എൻസിപിക്ക്‌ ഉപമുഖ്യമന്ത്രി; കോൺഗ്രസിന്‌ സ്‌പീക്കർ; ഉദ്ധവ്‌ താക്കറെയുടെ സത്യപ്രതിജ്ഞ ഇന്ന്‌

മഹാരാഷ്‌ട്രയുടെ പതിനെട്ടാമത്‌ മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ്‌ താക്കറെ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട്‌ 6.40ന്‌ ദാദറിലെ ശിവാജി പാർക്കിലാണ്‌ സത്യപ്രതിജ്ഞ. ഘടകക്ഷി പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

എൻസിപിക്ക്‌ ഉപമുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസിന്‌ സ്‌പീക്കർ സ്ഥാനവും നൽകാൻ ബുധനാഴ്‌ച രാത്രി ചേർന്ന മഹാവികാസ്‌ അഖാഡി യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രിക്ക്‌ പുറമേ ശിവസേനയ്‌ക്ക്‌ 15, എൻസിപി– 16 കോൺഗ്രസ്–13 എന്നിങ്ങനെയാണ്‌ മന്ത്രിമാരുടെ എണ്ണം ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനവും എൻസിപിക്കാണ്‌. മന്ത്രിസഭ വികസനം ഡിസംബർ മൂന്നിനുശേഷം നടക്കും.

മുഖ്യമന്ത്രിക്കൊപ്പം ആരെല്ലാം സത്യപ്രതിജ്ഞചെയ്യുമെന്ന്‌ രഹസ്യമാണെന്ന്‌ എൻസിപി നേതാവ്‌ പ്രഫുൽ പട്ടേൽ പറഞ്ഞു. അജിത്‌ പവാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന്‌ അഭ്യൂഹം ശക്തമാണ്‌.

അതിനിടെ, സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച്‌ മഹാരാഷ്‌ട്രയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്‌ച പൂർത്തിയായി. പ്രോടെം സ്‌പീക്കർ കാളിദാസ്‌ കൊളംബ്‌കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ആദ്യമായാണ്‌ താക്കറെ കുടുംബത്തിൽനിന്ന്‌ ഒരാൾ മുഖ്യമന്ത്രിയാകുന്നത്‌. 20 വർഷത്തിനുശേഷമാണ്‌ മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി അധികാരമേൽക്കുന്നത്‌. 1995 ൽ ചുമതലയേറ്റ മനോഹർ ജോഷിയാണ്‌ ശിവസേനയുടെ ആദ്യ മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here