അര്‍ബുദത്തെ തോല്‍പ്പിച്ച് അതിജീവനത്തിന്റെ സംഗീതവുമായി അവനി

അതിജീവനത്തിന്റെ സംഗീതവുമായാണ് അവനി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡേക്ക് പറന്നെത്തിയത്. സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് അര്‍ബുദത്തെ തോല്‍പിച്ച അവനി വിജയത്തിളക്കവുമായാണ് മടങ്ങുന്നത്. ചികിത്സക്കിടെ ദീര്‍ഘയാത്ര സാധ്യമല്ലാത്തതിനാല്‍ വിമാന മാര്‍ഗ്ഗമാണ് അവനിയെത്തിയത്.

പ്രകാശം പരത്തുകയാണ് അവനി. അതിജീവനത്തിന്റെ തെളിഞ്ഞ പ്രകാശം. ജീവിതത്തില്‍ പാതി വഴിയില്‍ മുറിഞ്ഞു പോയ സംഗീതത്തിന്റെ താളവും ലയവും തിരിച്ചു പിടിച്ചാണ് ഇവിടെയെത്തിയത്. ഒരു വര്‍ഷം മുമ്പാണ് അര്‍ബുദം ജീവിതത്തില്‍ ഇരുട്ട് വീഴ്ത്താനെത്തിയത് . അവനി തോറ്റില്ല.

കീമോ തെറാപ്പിയുടെ വേദനകള്‍ക്കിടയിലും ചെറുപ്രായം മുതല്‍ കൂടെയുള്ള സംഗീതമായിരുന്നു മനസ്സില്‍. നീണ്ട ചികിത്സക്കിടയില്‍ ഇടറിപ്പോയ ശബ്ദം പാടി പാടി തിരിച്ചു പിടിച്ചു. ദീര്‍ഘയാത്രകള്‍ പാടില്ലെന്ന ഡോക്ടറുടെ നിര്‍ദേശം കലോത്സവത്തിനെത്തണമെന്ന ആഗ്രഹത്തിന് ആദ്യം തടസ്സമായി.

ഒടുവില്‍ ഡോക്ടറുടെ അനുമതിയോടെ അവളുടെ സ്വപ്നത്തിന് മാതാപിതാക്കള്‍ ചിറക് നല്‍കി. തിരുവനന്തപുത്ത് നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി കലോത്സവ വേദിയിലെത്തി.

അവനി മത്സരിച്ചത് മറ്റുള്ളവരോടല്ല.. ജീവിതത്തിലെ വെളിച്ചം കെടുത്താനെത്തിയ അര്‍ബുദത്തോടാണ്. മനക്കരുത്തോടെ പാടിയപ്പോള്‍ പദ്യം ചൊല്ലലിലും, കഥകളി സംഗീതത്തിലും, ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡിന്റെ തിളക്കം. അവനിക്കിത് വെറും മത്സരമായിരുന്നില്ല.

തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അവനി. അവനിക്ക് ജീവിതം തിരിച്ചു പിടിക്കാന്‍ കരുത്ത് നല്‍കുന്ന സംഗീതത്തിനായി ലോകത്തിന്റെ ഏത് കോണിലേക്കും യാത്ര ചെയ്യാനൊരുക്കമാണ് മാതാപിതാക്കള്‍ സന്തോഷും സജിതയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News