കാസര്‍കോഡന്‍ നന്മയില്‍നിന്നും പൊന്നുപോലൊരു എ ഗ്രേഡും വാരിയെടുത്ത് സിദ്ധാര്‍ത്ഥ്

ബൈക്കില്‍ കുതിച്ചെത്തിയ പേരറിയാത്ത ഒരു കാസര്‍കോഡന്‍ ചേട്ടനാണ് സിദ്ധാര്‍ത്ഥ് മോണോ ആക്ടിലെ എ ഗ്രേഡ് സമര്‍പ്പിക്കുന്നത്. അപ്പീലുമായി എത്തി കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയപ്പോള്‍ മത്സര വേദിയിലേക്ക് ബൈക്കില്‍ ചീറിപ്പാഞ്ഞെത്തിച്ചത് ആ ചേട്ടനാണ്. കാത്തിരുന്ന് സംഘാടകരും മത്സരിക്കാന്‍ അവസരം നല്‍കിയപ്പോള്‍ കാസര്‍കോഡന്‍ നന്‍മയില്‍ നിന്ന് പൊന്നു പോലൊരു എ ഗ്രേഡും വാരിയെടുത്താണ് സിദ്ധാര്‍ത്ഥ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്.

നാടകീയമെന്ന് പറഞ്ഞാല്‍ ആദ്യന്തം നാടകീയം..ഹൈസ്‌ക്കൂള്‍ വിഭാഗം മോണോ ആക്ടില്‍ സിദ്ധാര്‍ത്ഥന്റെ എ ഗ്രേഡ് നേട്ടത്തെ വിശേഷിപ്പിക്കാന്‍ മറ്റൊന്നും മതിയാവില്ല. കഥയെന്താണെന്നറിയണ്ടേ. അതിങ്ങനെ… തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥയ്ക്ക് ജില്ലയില്‍ കിട്ടിയത് ആ ഗ്രേഡും രണ്ടാം സ്ഥാനവും. ആദ്യ അപ്പീല്‍ തള്ളിയപ്പോള്‍ ലോകായുക്തയില്‍ നിന്ന് അനുകൂല വിധി നേടി. എന്നാല്‍ ലോകായുക്തയുടെ വിധി കലോത്സവ അപ്പീല്‍ കമ്മറ്റിക്ക് കിട്ടുന്നത് മത്സരം അവസാനിക്കാറാവുമ്പോള്‍.

മത്സരിക്കാനുള്ള അനുമതി ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നിന്ന് വാങ്ങി നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക്. പക്ഷേ റോഡിലാണെങ്കില്‍ കുരുക്കോട് കുരുക്ക്. അപ്പോഴതാ വരുന്നു ഒരു ചേട്ടന്‍. സിദ്ധാര്‍ത്ഥിനെയും അച്ഛന്‍ ഷാജഹാനെയും കൊണ്ട് ഗതാഗതകുരുക്കിനിടയിലൂടെ ചീറിപ്പാഞ്ഞ് വേദിക്കരികിലെത്തിച്ചു

അര മണിക്കൂറിലേറെ കാത്തിരുന്ന് അവസാന കോള്‍ കഴിഞ്ഞ് മത്സരം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന സംഘാടകര്‍ ഓടിപ്പാഞ്ഞെത്തിയ സിദ്ധാര്‍ത്ഥയുടെ കണ്ണീര്‍ കണ്ട് അവരമൊരുക്കി. വൈലോപ്പിള്ളിയുടെ മാമ്പഴത്തില്‍ തുടങ്ങി ഷെഹല യുടെ മരണം വരെ പറഞ്ഞ മിന്നുന്ന പ്രകടനം.

അവസാനമായെത്തി. ഫലം വന്നപ്പോള്‍ സമയത്തെയും ദൂരത്തെയും ജില്ലാ വിധിയെയുമെല്ലാം തോല്‍പിച്ച് എ ഗ്രേഡിന്റെ തിളക്കം. കാസ്‌റോടുകാരെ ന്തൊരു മനുഷ്യരാണ് പ്പാ നിങ്ങ. എജ്ജാതി മനുഷ്യരാണ്… ആരുടെയെല്ലാം സ്‌നേഹമുദ്ര ആ എ ഗ്രേഡില്‍ പതിഞ്ഞിട്ടുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News