ചേലക്കര സംസ്ഥാനത്തെ മികച്ച ജൈവകൃഷി നിയോജകമണ്ഡലം

ജൈവകൃഷി രീതി മികച്ച രീതിയില്‍ നടപ്പാക്കിയതിന് ചേലക്കര നിയോജകമണ്ഡലത്തിന് സംസ്ഥാനതല പുരസ്‌കാരം. മണ്ഡലത്തിലെ തിരുവില്വാമല, പഴയന്നൂര്‍, കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, ദേശമംഗലം, വരവൂര്‍, മുള്ളൂര്‍ക്കര എന്നീ 9 പഞ്ചായത്തുകളിലാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്. 15 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും മണ്ഡലത്തിന് ലഭിക്കും. മന്ത്രി വി എസ് സുനില്‍ കുമാറാണ് തിരുവനന്തപുരത്ത് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അടക്കമുള്ള വിദഗ്ധ സംഘം അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയില്‍ ഉള്‍പ്പെട്ട 9 പഞ്ചായത്തുകളിലെയും കൃഷി ഇടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മണ്ഡലത്തിലെ ആകെ കൃഷിയോഗ്യമായ ഭൂമി 12891 ഹെക്ടര്‍ ആണ്. അതില്‍ തന്നെ 7887 ഹെക്ടര്‍ സ്ഥലത്ത് ജൈവ കൃഷി രീതി അവലംബിക്കുന്നതായി വിദഗ്ധ സംഘം കണ്ടെത്തി.

ഇത് മൊത്തം കൃഷി വിസ്തൃതിയുടെ 61.17 ശതമാനം വരും. 9059 കര്‍ഷകര്‍ ജൈവകൃഷി രീതി അവലംബിക്കുന്നതായി അവാര്‍ഡ് നിര്‍ണ്ണയ വിദഗ്ധ സംഘം കണ്ടെത്തി. പ്രധാന ഭക്ഷ്യ വിളകളായ നെല്ല്, പച്ചക്കറി, വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, തെങ്ങ്, ജാതി, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കവുങ്ങ്, പൂക്കള്‍ എന്നിവ ജൈവ കൃഷി രീതിയിലേക്ക് കൊണ്ടുവന്ന വിളകളില്‍ ഉള്‍പ്പെടുന്നു.

മാലിന്യ സംസ്‌കരണം, മണ്ണ്, ജല സംരക്ഷണം വിവിധ തരം ജൈവ വളങ്ങളുടെ ഉല്‍പാദനം എന്നിവ മികച്ച രീതിയില്‍ മണ്ഡലത്തില്‍ അനുവര്‍ത്തിച്ച് വരുന്നു. തിരുവില്വാമലയില്‍ പ്രവര്‍ത്തന സജ്ജമാക്കിയ ഖരമാലിന്യ പ്ലാന്റ് – ഇതിന്റെ ഭാഗമായി 500 കി ഗ്രാം സംഭരണ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റും, 3 ടണ്‍ സംഭരണ ശേഷിയുള്ള വിന്‍ഡ്രോ കമ്പോസ്റ്റും പ്ലാന്റും പ്രവര്‍ത്തിക്കുന്നു.

ഹരിത കേരള മിഷന്റെ ഭാഗമായി ”മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം” എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ”ക്ലീന്‍ പഴയന്നൂര്‍ ഗ്രീന്‍ പഴയന്നൂര്‍”* എന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ഈ പ്ലാന്റില്‍ ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റി ”കൃഷി മിത്ര”* എന്ന ബ്രാന്‍ഡ് നെയിമില്‍ 10 കിലോ, 25 കിലോ പാക്കറ്റുകളില്‍ വിപണനം നടത്തുന്നു.

പൊതുജനങ്ങളിലും കര്‍ഷകരിലും ജൈവ കൃഷിയുടെ അവബോധവും പ്രധാന്യവും പ്രാവര്‍ത്തികമാക്കുന്നതിന് മണ്ഡലത്തിലെ എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഇടപെടലും സേവനങ്ങളും എന്നീ കാര്യങ്ങള്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ പെടുന്നു.

രണ്ട് പ്രളയത്തിനിടയിലുണ്ടായ നാശനഷ്ടങ്ങള്‍ക്കിടയിലും ഉപജീവന മാര്‍ഗ്ഗമായ കൃഷിയെ മുറുകെ പിടിച്ചുകൊണ്ട് പരമാവധി സ്ഥലത്ത് കൃഷി ഇറക്കാനും അതും ജൈവകൃഷി രീതി കഴിയുന്നത്ര അവലംബിക്കുന്നതിനും കര്‍ഷകര്‍ തയ്യാറായി ഇതിന് മികച്ച പിന്തുണ നല്‍കി ഇടപെടല്‍ നടത്തിയ കൃഷി ഓഫീസര്‍മാരും അവാര്‍ഡ് ലഭിക്കുന്നതിന് സഹായിച്ചിട്ടുണ്ട് എന്ന് എംഎല്‍എ യു ആര്‍ പ്രദീപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News