കാറ്റിൽനിന്ന്‌ 1700 മെഗാവാട്ട്‌ വൈദ്യുതി; കാറ്റിന്റെ സമഗ്രഭൂപടം തയ്യാറാക്കുന്നു; അനെർട്ടും നൈവും ഇന്ന്‌ ധാരണപത്രം ഒപ്പിടും

പാരമ്പര്യേതര സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതോൽപ്പാദനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത്‌ കാറ്റിന്റെ സമഗ്രഭൂപടം തയ്യാറാക്കുന്നു. ഇതിനായി കേന്ദ്ര ഗവേഷണസ്ഥാപനമായ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വിൻഡ്‌ എനർജിയുമായി (നൈവ്‌) അനെർട്ട്‌ വ്യാഴാഴ്‌ച ധാരണപത്രം ഒപ്പിടും. 2020 ഡിസംബറോടെ വിശദവിവരങ്ങൾ ഉൾപ്പെടുന്ന ഭൂപടം തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ സ്ഥലങ്ങളിൽ കാറ്റാടിപ്പാടം സ്ഥാപിക്കും.

കേരളത്തിൽ കാറ്റിൽനിന്ന്‌ 1700 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ്‌ നൈവിന്റെ പ്രാഥമിക വിലയിരുത്തൽ. 1990കളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പും അനെർട്ടും ചേർന്ന്‌ 17 പ്രദേശങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ പഠനത്തിൽ 790 മെഗാവാട്ട്‌ ഉൽപ്പാദിപ്പിക്കാനാകുമെന്ന്‌ വിലയിരുത്തിയിരുന്നു. 20 മീറ്റർവരെ ഉയരത്തിലുള്ള കാറ്റിന്റെ സാന്നിധ്യവും ശക്തിയുമാണ്‌ അന്ന്‌ വിലയിരുത്തിയത്‌. എന്നാൽ, 100 മീറ്റർ വരെ ഉയരത്തിലാണ്‌ പുതിയ പഠനം.

പാലക്കാട്‌, ഇടുക്കി ജില്ലകളിൽ സ്ഥാപിച്ച 76 കാറ്റാടിയിൽനിന്ന്‌ 70 മെഗാവാട്ടാണ്‌ നിലവിലെ ഉൽപ്പാദനം. തെക്കൻ കേരളത്തിൽ അഗസ്ത്യകൂട താഴ്‌വര, പൊന്മുടി, ആര്യങ്കാവ്‌, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുണ്ടെന്നാണ്‌ കണ്ടെത്തൽ. ഈ പ്രദേശങ്ങളിൽ നൈവ്‌ പ്രത്യേക യൂണിറ്റുകൾ സ്ഥാപിച്ച്‌ വിവരം ശേഖരിക്കും.

പഠനത്തിനായി സ്ഥാപിക്കുന്ന ഒരു യൂണിറ്റിന്‌ 16 ലക്ഷം രൂപയാണ്‌ ചെലവ്‌. ഊർജകേരള മിഷന്റെ ഭാഗമായി 2021-ഓടെ കാറ്റിൽനിന്ന്‌ 100 മെഗാവാട്ട്‌ ഉൽപ്പാദിപ്പിക്കാൻ അനെർട്ട്‌ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. പുതിയ പഠനത്തിന്‌ ശേഷം 500 മെഗാവാട്ട്‌ കൂടി ഉൽപ്പാദിപ്പിക്കാനാകുമെന്ന്‌ അനെർട്ട്‌ പ്രോഗ്രാം ഓഫീസർ അജിത്‌ ഗോപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News