ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും ഡേറ്റ ചോര്‍ന്നു; വില്ലന്‍മാരായത് ഫോട്ടോ എഡിറ്റിംങ് ആപ്പുകള്‍

ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും വന്‍തോതില്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തരതലത്തില്‍ ഇത്തരത്തിലുള്ള ഡേറ്റ മോഷണം നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഇത് സ്ഥിരീകരിച്ച് ഫെയ്‌സ്ബുക്കും ട്വിറ്ററും രംഗത്തെത്തിയത്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറത്തുവിട്ടു.

വണ്‍ ഓഡിയന്‍സ്, മൊബിബേണ്‍ എന്ന കമ്പനികളാണ് ഡേറ്റ ചോര്‍ത്തലിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്ലേ സ്റ്റോറിലെ ആപ്പുകളിലൂടെയാണ് കമ്പനികള്‍ പ്രധാനമായും ഡേറ്റ ചോര്‍ത്തല്‍ നടത്തിയത്. പ്ലേ സ്റ്റോറിലെ ചില ആപ്ലിക്കേഷനുകളിലേക്ക് ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും അക്കൗണ്ട് ഉപയോഗിച്ച് പ്രവേശിക്കാനാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് കമ്പനികള്‍ രഹസ്യവിവരങ്ങള്‍ പോലും ചോര്‍ത്തിയത്.

വണ്‍ ഓഡിയന്‍സ് കമ്പനി തയാറാക്കിയ സോഫ്റ്റ്വെയര്‍ ഡവലപ്‌മെന്റ് കിറ്റാണ് (എസ്ഡികെ) ട്വിറ്ററിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. ഇതുവഴി ഉപയോക്താക്കളുടെ ഇമെയില്‍, ട്വിറ്റര്‍ യൂസര്‍ നെയിം, ട്വീറ്റുകള്‍ തുടങ്ങിയ വണ്‍ ഓഡിയന്‍സിന്റെ സെര്‍വറുകളിലൊന്നിലേക്കു നേരിട്ടെത്തുകയായിരുന്നു.

ഉപയോക്താക്കളുടെ സ്വകാര്യതാ ലംഘനത്തിന്റെ പരിധിയിലാണ് ഇത്തരം ചോര്‍ത്തലുകള്‍ വരിക. അതേസമയം ട്വിറ്ററിന്റെ സോഫ്റ്റ്വെയര്‍ തലത്തിലുള്ള പിഴവല്ല പ്രശ്‌നത്തിനു കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്ന യൂസര്‍മാരുടെ മാത്രം വ്യക്തിഗത ഡേറ്റയാണ് ചോര്‍ത്തപ്പെട്ടിട്ടുള്ളത്.

ഫെയ്‌സ്ബുക്കില്‍ നിന്നും ഇത്തരത്തില്‍ വണ്‍ഓഡിയന്‍സും മൊബിബേണും ഡേറ്റ ചോര്‍ത്തിയതായി ഫെയ്‌സ്ബുക്കും സമ്മതിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ ആപ്ലിക്കേഷന്‍ ഉപയോഗം സംബന്ധിച്ച നയങ്ങള്‍ മറികടന്നായിരുന്നു ഇവയുടെ പ്രവര്‍ത്തനം. പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ആപ് സ്റ്റോറുകളിലേക്ക് ആപ്ലിക്കേഷനുകള്‍ തയാറാക്കുന്ന ഡവലപര്‍മാര്‍ക്കു പണം നല്‍കിയാണ് ഡേറ്റ ചോര്‍ത്തലിനുള്ള എസ്ഡികെ അനധികൃതമായി കടത്തിയിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

ഫെയ്‌സ്ബുക്കിലെ തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളിലേക്കും അത്തരത്തില്‍ ഉപദ്രവകാരികളായ എസ്ഡികെ കടന്നുകൂടിയതായി ഫെയ്‌സ്ബുക് സമ്മതിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഈ ആപ്പുകളെല്ലാം നീക്കം ചെയ്തു. നയലംഘനം നടത്തിയതിന് വണ്‍ഓഡിയന്‍സിനും മൊബിബേണിനും നോട്ടിസ് അയച്ചിട്ടുമുണ്ട്.

ഏതെല്ലാം ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തപ്പെട്ടെന്നു കണ്ടെത്തി വരും നാളുകളില്‍ അവരെ വിവരം അറിയിക്കുമെന്നും ഫെയ്‌സ്ബുക് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഫെയ്‌സ്ബുക് അക്കൗണ്ടിന്റെ യൂസര്‍നെയിമും ഇമെയിലും പേരുമെല്ലാം ഉപയോഗിച്ച് വിവിധ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏതെല്ലാം ആപ്ലിക്കേഷനുകള്‍ പ്രശ്‌നക്കാരാണെന്ന് അറിയിക്കുന്നതിനുള്ള സംവിധാനവും കമ്പനി ഒരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News