കേരള ബാങ്ക് രുപീകരണം: അവസാന കടമ്പയും നീങ്ങി; ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതിയുടെ അനുമതി

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനമിറക്കാമെന്നും കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തിരമായി വാദം കേട്ടാണ് കോടതി ഉത്തരവിട്ടത്. ലയനാനുമതി നല്‍കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് കോടതി അനുവാദം നല്‍കി.

സഹകരണ നിയമമനുസരിച്ച് ബാങ്കുകളുടെ ലയനത്തിനായി പ്രമേയം പാസ്സാക്കാന്‍ ബാങ്ക് പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം.എന്നാല്‍ ഇത് കേവല ഭൂരിപക്ഷം മതി എന്ന രീതിയില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.ഈ ഭേദഗതി ഹൈക്കോടതി അംഗീകരിച്ചു. ബാങ്കിനുള്ള എല്ലാവിധ സംയോജന നടപടികളുമായും സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോവാമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കോടതി വ്യക്തമാക്കിയിരുന്നു.

കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള അവസാന കടമ്പയും കോടതി ഉത്തരവോടെ നീങ്ങിയിരിക്കുകയാണ്. റിസര്‍വ്വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസിന്റെ വിധിയ്ക്കു വിധേയമായി മാത്രമെ ലയന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നുള്ളൂ.അതിനാല്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ വേഗത്തില്‍ തീരുമാനത്തിനായി സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു.ഇത് പരിഗണിച്ചാണ് കോടതി വാദം പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്.

മാര്‍ച്ച് 31നകം ലയന നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിബന്ധന. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ ലയനനടപടികള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. കേരള ബാങ്ക് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനത്തില്‍ ഒന്നിനുകൂടി സാക്ഷാല്‍ക്കാരമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News