നടി ആക്രമിക്കപ്പെട്ട കേസ്; പ്രതിഭാഗം വാദം ഡിസംബര്‍ 3ന്; പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗം വാദം ഡിസംബര്‍ 3ന് നടക്കും. കേസിലെ മുഴുവന്‍ പ്രതികളോടും അന്ന് ഹാജരാകാന്‍ കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ സുപ്രീം കോടതി നീക്കിയ സാഹചര്യത്തിലാണ് കൊച്ചിയിലെ വിചാരണക്കോടതി നടപടികള്‍ ഇന്ന് പുനരാരംഭിച്ചത്. കേസില്‍ പ്രതികളായ 10 പേരില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പടെ 8 പേര്‍ ഇന്ന് കോടതിയില്‍ ഹാജരായി. എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവര്‍ ഹാജരായില്ല.

ഹാജരാകാന്‍ കഴിയാത്ത സാഹചര്യം സംബന്ധിച്ച് ദിലീപ് കോടതിയെ നേരത്തെ അറിയിക്കുകയും കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തില്‍ കഴിയുന്ന സനല്‍കുമാര്‍ കോടതിയില്‍ ഹാജരാകാതിരുന്നത് അനുമതി വാങ്ങാതെയാണ്. മാത്രമല്ല കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും സനല്‍കുമാര്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കിയതായി കോടതി അറിയിച്ചു.

അതേ സമയം, വിചാരണക്ക് മുന്നോടിയായി കുറ്റ പത്രത്തിന്‍മേലുള്ള പ്രാരംഭ വാദത്തിനും കുറ്റ പത്രം പ്രതികളെ വായിച്ചു കേള്‍പ്പിക്കുന്നതിനുമായി കേസ് പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.

പ്രാരംഭ വാദം പൂര്‍ത്തിയാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനു ശേഷമായിരിക്കും കേസില്‍ വിചാരണ തുടങ്ങുക. വിചാരണ തുടങ്ങുന്ന തിയ്യതി കോടതി പിന്നീട് പ്രഖ്യാപിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here