
തടങ്കലിൽ കഴിയുന്ന രാഷ്ട്രീയനേതാക്കളെ കാണുന്നതിന് ഇടതുപക്ഷ എംപിമാർക്ക് ജമ്മു -കശ്‌മീർ ആഭ്യന്തരവകുപ്പ് അനുമതി നൽകി. സിപിഐ എം രാജ്യസഭാനേതാവ് ടി കെ രംഗരാജൻ, ഉപനേതാവ് എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം എന്നിവർക്കാണ് അനുമതി. അടുത്തയാഴ്‌ച അവിടം സന്ദർശിക്കുമെന്നും ഇക്കാര്യം കശ്‌മീർ ആഭ്യന്തരവകുപ്പിനെ അറിയിച്ചതായും എംപിമാർ പറഞ്ഞു.
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയടക്കമുള്ള രാഷ്ട്രീയനേതാക്കളെ കാണുന്നതിനും അവരുടെ ആരോഗ്യനിലയും മറ്റും മനസ്സിലാക്കുന്നതിനുമായി കശ്‌മീർ സന്ദർശിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് ഇടതുപക്ഷ എംപിമാർ ജമ്മു കശ്‌മീർ ആഭ്യന്തരവകുപ്പിന് കത്തയച്ചിരുന്നു. തടങ്കലിലുള്ള രാഷ്ട്രീയനേതാക്കളുടെ സ്ഥിതിവിവരം അറിയിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര എംപിമാർക്ക് മറുപടി അയച്ചു.
വിവിധ വകുപ്പുകൾ പ്രകാരം തടവിലുള്ള മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്‌ദുള്ള, മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള എന്നിവരെയും ജയിൽ മാന്വൽ നിബന്ധനകൾക്ക് അനുസൃതമായി കാണാം.
അടുത്തയാഴ്‌ച കശ്‌മീർ സന്ദർശിക്കുമെന്ന് എളമരം കരീം പറഞ്ഞു. താഴ്‌വരയിലെ സ്ഥിതിഗതികൾ കണ്ട് മനസ്സിലാക്കി അനുഭവങ്ങൾ രാജ്യസഭയുമായി പങ്കുവയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, രാഹുൽ ഗാന്ധി എംപി തുടങ്ങിയവരെ സുരക്ഷാസേന മടക്കി അയച്ചിരുന്നു. യെച്ചൂരി പിന്നീട് സുപ്രീംകോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദർശിച്ചു. യെച്ചൂരിയുടെ ഇടപെടലിനെ തുടർന്ന് തരിഗാമിക്ക് എയിംസിൽ ചികിത്സാസൗകര്യം ഒരുക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here