
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തുടർച്ചയായി രണ്ടാംവട്ടവും മികച്ച സംവിധായകനുള്ള രജതമയൂരം നേടി ലിജോ ജോസ് പെല്ലിശ്ശേരി. കശാപ്പുശാലയിൽനിന്ന് കയറുപൊട്ടിച്ചോടിയ പോത്തിനെ പിടിക്കാനിറങ്ങിയ ഗ്രാമീണരുടെ കഥപറഞ്ഞ “ജല്ലിക്കട്ടി’ലൂടെയാണ് രണ്ടാംനേട്ടം.
15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജൂറി അംഗം രമേഷ് സിപ്പിയിൽനിന്ന് ലിജോ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞവർഷം ലിജോയുടെ “ഈ മ യൗ’ മികച്ച സംവിധായകനും നടനുമുള്ള (ചെമ്പൻ വിനോദ്) രജതപുരസ്‌കാരങ്ങൾ നേടി.
ബ്ലെയ്‌സ് ഹാരിസൺ ഒരുക്കിയ ഫ്രഞ്ച്, സ്വിസ് ചിത്രം “പാർട്ടിക്കിൾസ്’ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടി. 40 ലക്ഷം രൂപയാണ് സമ്മാനതുക. ഉദയകുമാർ കസ്റ്റഡിമരണക്കേസിൽ പ്രതികളായ പൊലീസുകാർക്ക് ശിക്ഷ നേടിക്കൊടുക്കാൻ അമ്മ പ്രഭാവതി അമ്മ നടത്തിയ 13 വർഷം നീണ്ട നിയമപോരാട്ടത്തെ ആധാരമാക്കി ഒരുക്കിയ മറാത്തി ചിത്രം “മായിഘട്ടി’ലൂടെ ഉഷ ജാദവ് മികച്ച നടിക്കുള്ള രജതമയൂരം നേടി. മലയാളിയും പ്രമുഖനടനുമായ ആനന്ദ് മഹാദേവനാണ് ചിത്രം ഒരുക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം ബ്രസീലിയൻ താരം സൌ ജോർജ് നേടി.
ബ്രസീലിൽ പട്ടാളസേച്ഛാധിപത്യത്തിനെതിരെ പോരാടിയ കമ്യൂണിസ്റ്റ് പോരാളിയും എഴുത്തുകാരനുമായ കാർലോസ് മറിഗെല്ലയുടെ ജീവിതകഥപറഞ്ഞ “മറിഗെല്ല’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. നവാഗത സംവിധായക പുരസ്‌കാരം റൊമേനിയൻ, അൽജീരിയൻ- സംവിധായകർ പങ്കിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here