
ഷെയ്ന്‍ നിഗത്തെ വിലക്കിയതിനെ തുടര്‍ന്ന് പാതിവഴിയിലായ വെയില്‍ സിനിമ പൂര്‍ത്തീകരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫെഫ്കയ്ക്ക് നവാഗത സംവിധായകന്‍ ശരത് കത്തയച്ചു.
ആറ് വര്‍ഷത്തെ തന്റെ സ്വപ്നമാണ് ഈ സിനിമയെന്നും ഒരുപാട് കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും അധ്വാനമാണ് ഇല്ലാതാകുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. അതേസമയം ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും സജീവമാണ്.
ചിത്രീകരണം അവസാനിക്കാന്‍ 18 ദിവസം മാത്രം ബാക്കി നില്‍ക്കെ, ഷെയ്ന്‍ നിഗത്തെ വച്ചുളള സിനിമ വേണ്ടെന്ന നിലപാട് നിര്‍മ്മാതാക്കള്‍ എടുത്തതോടെയാണ് നവാഗത സംവിധായകന്‍ ശരത് ഫെഫ്കയുടെ സഹായം തേടിയിരിക്കുന്നത്.
തന്റെ ആറ് വര്‍ഷത്തെ സ്വപ്നമാണ് വെയില്‍ എന്ന സിനിമ. ഒരുപാട് കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെ അധ്വാനം കൂടിയാണ്. ചിത്രത്തിന്റെ 70 ശതമാനവും ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. വെറും 18 ദിവസം കൂടി ചിത്രീകരണം അവശേഷിക്കെ ഈ ചിത്രം വേണ്ട എന്ന് പ്രൊഡ്യൂസര്‍ പറയുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്.
അതിനായി ദയവായി ഫെഫ്ക മുന്നോട്ടുവന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് സിനിമ പൂര്‍ത്തീകരിക്കാന്‍ സഹായിക്കണമെന്നാണ് ശരത് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തന്നെ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുളള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനുളള ശ്രമങ്ങളും സജീവമാണ്. ഷെയ്ന്‍ നിഗത്തിന്റെ സുഹൃത്തുക്കള്‍ പ്രമുഖ നടന്മാരുമായും നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.
ഷെയ്ന്‍ ആവശ്യപ്പെട്ടാല്‍ സംഘടനയിലെ അംഗം എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ സിനിമാ മേഖലയില്‍ നിന്ന് തന്നെ ചില എതിര്‍പ്പുകളും ശക്തമാണ്. അതിനാല്‍ വീണ്ടും ഇരുകൂട്ടരെയും ഒരുമിച്ചിരുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സിനിമയിലെ വിവിധ സംഘടനകളുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here