സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു ; ബിജുമോൻ ആന്റണി മികച്ച കർഷകൻ

സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിനുള്ള ഏറ്റവും മികച്ച കർഷകനായി- ഇടുക്കി പാമ്പാടുംപാറ കളപ്പുരയ്‌ക്കൽ ബിജുമോൻ ആന്റണിയെ തെരഞ്ഞെടുത്തു. തൃശൂർ പള്ളിപ്പുറം, ആലപ്പാട് പാടശേഖര സമിതിക്കാണ്‌ മികച്ച ഗ്രൂപ്പ് ഫാമിങ്‌ സമിതിക്കുള്ള മിത്രാനികേതൻ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്. കൃഷിമന്ത്രി വി എസ് സുനിൽകുമാറാണ്‌ സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചത്‌.

ഹരിപ്പാട് പാലകുളങ്ങരമഠം വി വാണിയാണ്‌ ഏറ്റവും മികച്ച കർഷക. യുവകർഷകൻ പാലക്കാട് മീനാക്ഷിപുരം രാമപ്പണ്ണെ ജ്ഞാനശരവണൻ. ഏറ്റവും മികച്ച തെങ്ങ് കർഷകനായി പാലക്കാട്‌ ഏലപ്പുള്ളി നല്ലംപുരയ്ക്കൽ വേലായുധനെ തെരഞ്ഞെടുത്തു.

മികച്ച പച്ചക്കറി കർഷകനായി ആലപ്പുഴ കഞ്ഞിക്കുഴി ശുഭകേസനെ തെരഞ്ഞെടുത്തു. പുഷ്പകൃഷിക്കുള്ള ഉദ്യാനശ്രേഷ്ഠ പുരസ്‌കാരത്തിന്‌ ആലപ്പുഴ സക്കറിയ ബസാറിലെ സ്വപ്ന സുലൈമാനെയും മികച്ച പട്ടികവിഭാഗം കർഷകനുള്ള കർഷകജ്യോതിക്ക്‌ പത്തനംതിട്ട അടൂരിലെ മാധവൻ എം മണലിക്കലിനെയും തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഫലകവും സർട്ടിഫിക്കറ്റുമാണ്‌ പുരസ്‌കാരങ്ങൾ.

ഇടുക്കി കുമളിയിലെ ബിൻസിവ ജെയിംസ്, കാസർകോട്‌ മൊഗ്രാൽപുത്തൂരിലെ ഖദീജ മുഹമ്മദ് എന്നിവരാണ്‌ മികച്ച കർഷക വനിതകൾ. കർഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്‌കാരം മലപ്പുറം അങ്ങാടിപ്പുറത്തെ മുഹമ്മദ് ഹുസൈനാണ്‌.

നീർത്തട പദ്ധതിക്കുള്ള ക്ഷോണിരത്‌ന കണ്ണൂർ ഇരിട്ടി പായം പഞ്ചായത്തിനാണ്‌. അച്ചടി മാധ്യമത്തിന്‌ കർഷകശ്രീ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ടി കെ സുനിൽകുമാറിനും ദൃശ്യമാധ്യമത്തിന്‌ മനോരമ ന്യൂസിലെ ടോണി ജോസിനും നവമാധ്യമത്തിന്‌ രാഷ്‌ട്രദീപികയിലെ ടോം ജോർജിനും പുരസ്‌കാരം സമ്മാനിക്കും. കൃഷി ശാസ്ത്രജ്ഞനുള്ള കൃഷിവിജ്ഞാൻ- പുരസ്‌കാരം തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ഡോ. സി ആർ എൽസിക്കാണ്‌.

ഗവൺമെന്റ് ഫാമിനുള്ള ഹരിതകീർത്തി പുരസ്‌കാരം എറണാകുളം നേര്യമംഗലത്തെ ജില്ലാകൃഷിത്തോട്ടത്തിനാണ്‌. മണ്ണാർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ്‌ സ്വകാര്യഫാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News