നടിമാരില്‍ പലരും ലഹരിക്ക് അടിമ; കഞ്ചാവ് ഒക്കെ വിട്ടു, അതിലും വലുതാണ്; വന്‍ വെളിപ്പെടുത്തലുമായി ബാബുരാജ്

സിനിമ മേഖലയിലെ പുതുതലമുറ നടന്‍മാരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടനും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ടെന്നും നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് വെളിപ്പെടുത്തി.

ബാബുരാജിന്റെ വാക്കുകള്‍:

”ഓരോരുത്തരുടെ പെരുമാറ്റം കണ്ടാല്‍ അറിയാം. കഞ്ചാവ് ഒക്കെ വിട്ടു, അതിലും വലിയ തലത്തിലേക്ക് കാര്യങ്ങള്‍ പോയി. ഇതൊരു ഫാഷനായി മാറിയിരിക്കുകയാണ്. ന്യൂജെന്‍ സിനിമയില്‍ ഇതുവേണമെന്നാണ് പറയുന്നത്. ഇതൊക്കെ ഉപയോഗിക്കാത്തവന്‍ ഒന്നിനും കൊള്ളില്ലെന്നാണ് പറയുന്നത്. ഇത് ഉപയോഗിക്കുന്നവര്‍ മാത്രമായി സിനിമ ചെയ്യുന്നവരുമുണ്ട്. അവര്‍ക്കൊരു സംഘടനകളുണ്ട്.”

”അമ്മയുടെ ബൈലോ പുതുക്കി. അതില്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ടൊരു പ്രശ്‌നം മയക്കുമരുന്ന് ഉപയോഗമാണ്. ഞാനൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയി. കാലത്ത് ചെന്നതാണ്. കുറേനേരം താമസിച്ചു. അപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു, ചേട്ടാ ഇന്ന് ഷൂട്ടില്ല പൊയ്‌ക്കോളാന്‍.”

”കാരണം അന്നു വരാമെന്ന് പറഞ്ഞ നായകനടന് വരാന്‍ സാധിക്കില്ല. ഫോണ്‍ വിളിച്ച് എടുത്തില്ല. എടുത്തത് രാവിലെ 11 മണിക്ക്. ഇതൊക്കെ ഇപ്പോള്‍ ഉണ്ടായ കീഴ്വഴക്കമാണ്. കള്ളുകുടിയും ലഹരിയും തമ്മില്‍ വ്യത്യാസമുണ്ട്. ഇത് ഉപയോഗിച്ചാല്‍ എപ്പോള്‍ എണീക്കും എന്ന് പറയാന്‍ കഴിയില്ല. സൂര്യന്‍ ഉദിച്ചാലാകും പലരും ഉറങ്ങാന്‍പോകുക.”

”പൊലീസ് ഒന്നു തപ്പി കഴിഞ്ഞാല്‍ ഇവരെല്ലാം അകത്താകും. വിഷമം കൊണ്ടു പറയുന്നതാണ്. ഇതൊന്നും നമ്മുടെ പരിതിയില്‍ അല്ല. കാര്യങ്ങള്‍ കൈവിട്ടുപോയി. പെണ്‍കുട്ടികള്‍ അടക്കം ഇത് ഉപയോഗിക്കുകയാണ്.”

”ഷെയ്‌നിന്റെ അച്ഛന്‍ അബിയെ നന്നായി അറിയാം. ഷെയ്‌നുമൊത്തുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഞാന്‍ പോയില്ല. കാരണം ഇത് ഇങ്ങനെയേ വരൂ എന്ന് എനിക്ക് അറിയാം. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ ‘അമ്മ’യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും അമ്മ’യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ല.”

”ഷെയിനിന്റെ വിഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകും. അവനെ അടുത്ത് പരിചയമുണ്ടെങ്കില്‍ ഞാന്‍ തന്നെ വിളിച്ചുപറഞ്ഞേനെ. ഷെയിന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ട്.” ബാബുരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here