നടിയെ ആക്രമിച്ച കേസ്; പ്രത്യേക വിചാരണക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്ക് മുമ്പുള്ള നടപടികളുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ വിചാരണക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ, സുപ്രീം കോടതി ഇന്നലെ നീക്കിയിരുന്നു.

ക‍ഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന വിചാരണയുടെ പ്രാരംഭ നടപടികള്‍ക്കാണ് ഇന്ന് തുടക്കമാവുക.കേസ് പരിഗണിക്കുന്ന വേളയില്‍ പ്രതികള്‍ ഹാജരാകണമെന്നുണ്ടെങ്കിലും എട്ടാം പ്രതിയായ ദിലീപ് വിദേശത്തായതിനാല്‍ ഇന്ന് കോടതിയിലെത്തില്ല.കേസില്‍ കോടതി കുറ്റം ചുമത്തി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനു മുന്നോടിയായി വിശദമായ വാദം കേള്‍ക്കലാണ് ആദ്യ നടപടി.

എന്നാല്‍ മു‍ഴുവന്‍ പ്രതികളും ഹാജരാകാത്ത സാഹചര്യമായതിനാല്‍ അത്തരം നടപടികളിലേക്ക് ഇന്ന് കോടതി കടക്കില്ല.പകരം വിശദമായ വാദത്തിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രാരംഭ നടപടികള്‍ക്ക് വിചാരണക്കോടതി തുടക്കമിട്ടിരുന്നു.

എന്നാല്‍ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെ കേസില്‍ വിചാരണ സ്റ്റേ ചെയ്തിരുന്നു.ഒടുവില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദലീപിന് നല്‍കാന്‍ ക‍ഴിയില്ലെന്ന് തീര്‍പ്പുകല്‍പ്പിച്ച് സുപ്രീം കോടതി ഉത്തരവിട്ടതിനൊപ്പം വിചാരണ തുടരാമെന്നും വ്യക്തമാക്കി.

വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ പ്രത്യേക കോടതിയിലെ നടപടികളും വേഗത്തിലാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News