825 ശാഖകൾ; 65000 കോടിയുടെ നിക്ഷേപം; കേരള ബാങ്കിന്‌ ഇനി എൻആർഐ നിക്ഷേപം സ്വീകരിക്കാം

825 ശാഖ. അറുപത്തയ്യായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാം ബാങ്കാകുകയാണ്‌ ആരംഭത്തിൽത്തന്നെ കേരള ബാങ്ക്‌. സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി കണക്കുപ്രകാരം എസ്‌ബിടിയുടെ ലയനശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്‌ കേരളത്തിൽ ഒന്നാമതുള്ളത്‌.

1216 ശാഖയും 1.53 ലക്ഷം കോടിരൂപയുടെ നിക്ഷേപവും. ഇതിന്റെ പകുതിയിലധികവും എൻആർഐ നിക്ഷേപമാണ്. എൻആർഐ നിക്ഷേപം സ്വീകരിക്കാൻ ഇനി കേരള ബാങ്കിന്‌ കഴിയും. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ബാങ്കിങ്‌ സേവനം ഗ്രാമീണ ജനതയിലേക്കും എത്തിക്കുന്നതോടെ കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറും.

സംസ്ഥാന–ജില്ലാ ബാങ്കുകൾക്കു പുറമെ കേരളത്തിൽ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസൻസ്ഡ് അർബൻ ബാങ്കുമുണ്ട്. ഇവയാണ് കേരള ബാങ്കിന്റെ അംഗങ്ങൾ. പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമായി നാലായിരത്തഞ്ഞൂറിലധികം ശാഖയുണ്ട്. ഒരുലക്ഷംകോടി രൂപയിലധികം നിക്ഷേപവും. ഇതെല്ലാം ചേരുമ്പോഴുണ്ടാകുന്ന ബാങ്കിങ്‌ ശൃംഖല സംസ്ഥാനത്തിന്റെ ബാങ്കിങ്‌ ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമാകും.

സഹകരണ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്കായിരിക്കും കേരള ബാങ്കിന്റെ നിയന്ത്രണം. പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ ജനറൽ വിഭാഗത്തിൽ 10 അംഗങ്ങളും മൂന്നു വനിതാ അംഗങ്ങളും പട്ടികജാതി–വർഗ വിഭാഗത്തിൽനിന്നുള്ള ഒരാളും അർബൻ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളും രണ്ട് സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരും സഹകരണ സെക്രട്ടറി, രജിസ്ട്രാർ, നബാർഡ് സിജിഎം, കേരള ബാങ്ക് സിഇഒ എന്നീ നാല്‌ എക്‌സ്‌ ഒഫിഷ്യോ അംഗങ്ങളുംകൂടി ഉൾപ്പെടുന്ന 21 അംഗ സമിതിക്കായിരിക്കും ഭരണച്ചുമതല.

കേരള സഹകരണ നിയമപ്രകാരം രണ്ട്‌ പ്രൊഫഷണൽ അംഗങ്ങളെ ഭരണസമിതിക്ക് നാമനിർദേശം ചെയ്യാം. ഇവർക്ക് വോട്ടവകാശം ഉണ്ടാകില്ല. ആർബിഐയുടെ അന്തിമ അനുമതിയിൽ വായ്‌പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ ഭരണസമിതിയിൽ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here