കേരളാ ബാങ്ക്; കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക മേഖലകളില്‍ വന്‍കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും; മുഖ്യമന്ത്രി

കേരളാ ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത് കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക മേഖലകളില്‍ വന്‍കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി. സഹകരണമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും കേരള ബാങ്ക് വഴിയൊരുക്കും.

കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് നിലവില്‍ വരികയാണ്. കേരളാബാങ്ക് രൂപീകരണത്തിനെതിരെ ഹൈക്കോടതിയിലുണ്ടായ കേസുകള്‍ എല്ലാം കോടതി ഡിസ്മിസ് ചെയ്തതോടെയാണ് കേരളബാങ്കിന്റെ രൂപീകരണം സാധ്യമായത്.

13 ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയനനടപടി ആരംഭിച്ചു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധന-റിസോര്‍സ് സെക്രട്ടറി സഞ്ജീവ് കൗശിക്, കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റാണി ജോര്‍ജ്ജ് എന്നിവരായിരിക്കും ആദ്യത്തെ ഇടക്കാല ഭരണസമിതിയിലെ അംഗങ്ങള്‍.

ഇടക്കാല ഭരണസമിതി അടിയന്തിരമായി യോഗം ചേര്‍ന്ന് ഉത്തരവിറക്കും. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളില്‍ നാളിതുവരെ നടന്നു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

ലയനശേഷമുള്ള കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറല്‍ ബോഡി 2019 ഡിസംബറില്‍ നടക്കും. ആവശ്യമുളള ബൈലോ ഭേദഗതികള്‍ ജനറല്‍ ബോര്‍ഡിയില്‍ തയ്യാറാക്കും. നിലവില്‍ സംസ്ഥാന-ജില്ലാസഹകരണബാങ്കുകളുടെ ഉല്‍പന്നങ്ങളും, സേവനങ്ങളും ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. 2020 ജനുവരി 1 മുതല്‍ ഇത് പൂര്‍ണ്ണമായും നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here