മോദി സർക്കാരിന്റെ സാമ്പത്തികന​യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി ഇടതുപക്ഷ എംപിമാർ

മോദി സർക്കാരിന്റെ സാമ്പത്തികന​യങ്ങളുടെ പൊള്ളത്തരം രാജ്യസഭയിൽ തുറന്നുകാട്ടി ഇടതുപക്ഷ എംപിമാർ. കേന്ദ്രത്തിന്റെ ലക്ഷ്യം കോർപറേറ്റുകളെ പ്രീതിപ്പെടുത്തുകമാത്രമാണെന്നും അസമത്വം അതിരൂക്ഷമായെന്നും സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ ഇടതുപക്ഷ എംപിമാർ കണക്കുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.
ഘടനാപരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് സിപിഐഎം രാജ്യസഭാ ഉപ നേതാവ്‌ എളമരം കരീം പറഞ്ഞു. ജിഡിപി നിരക്ക്‌ കുത്തനെ ഇടിഞ്ഞു.

കാർഷികോൽപ്പാദനവും വ്യാവസായികോൽപ്പാദനവും ഇടിഞ്ഞു. നിർമാണമേഖല പ്രതിസന്ധിയില്‍. തൊഴിലില്ലായ്‌മ അഞ്ചുദശകത്തിലെ ഏറ്റവും ഉയർന്ന നിലയില്‍. കേരളത്തിൽ യൂണിറ്റുള്ള എംആർഎഫും അപ്പോളോയും പ്രതിസന്ധിയില്‍. ആഭ്യന്തര വാങ്ങൽ ശേഷി വർധിച്ചെങ്കിൽമാത്രമേ പ്രതിസന്ധി മറികടക്കാനാകൂ. എന്നാൽ, സർക്കാർ ഈ ദിശയിലല്ല നീങ്ങുന്നത്‌–എളമരം ചൂണ്ടിക്കാട്ടി.

പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ വിറ്റഴിക്കുന്ന കേന്ദ്രം രാജ്യത്തിന്റെ പരമാധികാരംപോലും വില്പനയ്ക്ക് വയ്‌ക്കുമെന്ന്‌ കെ കെ രാഗേഷ്‌ പറഞ്ഞു. ബിപിസിഎൽ, ഷിപ്പിങ്‌ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, എയർ ഇന്ത്യ തുടങ്ങി 28 പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുന്ന നടപടി സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ വലിയ തിരിച്ചടിയേകും. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം ഒരു കോടിയിലേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കോർപറേറ്റുകൾക്ക്‌ 1.45 ലക്ഷം കോടി രൂപയുടെ ആനുകൂല്യം സർക്കാർ നൽകി–രാഗേഷ്‌ പറഞ്ഞു.

അതിസമ്പന്നരുടെ നികുതി വർധിപ്പിച്ച ധനമന്ത്രി അടുത്ത ദിവസം അത്‌ പിൻവലിച്ചെന്നും കോർപറേറ്റ്‌ അനുകൂല നയം മാറ്റാതെ രാജ്യം രക്ഷപ്പെടില്ലെന്നും- ബിനോയ്‌ വിശ്വം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News