ഹെൽമെറ്റ് ഇല്ലെങ്കില്‍ ‘തലയിലാകും’; ഡിസംബർ 1 മുതൽ നിയമം പ്രാബല്യത്തിൽ

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിലെ പിൻയാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കുമ്പോഴും കാര്യമായ ചലനങ്ങളില്ലാതെ ഹെൽമെറ്റ്‌ വിപണി. ശനിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരുമെങ്കിലും പല കടകളിലും ഹെൽമെറ്റിന്റെ ആവശ്യക്കാർ കുറയുന്നതായി ഉടമകൾ.

വിധി മുൻനിർത്തി ഹെൽമെറ്റുകൾ അധികമായി കടകളിൽ എത്തിച്ച വ്യാപാരികളും ആശങ്കയിലാണ്. പൊലീസോ മോട്ടോർവാഹന വകുപ്പോ നിയമം കർശനമായി നടപ്പാക്കില്ലെന്ന പ്രതീക്ഷയാകാം വിപണിയിലെ ഈ തളർച്ചയ്‌ക്കു പിന്നിലെന്നും ഇവർ കരുതുന്നു. അതേസമയം, ഞായറാഴ്ച മുതൽ കർശന പരിശോധന ആരംഭിച്ചാൽ വിപണിയിൽ വലിയ മാറ്റം വരുമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്‌ക്കുന്നു.

“സാധാരണ വിൽപ്പനയ്‌ക്കപ്പുറം ഒരു മാറ്റവും കടയിലില്ല. വാർത്തകൾ കാണുമ്പോൾ ആളുകൾ ഹെൽമെറ്റ്‌ വാങ്ങാൻ വരുമെന്നാണ്‌ കരുതിയത്‌. എന്നാൽ, മുമ്പുള്ളതിനേക്കാൾ കുറവാണ്‌ ഇപ്പോഴത്തെ ആവശ്യക്കാർ’- എന്നാണ്‌ കലൂരിലെ ഓട്ടോ ക്യൂൻ കടയുടമ സാബുവിന്റെ പക്ഷം.

എന്നാൽ, കുട്ടികളുടെ ഹെൽമെറ്റിന്‌ ആവശ്യക്കാർ കൂടുന്നുണ്ട്‌. പുതിയ ഉത്തരവുപ്രകാരം നാലു വയസ്സുമുതലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാണ്. ഹെൽമെറ്റിന്റെ വിലയുടെ കാര്യത്തിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മുതിർന്നവരുടെ ബ്രാൻഡഡ്‌ ഹെൽമെറ്റുകൾക്ക്‌ 1400 രൂപമുതലാണ്‌ വില. അൽപ്പം വിട്ടുവീഴ്ച ചെയ്യുന്നവർക്ക് 700 രൂപമുതലും ലഭ്യമാണ്. 950 മുതലാണ് കുട്ടികളുടെ ബ്രാൻഡഡ്‌ ഹെൽമെറ്റിന്റെ വില. വേഗ, സ്റ്റഡ്‌ എന്നീ ബ്രാൻഡുകൾക്കാണ്‌ ആവശ്യക്കാരുള്ളത്‌.

ശനിയാഴ്ച മുതൽ ജില്ലയിൽ ഹെൽമെറ്റ് പരിശോധന കർശനമാക്കുമെന്ന്‌ റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസർ കെ മനോജ്‌കുമാർ പറഞ്ഞു. രാവിലെ എട്ടുമുതൽ 12 മണിക്കൂർ വിവിധ സ്ഥലങ്ങളിൽ ഹെൽമെറ്റിനുവേണ്ടി മാത്രമാണ്‌ പരിശോധന. നിയമം ലംഘിക്കുന്നവർക്ക്‌ ആദ്യഘട്ടത്തിൽ 500 രൂപ പിഴ ചുമത്തും. അതേ വാഹനത്തിൽ അതേ വ്യക്തി വീണ്ടും നിയമം ലംഘിക്കുന്നത്‌ കണ്ടെത്തിയാൽ ലൈസൻസ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക്‌ പോകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here