മാവോ സെതുങ്‌ സാഹസിക പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും അതിശക്തമായി എതിർത്തുപോന്നു; അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ ഈ സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകളോട്‌ ഞാൻ അഭ്യർഥിക്കുകയാണ്‌; എസ് ആർ പി

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനാധിപത്യ സമൂഹവവും കപട മാവോയിസ്‌റ്റുകളും’ എന്ന സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം ‘ദേശാഭിമാനി’യിൽ നിന്ന്:

സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം സ്വയം പ്രഖ്യാപിത മാവോയിസ്‌റ്റുകളെ മാർക്‌സിസ്‌റ്റുകളായോ മാവോ സെതുങ്ങിന്റെ അനുയായികളായോ ഇടതുപക്ഷക്കാരായോ കാണാനാകില്ല. അവർ ശത്രുക്കളായി കാണുന്നത്‌ സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയുമാണ്‌.

1960കളിലും 70ലും 80ലുമൊക്കെ പൊതു കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിൽനിന്ന്‌ ആശയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വേറിട്ടുപോയ വിഭാഗങ്ങളുടെ ഒരു പാരമ്പര്യവും അവകാശപ്പെടാൻ അർഹതയില്ലാത്തവരാണ്‌ സ്വയം പ്രഖ്യാപിത മാവോയിസ്‌റ്റുകൾ. അവർക്ക്‌ ആകെയുള്ളത്‌ ഈ ധനമൂലധന കാലഘട്ടത്തിലെ ഉത്തര ആധുനികതയുടെ ആശയപരമായ സ്വാധീനശക്തിയും മറ്റുമൊക്കെയാകാം. ഒരർഥത്തിൽ മാവോയുടെ പേരുപോലും ഉപയോഗിക്കാൻ യാതൊരു അവകാശവുമില്ലാത്തവരാണ്‌ അവർ. ഇടതുപക്ഷ മനോഭാവമുള്ള ജനങ്ങളെ കബളിപ്പിക്കാനാണ്‌ ഈ വാക്ക്‌ ഉപയോഗിക്കുന്നത്‌.

മാവോ സെതുങ്‌ ഏറ്റവും ജനകീയനായ കമ്യൂണിസ്‌റ്റ്‌ നേതാവായിരുന്നു. അദ്ദേഹം ദശലക്ഷങ്ങളെ അണിനിരത്തി പുരോഗമനപരമായ വിപ്ലവകരമായ സാമൂഹ്യമാറ്റം നടത്തിയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ നേതാവാണ്‌. മാവോ സെതുങ്ങിന്റെ ആശയങ്ങളെയും അഭിപ്രായങ്ങളെയും ബഹുജന പ്രവർത്തനനയത്തെയും എതിർക്കുന്ന കാഴ്‌ചപ്പാടും പ്രവർത്തനശൈലിയുമാണ്‌ സ്വയംപ്രഖ്യാപിത മാവോയിസ്‌റ്റുകൾക്കുള്ളത്‌. മാവോ സെതുങ്‌ സാഹസിക പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും അതിശക്തമായി എതിർത്തുപോന്നു. അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ ഈ സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകളോട്‌ ഞാൻ അഭ്യർഥിക്കുകയാണ്‌.

നിരന്തരം വികസിക്കുന്നതും നൂതനമായിരിക്കുന്നതുമാണ്‌ മാർക്‌സിസം
മാവോ സെതുങ്‌ ലോകം കണ്ട ഏറ്റവും വലിയ മാർക്‌സിസ്റ്റുകളിൽ ഒരാളാണ്‌. എന്താണ്‌ മാർക്‌സിസം? മാർക്‌സിസം ഒരു സാമൂഹ്യശാസ്‌ത്രമാണ്‌. ആ സാമൂഹ്യശാസ്‌ത്രം നമ്മുടെ അനുഭവങ്ങളെക്കൂടി ഉൾപ്പെടുത്തി നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കണം. നിരന്തരം വികസിക്കുന്നതും നൂതനമായിരിക്കുന്നതുമാണ്‌ മാർക്‌സിസം.

മാർക്‌സും എംഗൽസും 1800കളുടെ മധ്യകാലത്ത്‌ അന്നത്തെ മുതലാളിത്തത്തിന്റെയും ലോകത്തിന്റെയും സ്ഥിതിഗതികൾ അനുസരിച്ച്‌ ഈ മാർക്‌സിസ്റ്റ്‌ കാഴ്‌ചപ്പാട്‌ ഉയർത്തിക്കൊണ്ടുവന്നു. അതിൽ പ്രധാനപ്പെട്ട ഒട്ടേറെ സംഭാവനകളുണ്ട്‌. മനുഷ്യസമൂഹം എന്നത്‌ വളർന്നുകൊണ്ടിരിക്കുന്നതാണ്‌, വികസിച്ചുകൊണ്ടിരിക്കുന്നതാണ്‌. പ്രാകൃതാവസ്ഥയിൽനിന്ന്‌ അടിമ–- ഉടമ വ്യവസ്ഥ. അടിമ–-ഉടമ വ്യവസ്ഥയിൽനിന്ന്‌ നാടുവാഴിത്തം. നാടുവാഴിത്തത്തിൽനിന്ന്‌ മുതലാളിത്തം. ആ മുതലാളിത്തത്തിൽനിന്ന്‌ സോഷ്യലിസം. സോഷ്യലിസത്തിൽനിന്ന്‌ കമ്യൂണിസ്‌റ്റ്‌ ഘട്ടത്തിലേക്കാണ്‌ മനുഷ്യസമൂഹത്തിന്റെ വളർച്ച.

നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലുമുള്ള വസ്‌തുനിഷ്‌ഠമായ നിയമങ്ങളാണ്‌ മാർക്‌സിസം ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. അതിനെ വികസിപ്പിക്കേണ്ടതുണ്ട്‌. മുതലാളിത്തത്തിന്റെ വളർച്ചയുടെ ഒരുഘട്ടത്തിലായിരുന്നു മാർക്‌സ്‌ ജീവിച്ചത്‌. ആ മുതലാളിത്തം വീണ്ടു വളർന്നു, അത്‌ സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലെത്തി. ആ സാമ്രാജ്യത്വഘട്ടത്തിൽ മാർക്‌സിസം എങ്ങനെയാണ്‌ പ്രയോഗിക്കേണ്ടത്‌ എന്നതാണ്‌ ലെനിന്റെ ഏറ്റവും വലിയ സംഭാവന. സാമ്രാജ്യത്വഘട്ടത്തിൽ സാമ്രാജ്യത്വത്തിന്റെ ദുർബലമായ കണ്ണിയെയാണ്‌ പൊട്ടിച്ചെറിയേണ്ടത്‌. ആ മുതലാളിത്തത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്‌ എന്ന്‌ വിശദീകരിച്ചതാണ്‌ ലെനിന്റെ സംഭാവന. അതുകൊണ്ടാണ്‌ മാർക്‌സിസം–ലെനിനിസം എന്നുവിളിക്കുന്നത്‌.

മാവോ സെതുങ്‌ വളരെ പിന്നോക്കംനിന്ന ഒരു രാജ്യത്ത്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുത്തു, വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്തു. വിജയകരമായി വിപ്ലവം നടത്തി. എന്താണ്‌ അന്നത്തെ ലോക സാഹചര്യവും ചൈനീസ്‌ സാഹചര്യവും?

ചൈനീസ്‌ സാഹചര്യം
അന്നത്തെ ചൈന ഒരു അർധ കോളനിയായിരുന്നു. എന്താണ്‌ അർധ കോളനിയെന്നുപറഞ്ഞാൽ? ഒന്നോ ഒന്നിലേറെയോ സാമ്രാജ്യത്വശക്തികളുടെ മേധാവിത്വമുള്ള രാജ്യം. സാമ്പത്തിക, രാഷ്‌ട്രീയ, സാമൂഹ്യ മേഖലയിൽ ആ മേധാവിത്വമുണ്ട്‌. എന്തിന്‌ ജനങ്ങളുടെ ഇടയിലും ഈ സാമ്രാജ്യത്വശക്തികളുടെ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യമുണ്ട്‌. ഇത്തരം പിന്നോക്കം നിൽക്കുന്ന ഒരു രാജ്യത്തെയാണ്‌ അർധകോളനി എന്ന്‌ വിശേഷിപ്പിക്കുന്നത്‌. അതുമാത്രമല്ല, ഇത്തരം അർധകോളനികളിലെ വ്യാവസായികമായ പുരോഗതിക്ക്‌ സാമ്രാജ്യത്വശക്തികൾ എപ്പോഴും എതിരാണ്‌. കാരണം വ്യാവസായികമായ പുരോഗതിയിലൂടെ അതത്‌ രാജ്യങ്ങൾ ആഭ്യന്തരമായി കരുത്താർജിച്ചാൽ ഇവർക്ക്‌ ആഗ്രഹിക്കുന്ന ലാഭം നേടാനാകില്ല. അതുകൊണ്ട്‌ സാമ്രാജ്യത്വശക്തികൾ ആഭ്യന്തരമായ വ്യാവസായിക വികസനത്തിന്‌ എതിരായ നിലപാട്‌ സ്വീകരിക്കും.

ആഭ്യന്തരമായ മുതലാളിത്ത വളർച്ചയെത്തന്നെ തകർക്കാൻ ശ്രമിക്കും. അതുകൊണ്ടാണ്‌ കോമ്പ്രദോർ മുതലാളിത്തം എന്നുവിളിക്കുന്നത്‌. കോമ്പ്രദോർ മുതലാളി ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മുതലാളിയല്ല. കോമ്പ്രദോർ മുതലാളി സാമ്രാജ്യത്വശക്തികൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ വിറ്റഴിച്ച്‌ അതിന്റെ കമീഷൻ പറ്റി കരുത്താർജിക്കുന്ന മുതലാളിയാണ്‌. അതുപോലെ പൂർണമായ ഫ്യൂഡൽവ്യവസ്ഥ നാടുവാഴിത്ത ബന്ധങ്ങളാണ്‌. കാർഷികരംഗത്ത്‌ വലിയ വളർച്ചയുണ്ടായിട്ടില്ല.

ഇങ്ങനെയൊരു പ്രത്യേകമായ സാമ്പത്തിക – സാമൂഹ്യ സവിശേഷതയാണ്‌ 1920കൾമുതൽ 1949 വരെ ചൈനയിലെ സ്ഥിതി. 1949 ലാണ്‌ വിപ്ലവം വിജയകരമായി പൂർത്തിയാകുന്നത്‌. ഈ സ്ഥിതിഗതികളിൽ അർധകൊളോണിയൽ വ്യവസ്ഥയും കോമ്പ്രദോർ മേധാവിത്വവും ഭൂപ്രഭുത്വവും അവസാനിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌.അതുവഴിമാത്രമേ കാർഷികരംഗത്തെ വളർച്ചയിലൂടെ വ്യാവസായികമായ നേട്ടംനേടി ഒരു ആധുനിക രാജ്യമായി വളരാൻ ചൈനയ്‌ക്ക്‌ കഴിയുമായിരുന്നുള്ളൂ.

ആ വളർച്ചയ്‌ക്കുശേഷം മാത്രമേ സോഷ്യലിസ്‌റ്റ്‌ രാജ്യമായും പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ രാജ്യമായും ചൈനയിലെ സമൂഹത്തെ വളർത്തിക്കൊണ്ടുവരാനാകൂ. ആ ചൈനയിലെ സാഹചര്യത്തിൽ മാർക്‌സിസം അതിസമർഥമായി പ്രയോഗിച്ചതാണ്‌ ചൈനയിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും മാവോ സെതുങ്ങിന്റെയും കരുത്ത്‌ എന്നു പറയുന്നത്‌.

ഇന്നത്തെ ഇന്ത്യ അങ്ങേയറ്റം വ്യത്യസ്‌തമാണ്‌

1920 മുതൽ 49 വരെയുള്ള കാലത്തെ ചൈനയിൽനിന്ന്‌ ഇന്നത്തെ ഇന്ത്യ അങ്ങേയറ്റം വ്യത്യസ്‌തമാണ്‌. വിപ്ലവം എന്നത്‌ മറ്റാരെങ്കിലും പറയുന്നതു കേട്ട്‌ ഏറ്റുപറയുന്നതല്ല. മാർക്‌സിസം പ്രയോഗത്തിൽ വരുത്താനുള്ളതാണ്‌. സമൂർത്തമായ സാഹചര്യങ്ങളെപ്പറ്റിയുള്ള സമൂർത്തമായ വിലയിരുത്തലാണ്‌. മാവോസേതുങ്‌ ചൈനയിലെ സാഹചര്യങ്ങളെ വിലയിരുത്തി. ഹോചിമിൻ വിയറ്റ്‌നാമിലെയും ലെനിൻ റഷ്യയിലെയും കാസ്‌ട്രോ ക്യൂബയിലെയും സാഹചര്യങ്ങളെ വിലയിരുത്തി. അതുപോലെ ഇന്ത്യയിലെ സാഹചര്യങ്ങളെ വിലയിരുത്തി, എങ്ങനെ മാർക്‌സിസം പ്രയോഗത്തിൽ വരുത്താമെന്ന ശ്രമമാണ്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇതിൽ ഈ സ്വയംപ്രഖ്യാപിത മാവോയിസ്‌റ്റുകൾ ഇന്ത്യയെ അർധകോളനിയെന്ന്‌ വിശേഷിപ്പിക്കുന്നു. കോമ്പ്രദോർ ബൂർഷ്വാ, ഭൂപ്രഭുത്വം എന്ന്‌ പരാമർശിക്കുന്നു.

ഇന്ത്യയിലെ മുതലാളിവർഗം, ലോകത്തിലെ, അമേരിക്കയിലെ, ഇംഗ്ലണ്ടിലെ, ക്യാനഡയിലെ, ജർമനിയിലെ, മുതലാളിമാരെപ്പോലെ വളർന്ന മുതലാളിമാരാണ്‌. ടാറ്റയും ബിർലയും അദാനിയും അംബാനിയും ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ചാണ്‌ കരുത്താർജിച്ചത്‌. ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച്‌ അധ്വാനിക്കുന്ന ജനങ്ങളുടെ അധ്വാനത്തിന്റെ ഫലത്തെ ചൂഷണംചെയ്‌ത്‌ മിച്ചമൂല്യമുണ്ടാക്കി, ആ മിച്ചമൂല്യമാണ്‌ അവരുടെ സമ്പത്തിന്റെ പ്രമുഖമായ ഭാഗം. ഇന്ത്യയിലെ മുതലാളിവർഗത്തിന്‌ മറ്റു രാജ്യങ്ങളിലും സ്ഥാപനങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ രാഷ്‌ട്രീയമായ അന്ധന്മാർക്കുമാത്രമേ ഇന്ത്യയിലെ മുതലാളിവർഗം കോമ്പ്രദോർ മുതലാളിയാണെന്ന്‌ പറയാൻ കഴിയൂ.

അതുപോലെ ഇന്ത്യ അർധ കോളനിയാണെന്ന്‌ പറയാനാകില്ല. വിദേശരാജ്യങ്ങളുമായും ധനമൂലധനവുമായും ഈടുറ്റബന്ധങ്ങളുണ്ട്‌. പക്ഷേ, ഇന്ത്യയിലിന്ന്‌ അധികാരത്തിലിരിക്കുന്ന ഭരണകൂടം ഇന്ത്യയിലെ മുതലാളിത്ത വളർച്ചയ്‌ക്കുവേണ്ടി പരിശ്രമിക്കുന്ന ഭരണകൂടമാണ്‌. കോമ്പ്രദോർ ഭരണകൂടമല്ല.

കാർഷികമേഖലയിലും വ്യാവസായികമേഖലയിലും മുതലാളിത്തത്തിന്റെ വളർച്ചയ്‌ക്ക്‌ എല്ലാം ഒരുക്കിക്കൊടുക്കുന്ന ഭരണകൂടമാണ്‌ ഇന്ത്യൻ ഭരണകൂടം. അതുപോലെ കാർഷികമേഖലയിൽ അന്നത്തെ ചൈനയിലെ സാഹചര്യമല്ല ഇന്ന് ഇന്ത്യയിലെ സാഹചര്യം. ഭൂപ്രഭുത്വ സ്ഥിതിഗതികളിൽ വലിയമാറ്റം ഇന്ത്യയിലുണ്ടായി. നാടുവാഴി സ്വഭാവത്തിലുള്ള ഭൂപ്രഭുത്വത്തിനുപകരം ഇന്ന്‌ ഇന്ത്യയിൽ മുതലാളിത്ത സ്വഭാവത്തിലുള്ള കാർഷിക മുതലാളിമാരും മുതലാളിത്ത സ്വഭാവത്തിലുള്ള കൃഷി ചെയ്യുന്ന ധനിക കൃഷിക്കാരുടെയും വിഭാഗമാണ്‌.

അന്നത്തെ ചൈനയുമായി യാതൊരു ബന്ധവും ഇന്നത്തെ ഇന്ത്യക്കില്ല എന്നതാണ്‌ യാഥാർഥ്യം. അതുമാത്രമല്ല, നൂറുകൊല്ലത്തിനുമുമ്പുള്ള ലോകമല്ല ഇന്ന്‌. ലോകത്ത്‌ ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും വരുത്തിയ മാറ്റങ്ങൾ. സാമ്രാജ്യത്വത്തിന്റെതന്നെ സ്വഭാവത്തിൽ നേരിട്ടുള്ള ആധിപത്യത്തിൽനിന്ന്‌ മൂലധനത്തിന്റെ ആധിപത്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ജനങ്ങളെയാകെ കൊള്ളയടിക്കുന്ന ധനമൂലധനത്തിന്റെ സ്വഭാവങ്ങൾ. വളരെ വേറിട്ട ഒരു ലോക സാഹചര്യത്തിലും ഇന്ത്യൻ സാഹചര്യത്തിലുമാണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌. അതിനെപ്പറ്റി അറിയാത്തവർ മറ്റേതെങ്കിലും രാജ്യത്ത്‌ നടന്നതിനെ ഏറ്റുപറയാനും പകർത്തി എഴുതാനുമാണ്‌ ശ്രമിക്കുന്നത്‌.

ഇന്ന്‌ ഇന്ത്യയിൽ പല അരാജകസംഘടനകളും ഉണ്ട്‌. ഇത്തരം അരാജകസംഘടനകളുമായി പ്രവർത്തനത്തിൽ ഐക്യപ്പെടാനാണ്‌ സ്വയം പ്രഖ്യാപിത മാവോയിസ്‌റ്റുകൾ ശ്രമിക്കുന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here