രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഉത്തരമില്ലാതെ ധനമന്ത്രി; പ്രതിഷേധിച്ച്‌ പ്രതിപക്ഷം

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്‌ രാജ്യം നേരിടുന്നതെന്നും പരിഹാരനടപടികളിലേക്ക്‌ കേന്ദ്രം കടക്കുന്നില്ലെന്നും രാജ്യസഭയിൽ പ്രതിപക്ഷം. നേരിയ ഇടിവ്‌ മാത്രമേയുള്ളൂവെന്നും മാന്ദ്യമില്ലെന്നും അവകാശപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലില്ലായ്‌മ, വിലക്കയറ്റം, തൊഴിൽനഷ്ടം തുടങ്ങിയവയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍നിന്ന്‌ കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല.

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരം നൽകാത്തതിനും വിശദീകരണമുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച്‌ സാമ്പത്തികസ്ഥിതി ചർച്ചയിൽനിന്ന്‌ ഇടതുപക്ഷം ഇറങ്ങിപ്പോയി. മന്ത്രിയുടെ മറുപടി തൃപ്‌തികരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി മറ്റ്‌ പ്രതിപക്ഷ പാർടികളും സഭ ബഹിഷ്‌കരിച്ചു.

കോർപറേറ്റുകൾക്ക്‌ കേന്ദ്രം ആനുകൂല്യങ്ങൾ വാരിക്കോരി നല്‍കിയതിന്റെ കണക്കുകള്‍ പ്രതിപക്ഷാം​ഗങ്ങള്‍ സഭയില്‍ വിവരിച്ചു. കറൻസി പിൻവലിക്കലും തിരക്കിട്ടുള്ള ജിഎസ്‌ടി നടപ്പാക്കലും പ്രതിസന്ധി രൂക്ഷമാക്കി. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ കേന്ദ്രത്തിന്‌ മാറിനിൽക്കാനാകില്ല– പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി.

നവഉദാരവൽക്കരണ നയങ്ങൾക്കും പൊതുമേഖലാ വിറ്റഴിക്കലിനും തുടക്കമിട്ട കോൺഗ്രസിന്റെ അം​ഗങ്ങളും ​കേന്ദ്രത്തെ വിമർശിച്ച്‌ രംഗത്തുവന്നത്‌ കൗതുകകരമായി. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾപോലും വിറ്റഴിക്കുകയാണെന്ന്‌ കോൺഗ്രസ്‌ അംഗങ്ങളായ ആനന്ദ്‌ ശർമ, ജയ്‌റാം രമേശ്‌ തുടങ്ങിയവർ പറഞ്ഞു.

തൊഴിലില്ലായ്‌മ എട്ട്‌ ശതമാനമായി. ഇത്‌ മൂന്ന്‌ ശതമനത്തിൽ നിൽക്കേണ്ടതാണ്‌. അസമത്വം ഭയപ്പെടുത്തുംവിധം രൂക്ഷമാണ്‌. സ്വകാര്യനിക്ഷേപം കുത്തനെ ഇടിഞ്ഞു. കറൻസി പിൻവലിക്കൽ നടപടിയാൽ ജിഡിപിയുടെ 40 ശതമാനവും ആകെ തൊഴിലിന്റെ 90 ശതമാനവും സംഭാവനചെയ്യുന്ന അസംഘടിതമേഖല പൂർണമായും തകർന്നു.

പ്രതിസന്ധി അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം. എങ്കിൽ മാത്രമേ പരിഹാരങ്ങളിലേക്ക്‌ കടക്കാനാകൂ. ജിഎസ്‌ടി എന്ന ആശയത്തോട്‌ എതിരല്ല. എന്നാൽ, തിരക്കിട്ടുള്ള നടപ്പാക്കൽ പല വ്യവസായ സംരംഭങ്ങളെയും ബാധിച്ചു.

വിദേശനിക്ഷേപത്തെമാത്രം ആശ്രയിക്കാതെ ആഭ്യന്തരനിക്ഷേപം വർധിപ്പിക്കുന്നതിന്‌ നടപടികളുണ്ടാകണം. തീവ്രസ്വകാര്യവൽക്കരണത്തിലേക്ക്‌ സർക്കാർ കടന്നിരിക്കയാണ്‌. നവരത്‌ന, മഹാരത്‌ന കമ്പനികൾപോലും വിൽക്കുകയാണ്‌. ഇത്‌ തെറ്റായ നടപടിയാണ്‌– പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

വളർച്ചയിലെ ഇടിവ്‌ താൽക്കാലികംമാത്രമാണെന്ന നിലപാടാണ്‌ ചർച്ചയിൽ ഭരണപക്ഷവും ധനമന്ത്രിയും സ്വീകരിച്ചത്‌. പ്രതിപക്ഷത്തിന്റേത്‌ അനാവശ്യമായ ഭീതി സൃഷ്ടിക്കലാണെന്നും നിർമല അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News