ഷെയിന്‍ നിഗമിന് വിലക്ക്; വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കും, ചെലവായ ഏഴു കോടി ഷെയിനില്‍ നിന്ന് ഈടാക്കും

കൊച്ചി: ഷെയിന്‍ നിഗമിന് വിലക്കേപ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.

നിലവില്‍ ഷൂട്ടിംഗ് തുടരുന്ന സിനിമകളായ വെയില്‍, കുര്‍ബാനി എന്നിവ ഉപേക്ഷിക്കാനും അസോസിയേഷന്‍ യോഗം തീരുമാനിച്ചു. ഇതിന് ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കുമെന്നും അതുവരെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

സ്വബോധത്തോടെ ഒരാള്‍ ചെയ്യുന്ന കാര്യമല്ല ഷെയിന്‍ ചെയ്യുന്നതെന്നും അസോസിയേഷന്‍ നേതാവ് പറഞ്ഞു. വിലക്കിന്റെ കാര്യം താരസംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.

മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയിനില്‍ നിന്ന് ഉണ്ടായതെന്നും ഇത്രയും മോശം അനുഭവം മറ്റൊരാളില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.

പുതുതലമുറതാരങ്ങളില്‍ പലര്‍ക്കും ഇത്തരത്തിലുള്ള നിരുത്തരവാദിത്വപരമായ സ്വഭാവങ്ങളുണ്ട്. എല്‍എസ്ഡി പോലെയുള്ള ലഹരിമരുന്നുകള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ പലരും ഉപയോഗിക്കുന്നുണ്ട്. ഇവരുടെ കാരവാനുകള്‍ പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഷെയിന്‍ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിര്‍മ്മാതാക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം തള്ളി ഷെയിന്‍ നിഗം രംഗത്തെത്തി.

വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ശരത് സംവിധാനം ചെയ്യുന്ന വെയില്‍ സിനിമയില്‍ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്‌നിന്റേത്.

വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയിനിന്റെ വെല്ലുവിളിയെ ഗൗരവമായി നേരിടാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here