ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും; വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം

തിരുവനന്തപുരം: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഇതിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട്ടില്‍ തുടക്കം കുറിച്ചു. ആര്‍ദ്രം മിഷന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ആരോഗ്യ കേരളത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും ആര്‍ദ്രവിദ്യാലയം നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ആര്‍ദ്രം കോര്‍ണര്‍ സ്ഥാപിക്കുന്നതാണ്. ഒരു ഡോക്ടര്‍ക്ക് സ്‌കൂളിന്റെ ചുമതല നല്‍കി ചങ്ങാതി ഡോക്ടറാക്കുന്നതടക്കമുള്ളതാണ് പദ്ധതി എന്ന് മന്ത്രി വ്യക്തമാക്കി.

പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളില്‍ ആര്‍ദ്ര വിദ്യാലയം നടപ്പിലാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ വയനാട് ജില്ലയില്‍ പഠിക്കുന്ന 80,000 വിദ്യാര്‍ത്ഥികള്‍ക്കും ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കുന്നതാണ്.

ഇതിനായി സംസ്ഥാനത്തെ 1000 കുട്ടി ഡോക്ടര്‍മാരും വിവിധ വകുപ്പുകളില്‍ നിന്നുള്ള 200 വോളന്റിയര്‍മാര്‍ക്കും 303 സ്‌കൂളുകളിലെ ഓരോ സ്‌കൂളിലേയും ഒരു ടീച്ചറെ ഹെല്‍ത്ത് ടീച്ചറാക്കി 3 ദിവസത്തെ പരിശീലനം നല്‍കും. 1500 സെഷനുകളായിട്ടായിരിക്കും പരിശീലനം നല്‍കുക. ഒന്നര മാസത്തിനകം ഈ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

രണ്ടാം ഘട്ടമായി ഈ 303 സ്‌കൂളുകളിലും ഹെല്‍ത്ത് ആര്‍ദ്രം കോര്‍ണര്‍ സജ്ജമാക്കും. ഫസ്റ്റ് എയ്ഡ് ബോക്‌സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ടേബിള്‍, കൂളര്‍ എന്നിവ ആര്‍ദ്രം കോര്‍ണറില്‍ ഉണ്ടാകും.

എന്‍.എച്ച്.എം. സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ഐ.ഇ.സി. (ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) അവബോധ ബോര്‍ഡുകളും സ്ഥാപിക്കും.

പാമ്പുകടി, തലകറക്കം, പട്ടികടി, മുറിവ്, മറ്റ് അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഇതിലൂടെ മനസിലാക്കാം.

പരിശീലനം നേടിയ ഹെല്‍ത്ത് ടീച്ചര്‍ക്കായിരിക്കും ഈ ആര്‍ദ്രം കോര്‍ണറിന്റെ ചുമതല. അതോടൊപ്പം മതൃഹസ്ത്-ലൂടെ മാതൃ പി.ടി.എ.യുടെ സഹകരണത്തോടെ കുട്ടികളുടെ ഒരു അമ്മയുടെ സേവനം ദിവസവും മാറിമാറി ലഭ്യമാക്കും.

ആ സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഒരു ഡോക്ടറെ ചങ്ങാതി ഡോക്ടറാക്കി ഇതിന്റെ ചുമതല നല്‍കും. സ്‌കൂളില്‍ നിന്നും വരുന്ന ആദ്യ കോള്‍ സ്വീകരിച്ച് വേണ്ടത്ര മാര്‍ഗ നിര്‍ദേശം നല്‍കുക എന്നതാണ് ഈ ഡോക്ടറുടെ ചുമതല.

ഈ ഡോക്ടര്‍ വരാതെ തന്നെ കുട്ടിയ്ക്ക് എവിടെ ചികിത്സ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കും. മാസത്തില്‍ ഒരിക്കലെങ്കിലും ഈ ഡോക്ടര്‍ ഹെല്‍ത്ത് കോര്‍ണര്‍ സന്ദര്‍ശിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വിലയിരുത്തും. ഡോക്ടര്‍മാരുടെ സംഘടനയുമായി സഹകരിച്ചായിരിക്കും ചങ്ങാതി ഡോക്ടര്‍ പ്രാവര്‍ത്തികമാക്കുക.

ഐ.എം.എ., കെ.ജി.എം.ഒഎ., യു.എന്‍. ദുരന്ത നിവാരണ സമിതി വിദഗ്ധന്‍ മുളരി തുമ്മാരക്കുടിയുടെ ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ്‌ലസ് ഫോര്‍ എന്‍.ജി.ഒ., വിന്‍സ് ഹോസ്പിറ്റല്‍ വയനാട് എന്നിവരുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here