സേനാ നടപടി; തെക്കൻ ഇറാഖിലെ നസിറിയയിൽ 25 പേർ കൊല്ലപ്പെട്ടു

തെക്കൻ ഇറാഖിലെ നസിറിയയിൽ പ്രക്ഷോഭകർക്കുനേരെ വ്യാഴാഴ്‌ചയുണ്ടായ സേനാ നടപടിയിൽ 25 പേർ കൊല്ലപ്പെട്ടു. 200ൽപ്പരം ആളുകൾക്ക്‌ പരിക്കേറ്റു. ഇതോടെ കഴിഞ്ഞ മാസമാദ്യം ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ൽപ്പരം ആളുകൾക്ക്‌ ഇക്കാലയളവിൽ പരിക്കേറ്റിട്ടുണ്ട്‌.

ബുധനാഴ്‌ച രാത്രി നജാഫിൽ പ്രക്ഷോഭകർ ഇറാന്റെ കോൺസുലേറ്റ്‌ കത്തിച്ചിരുന്നു. തുടർന്ന്‌ വ്യാഴാഴ്‌ച രാവിലെ പ്രധാനമന്ത്രി ആദിൽ അബ്‌ദൽ മഹ്‌ദി സമാധാനം സ്ഥാപിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ മുതിർന്ന സേനാ കമാൻഡർമാരെ അയച്ചു. നസിറിയയിൽ 25 പേർ കൊല്ലപ്പെട്ടത്‌ ശക്തമായ പ്രതിഷേധത്തിനിടയാക്കി.

ഇവിടേക്ക്‌ അയച്ച കമാൻഡർ ജാമിൽ ഷമ്മറിയെ മാറ്റണമെന്ന്‌ ഗവർണർ ആദിൽ അൽ ദാഖിലി ആവശ്യപ്പെട്ടതിനെ തുടർന്ന്‌ കമാൻഡറെ പിൻവലിച്ചു. രണ്ട്‌ പാലങ്ങളിൽ കുത്തിയിരുന്ന്‌ ഉപരോധം തീർത്തവരാണ്‌ നസിറിയയിൽ കൊല്ലപ്പെട്ടത്‌. ഇതിൽ ക്ഷുഭിതരായ പ്രക്ഷോഭകർ ഒരു പൊലീസ്‌ സ്‌റ്റേഷൻ കത്തിച്ചു.

നജാഫിലെ കോൺസുലേറ്റ്‌ കത്തിച്ചതിൽ പ്രതിഷേധിച്ച ഇറാൻ ശക്തമായ നടപടി വേണമെന്ന്‌ ഇറാഖിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇറാഖ്‌ സർക്കാരിന്‌ ഇറാന്റെ പിന്തുണയുള്ളതിനാലാണ്‌ സമരക്കാർ അവരുടെ കോൺസുലേറ്റ്‌ കത്തിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News