കുപ്രചരണങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സഖാവ് പുഷ്പന്‍

ഐതിഹാസികമായ കൂത്തുപറമ്പ് സമരത്തിന് കാല്‍നൂറ്റാണ്ടു തികയുമ്പോള്‍ തന്റെ പേരില്‍ നടക്കുന്ന കുപ്രചരണത്തിന് മറുപടിയുമായി ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍. ദേശാഭിമാനി വാരികയില്‍ ഭാനുപ്രകാശിന് നല്‍കിയ അഭിമുഖത്തിലാണ് പുഷ്പന്‍ മനസുതുറന്നത്.

ഇരുപത്തിനാലാമത്തെ വയസ്സില്‍ വെടിയുണ്ടയില്‍ തീര്‍ന്നുപോകുമായിരുന്ന തന്റെ ജീവിതം മരണത്തിനു വിട്ടുകൊടുക്കാതെ നിലനിര്‍ത്തിയതിന് പുഷ്പന്‍ ആദ്യം കടപ്പെട്ടിരിക്കുന്നത് തന്റെ പ്രസ്ഥാനത്തോടുതന്നെയാണ്. ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്കുള്ള സഞ്ചാരമായിരുന്നു ഇക്കാലമത്രയും. ഒരുപക്ഷേ, വീട്ടില്‍ കിടന്നുറങ്ങിയതിനെക്കാള്‍ കൂടുതല്‍ ആശുപത്രികളിലായിരിക്കും പുഷ്പന്‍ കിടന്നത്.

”എന്റെ കാര്യത്തില്‍ എനിക്കൊട്ടും ദുഃഖമില്ല. ഞാനൊറ്റപ്പെടുന്നുവെന്ന തോന്നലുമില്ല. കാരണം പ്രസ്ഥാനത്തിനു വേണ്ടിയാണ് ഞാന്‍ ജീവന്‍ നല്‍കിയത്. കിടപ്പിലായ കാലം മുതല്‍ പരിചരിക്കാനും എനിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരാനും പാര്‍ടിയുണ്ട്. കേരളത്തില്‍ നിന്ന് മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നുമായി എത്രയോ സഖാക്കള്‍ എന്നെ കാണാനായി ഈ വീട്ടിലും ആശുപത്രിയിലുമായി വന്നിട്ടുണ്ട്. ഒരുപക്ഷേ, ഞാന്‍ മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഈ അപകടത്തില്‍ പെട്ടിരുന്നതെങ്കില്‍ പുതുക്കുടിയില്‍ പുഷ്പന്‍ ഒരു മാസം പോലും തികച്ചു ജീവിക്കില്ലായിരുന്നു”-പുഷ്പന്‍ അഭിമുഖത്തില്‍ പറയുന്നു.

പുഷ്പനെ വിദേശത്ത് കൊണ്ടുപോയി എന്തുകൊണ്ട് ചികിത്സിക്കുന്നില്ല എന്ന ചോദ്യത്തിനും പുഷ്പന് തന്നെ മറുപടിയുണ്ട്. പുഷ്പനറിയാം വൈദ്യശാസ്ത്രത്തിന് നല്‍കാവുന്ന ഏറ്റവും മികച്ച ചികിത്സ പ്രസ്ഥാനം തനിക്ക് നല്‍കിയിട്ടുണ്ടെന്ന്. ”എന്നെ ചികിത്സിച്ചതിന്റെ മെഡിക്കല്‍ റെക്കോര്‍ഡുമായി ഇന്ത്യയിലെ പ്രധാന ആശുപത്രികളിലെല്ലാം സഖാക്കള്‍ പോയിട്ടുണ്ട്.

എഴുന്നേറ്റ് നടക്കാന്‍ എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കില്‍ ലോകത്തിലെവിടയായാലും എന്നെ ചികിത്സിക്കാന്‍ പാര്‍ടി തയ്യാറാണെന്ന് എനിക്കറിയാം. വെടിയേറ്റ് നട്ടെല്ല് തകര്‍ന്ന ഒരാളെ എഴുന്നേറ്റ് നടത്തിക്കാന്‍ പറ്റുന്ന ചികിത്സയൊന്നും ഇതുവരെ ലോകത്തുണ്ടായിട്ടില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ വീല്‍ച്ചെയറുകളില്‍ കഴിയുന്ന എത്രയോ മനുഷ്യര്‍ക്ക് നടക്കാമായിരുന്നു! പുഷ്പനെ അമേരിക്കയില്‍ ചികിത്സിക്കാന്‍ കൊണ്ടുപോയില്ല എന്നാണ് സോഷ്യല്‍ മീഡിയക്കാരുടെ പരാതി.

അവരതില്‍ അത്ര വേദനിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കില്ലാത്ത വേദനയെന്തിനാണ് അവര്‍ക്ക്. ഇരുപത്തിയഞ്ച് കൊല്ലക്കാലം എന്നെ പൊന്നുപോലെ നോക്കിയ പ്രസ്ഥാനത്തിനാണോ ഇനി അമേരിക്കയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ പ്രയാസമുള്ളത്. എന്റെ കാര്യത്തില്‍ പ്രസ്ഥാനത്തിന് നേരെ ചെളിവാരിയെറിയുന്നവരോട് ഒന്നേ പറയാനുള്ളൂ, ഈ കട്ടിലില്‍ നിന്നും എന്നെ എഴുന്നേല്‍പ്പിച്ചുനടത്താന്‍ പറ്റിയ ചികിത്സയുള്ള സ്ഥലമൊന്നു പറഞ്ഞു തരൂ, അവിടെ കൊണ്ടുപോകാനും ചികിത്സിക്കാനും സിപിഐ എം എന്റെ കൂടെത്തന്നെയുണ്ട്”-പുഷ്പന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here