കോൺഗ്രസ്‌- ശിവസേന സഖ്യം; യുഡിഎഫിൽ അസ്വാരസ്യം; പ്രതിഷേധിച്ച്‌ മുസ്ലിം ലീഗ്‌; പ്രതികരിക്കാതെ മുല്ലപ്പള്ളിയും ചെന്നിത്തലയും

മഹാരാഷ്‌ട്രയിലെ പുതിയ ഭരണ സഖ്യം കേരളത്തിലെ യുഡിഎഫിൽ അസ്വാരസ്യത്തിന്‌ വഴിമരുന്നിട്ടു. ശിവസേനയുമായുള്ള കോൺഗ്രസിന്റെ ചങ്ങാത്തം മുസ്ലിം ലീഗിനെയാണ്‌ മുഖ്യമായും വെട്ടിലാക്കിയത്‌. കോൺഗ്രസിലും പ്രതിസന്ധി രൂക്ഷമാണ്‌. സഖ്യത്തിൽ പ്രതിഷേധിച്ച്‌ മലപ്പുറത്ത്‌ ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചത്‌ കോണഗ്രസിലെ ന്യൂനപക്ഷങ്ങളുടെ വികാരമാണെന്ന്‌ നേതൃത്വം ഭയക്കുന്നു.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിൽ മുസ്ലിംലീഗ്‌ നേതൃത്വം സോണിയ ഗാന്ധിയെ നേരിട്ടുകണ്ട്‌ പരാതിപ്പെട്ടത്‌ ഏതാനും ദിവസം മുമ്പാണ്‌. അതിന്റെ ചൂടാറുംമുമ്പാണ്‌ ഹിന്ദുവർഗീയ പാർടിയായ ശിവസേനയുമായി കോൺഗ്രസ്‌ കൈകോർത്തത്‌. ഇതിലുള്ള അസ്വസ്ഥത ലീഗിനുള്ളിൽ പുകയാൻ തുടങ്ങിയിട്ടുമുണ്ട്‌.

അയോധ്യവിധിയിലടക്കം കോൺഗ്രസ്‌ സ്വീകരിച്ച നിലപാട്‌ മുസ്ലിംലീഗിനെ അലോസരപ്പെടുത്തിയിരുന്നു. മുത്തലാഖ്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിലും മൃദു ഹിന്ദുത്വ സമീപനമാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചതെന്ന്‌ ലീഗിനുള്ളിൽ ശക്തമായ വികാരമുണ്ട്‌. എന്നാൽ മുസ്ലിംലീഗിന്റെ ആവശ്യം ചെവിക്കൊണ്ടില്ലെന്നതിന്‌ തെളിവായി പുതിയസഖ്യത്തെ ലീഗ്‌ നേതൃത്വം വിലയിരുത്തുന്നു.

ബിജെപിയെ തളയ്‌ക്കാനാണ്‌ കോൺഗ്രസ്‌– സേന കൂട്ടുകെട്ട്‌ എന്ന ന്യായവാദം അണികൾക്ക്‌ സ്വീകാര്യമാകുന്നില്ല. മാത്രവുമല്ല, മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിച്ചത്‌ പാർടിക്ക്‌ ഊർജം പകരുമെന്ന ദേശീയനേതൃത്വത്തിന്റെ വിലയിരുത്തൽ മുസ്ലിംലീഗിനെ വല്ലാതെ വേദനിപ്പിക്കുന്നു.

ശിവസേനയുമായി കോൺഗ്രസ്‌ സഖ്യമുണ്ടാക്കിയതിന്‌ അണികളോട്‌ എന്ത്‌ സമാധാനം പറയുമെന്ന അങ്കലാപ്പിലാണ്‌ ലീഗ്‌ നേതൃത്വം. അണികളിൽ അമർഷം പുകയുകയാണെങ്കിലും തടയിടാൻ വഴികാണാതെ ഉഴറുകയാണ്‌ നേതാക്കൾ. കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളോട്‌ തങ്ങളുടെ വികാരം ശക്തമായി അറിയിച്ചതായാണ്‌ സൂചന. കോൺഗ്രസ്‌–-ശിവസേന സഖ്യം രാഷ്‌ട്രീയ തർക്കമുഖം തുറക്കുമെന്നുതന്നെയാണ്‌ ഇരുപാർടിയുടെയും ഉള്ളിലിരിപ്പ്‌.

ബിജെപി-അജിത്‌പവാർ സഖ്യം രൂപംകൊണ്ടപ്പോൾ അത്‌ എൻസിപി–ബിജെപി സഖ്യമായി വ്യാഖ്യാനിച്ച്‌ രംഗത്തുവന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ്‌ ചെന്നിത്തലയും എൽഡിഎഫിൽനിന്ന്‌ എൻസിപിയെ പുറത്താക്കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌.

ശിവസേനയുമായി ചേർന്ന്‌ സർക്കാർ രൂപീകരിക്കാതിരുന്നതിലുള്ള ആശ്വാസവും ചെന്നിത്തല പ്രകടിപ്പിച്ചു. മുല്ലപ്പള്ളിയാകട്ടെ, ശിവസേനയുമായി കോൺഗ്രസ്‌ ധാരണപോലും പാടില്ലെന്ന തങ്ങളുടെ വികാരം ഹൈക്കമാൻഡിനെ ശക്തമായി അറിയിച്ചിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തി. പക്ഷേ, അവിടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മുല്ലപ്പള്ളിയും ചെന്നിത്തലയും മൗനത്തിലാണ്‌.

അധികാരം പങ്കിടൽ കോൺഗ്രസിൽ വരുംദിവസങ്ങളിൽ വിഴുപ്പലക്കലിന്‌ വഴിയൊരുക്കുമെന്ന്‌ ഉറപ്പാണ്‌. ശിവസേനയുമായല്ല, ബിജെപിയുമായി ചേർന്നാൽപോലും ലീഗിന്‌ യുഡിഎഫ്‌ അല്ലാതെ പോംവഴിയില്ലെന്ന ആശ്വാസത്തിലാണ്‌ കെപിസിസി നേതാക്കൾ.

മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ ശിവസേനയുമായി ഭരണം പങ്കിടുന്നതിൽ പ്രതിഷേധിച്ച്‌ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി മുസ്‌തഫ ബക്കർ രാജിവച്ചു. വർഗീയ ഫാസിസത്തിനെതിരെ പോരാടുമെന്ന പ്രഖ്യാപിതനയത്തിന്‌ വിരുദ്ധമാണ്‌ തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു. രാജിക്കത്ത്‌ എഐസിസി പ്രസിഡന്റ്‌ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കയച്ചു. മുസ്‌തഫ ബക്കർ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News