലിക വിരാമമാവുകയാണ് എങ്കിലും കര്‍ണാടക കണ്‍മുന്നിലുള്ളതുകൊണ്ടുതന്നെ കോണ്‍ഗ്രസ് എന്‍സിപി ക്യാമ്പുകളില്‍ ആശങ്കയൊഴിഞ്ഞിട്ടില്ല.

സമാന സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേറിയ കുമാരസ്വാമി സര്‍ക്കാറിനെ മാസങ്ങളുടെ ഇടവേളകളിലാണ് പണാധിപത്യം കൊണ്ട് ബിജെപി അട്ടിമറിച്ചത്. വീശിയ വലയിലാരും കുടുങ്ങാതെ വന്നപ്പോള്‍ നാണംകെട്ടായിരുന്നു കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ പടിയിറക്കമെന്ന് നമ്മളാരും മറന്ന് കാണില്ല. ഈ ജനാധിപത്യ ധ്വംസനങ്ങളെയാകെ ഓപ്പറേഷന്‍ ലോട്ടസ് എന്ന നൂലില്‍കെട്ടി വെളുപ്പിച്ചെടുക്കുകയാണ് ബിജെപി.

ഓപ്പറേഷന്‍ ലോട്ടസ് ഒരു രാഷ്ട്രീയ അസ്ലീലമാണ് മണിപവറും മസില്‍പവറും ഉപയോഗിച്ച് ഭരണസംവിധാനത്തെയാകെ കൈപ്പിടിയിലൊതുക്കുമെന്ന ഹുങ്കില്‍ സംഘപരിവാരത്തിന്റെ അടുക്കളയില്‍ പിറന്ന രാഷ്ട്രീയ അസ്ലീലം.

ഭൂരിപക്ഷത്തിന്റെ അംഗീകാരമില്ലെങ്കില്‍പോലും പണമെറിഞ്ഞാല്‍ പിന്നാലെപോരുന്ന രാഷ്ട്രീയ ബോധ്യങ്ങളെ ബിജെപി വിലയ്‌ക്കെടുത്തു തുടങ്ങിയത് 2014 മുതലായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ ജനാധിപത്യത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും ഉന്നത സ്ഥാനങ്ങളിലെല്ലാം സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വളര്‍ത്തുപുത്രന്‍മാരെ പ്രതിഷ്ടിച്ചത് ഈ ഓപ്പറേഷന്‍ ലോട്ടസ് എന്ന അസ്ലീലം വിതച്ച് കൊയ്യാന്‍ തന്നെയായിരുന്നു.

സമയമെത്തുമ്പോള്‍ എല്ലാവരും ക്രമാനുഗതം ഈ സ്ഥാനലബ്ദിക്കുള്ള പ്രതിഫലം ഉപകാരമായി ബിജെപിക്ക് നല്‍കിക്കൊണ്ടിരുന്നു. ദീര്‍ഘവീക്ഷണമുള്ള അന്നത്തെ പല പ്രതിഷേധങ്ങളെയും ഭൂരിപക്ഷം നിശബ്ദതകൊണ്ട് ദുര്‍ബലപ്പെടുത്തി.

2014 ല്‍ ജാര്‍ഖണ്ഡിലും, അരുണാചല്‍പ്രദേശിലും, മേഖാലയയിലും 2015ല്‍ ബിഹാറിലും, അസാമിലും 2016 ല്‍ ഉത്തരാഖണ്ഡിലും 2017ല്‍ ഗോവയിലും, ത്രിപുരയിലും മണിപ്പൂരിലും 2018ല്‍ കര്‍ണാടകയിലും എറ്റവും ഒടുവില്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലുമെല്ലാം ഓപ്പറേഷന്‍ ലോട്ടസ് എന്നപേരില്‍ സംഘപരിവാര്‍ നിര്‍ദേശത്തില്‍ ബിജെപി ചെയ്ത്കൂട്ടുന്നതത്രയും ഭരണഘടനാ ലംഘനംകൂടിയാണ്. ഈ ഹുങ്കിനാണ് കഴിഞ്ഞ ഭരണഘടനാ ദിനത്തില്‍ ചെറുതായെങ്കിലും ഒരടി സുപ്രീംകോടതി കൊടുത്തത്.

രാജ്യത്തെ മുഖ്യപ്രതിപക്ഷമെന്ന് വീമ്പുപറയുന്ന കോണ്‍ഗ്രസിന് ഇതിനൊന്നും തടയിടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല. കണ്‍മുന്നില്‍ സ്വന്തം എംഎല്‍എമാര്‍ രായ്ക്ക് രാമാനം മറുകണ്ടം ചാടുന്നത് നിശബ്ദമായി നോക്കിനില്‍ക്കേണ്ടിയുംവന്നു.

നിലയുറയ്ക്കാത്ത നിലപാടുകളെ ഏത് മണിച്ചിത്രത്താഴിട്ട് പൂട്ടിയിട്ടും പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ നല്‍കിയ രാഷ്ട്രീയ ഭൂരിപക്ഷത്തെ സംഘപരിവാരത്തിന് കൈയ്യൊഴിഞ്ഞ് വിശ്രമ ജീവിതം നയിച്ചു ദീര്‍ഘ കാലത്തെ രാജ്യഭരണത്തിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക്. ഇരുട്ടിവെളുക്കുമ്പോള്‍ ആരൊക്കെ കൂടെക്കാണുമെന്ന് ഉറപ്പില്ലാത്തുകൊണ്ടുതന്നെ ഉറച്ച ഒരു എതിര്‍സ്വരം സംഘപരിവാരത്തിന് നേരെ ഉയര്‍ത്താന്‍ കോണ്‍ഗ്രസ് ക്യാമ്പിന് കഴിഞ്ഞില്ല.

ഇവിടെയാണ് ശരത്പവാറെന്ന രാഷ്ട്രീയക്കാരന്‍ കോണ്‍ഗ്രസിനോടും കോണ്‍ഗ്രസ് നേതാക്കളോടും ചിലതൊക്കെ സംവദിക്കുന്നത്. പാര്‍ട്ടിയിലെ രണ്ടാമനെ ചാക്കിട്ടാന്‍ എന്‍സിപിയിലെ ഭൂരിപക്ഷവും പിന്നാലെ പോരുമെന്ന വ്യാമോഹത്തിനാണ് ശരത്പവാര്‍ ഒറ്റയ്ക്ക് നിന്ന് തടയിട്ടത്.

കണ്‍മുന്നില്‍ കൂടാരം വിട്ടിറങ്ങുന്ന എംഎല്‍എമാരെ നോക്കി നിസംഗരായി നിന്ന രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും വലിയൊരു പാഠമാണ് ഈ പഴയ കോണ്‍ഗ്രസുകാരന്‍.

അജിത് പവാറിനൊപ്പം ബിജെപി ക്യാമ്പിലേക്ക് പോയ എംഎല്‍എമാരെയെല്ലാം ഇരുട്ടും മുന്നെ തിരികെ കൊണ്ടുവന്നു ശരത് പവാര്‍. അവസരം കിട്ടിയാല്‍ ഇനിയും ചാടിപ്പോവാതെ ഇവരെ പിടിച്ചുനിര്‍ത്താന്‍ ശരത്പവാറിന് കഴിയുമോ എന്നതാണ് ഇനി കാണേണ്ടത്.

ഈ കുതിരക്കച്ചവടത്തിന്റെയെല്ലാം ഇടയില്‍ വിനോദി നിക്കോളെയെ പോലെ ചില ചുവന്ന പൊട്ടുകളുണ്ട് മനപ്പൂര്‍വമോ അല്ലാതെയോ നമ്മുടെ പൊതുബോധം അഭിസംബോധന ചെയ്യാതെ പോകുന്നവര്‍.

പതിനായിരം രാഷ്ട്രീയ ചാണക്യന്‍മാര്‍ പണവും പടക്കോപ്പുകഴുമൊരുക്കി പിന്നാലെ കൂടിയാലും നെഞ്ചുവിരിച്ച് സ്വന്തം നിലപാടുകളെ വിളിച്ചുപറയാന്‍ കെല്‍പ്പുള്ളര്‍

ഒരു റിസോട്ടിലും അവര്‍ പൂട്ടിയിടപ്പെടില്ല ഏത് വാഗ്ദാനങ്ങല്‍ക്കും അവരുടെ നിലപാടുകളെ വിലയ്‌ക്കെടുക്കാനാവില്ല ഇടതുരാഷ്ട്രീയത്തിന്റെ ഇമ്പമുള്ള മുദ്രാവാക്യവും പേറി അവരെന്നും കാണും ജനങ്ങള്‍ക്കിടയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News