‘ഗോഡ്സെ രാജ്യസ്നേഹി’; പ്രഗ്യാസിംഗ് താക്കൂറിന്റെ വിവാദ പരാമര്‍ശം സഭാരേഖയില്‍ നിന്നും നീക്കി

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂറിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കി. ലോക്സഭയില്‍ എസ്പിജി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ സിംഗിന്റെ പരാമര്‍ശം.

എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചക്കിടെ ഡി.എം.കെ എംപിയായ എ രാജ മഹാത്മഗാന്ധിയെ എന്ത് കൊണ്ട് താന്‍ വധിച്ചു എന്ന ഗോഡ്‌സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. ഗാന്ധിജിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്‌സെ തന്നെ പറഞ്ഞിരുന്നതായി എ രാജ പ്രതികരിച്ചു.

ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു. ഇതിനിടെ രാജയെ തടഞ്ഞുകൊണ്ട് പ്രഗ്യാസിംഗ് രംഗത്തെത്തുകയും ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ല എന്ന് പറയുകയായിരുന്നു.

ഇതോടെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തി. പിന്നീട് പരാമര്‍ശം സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കുകയായിരുന്നു. ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here