ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം; കിരീടം ലക്ഷ്യമിട്ട് ഗോകുലം

ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കിരീടം ലക്ഷ്യമിട്ട് പുതിയ സീസണിന് ഇറങ്ങുന്ന ഗോകുലം കേരള എഫ്സി നെരൊക്ക എഫ്സിയുമായി ഏറ്റുമുട്ടും. കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. പകല്‍ രണ്ടിന് ഐസ്വാളിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസ്വാള്‍ എഫ്സി-മോഹന്‍ ബഗാന്‍ പോരോടുകൂടിയാണ് ഐ ലീഗിന്റെ പതിമൂന്നാം പതിപ്പിന് തുടക്കമാകുന്നത്. ആദ്യദിനം രണ്ടു മത്സരമാണ്. 11 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് ഏപ്രിലില്‍ അവസാനിക്കും.

കഴിഞ്ഞ രണ്ടു സീസണിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെപോയ ഗോകുലം ഇത്തവണ ഒരുങ്ങിത്തന്നെയാണ്. ഡ്യൂറന്റ് കപ്പ് ചാമ്പ്യന്‍മാരെന്ന പകിട്ടുമായാണ് കേരള ടീമിന്റെ വരവ്. ബംഗ്ലാദേശില്‍ നടന്ന രാജ്യാന്തര ക്ലബ് ടൂര്‍ണമെന്റായ ഷെയ്ഖ് കമല്‍ ഫുട്ബോള്‍ കപ്പില്‍ സെമിഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. മുന്നേറ്റനിരയിലാണ് പരിശീലകന്‍ സാന്റിയാഗോ വരേലയുടെ പ്രതീക്ഷ മുഴുവന്‍.

ഡ്യൂറന്റ് കപ്പില്‍ ഹാട്രിക് ഉള്‍പ്പെടെ 11 ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ടിനുടമയായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ താരവും ക്യാപ്റ്റനുമായ മാര്‍ക്കസ് ജോസഫ് ആണ് ഗോകുലത്തിന്റെ ആവനാഴിയിലെ പ്രധാന ആയുധം. മികച്ച ഫോമിലുള്ള സി കെ ഉബൈദാണ് വലകാക്കുന്നത്. ഉഗാണ്ടയില്‍നിന്നുള്ള മുന്നേറ്റക്കാരന്‍ ഹെന്റി കിസേക്ക ടീമിലേക്ക് തിരികെയെത്തിയെന്നതും ആത്മവിശ്വാസം പകരുന്നു.

വളരെ പ്രതീക്ഷയോടെയാണ് മത്സരത്തെ കാണുന്നതെന്ന് കോച്ച് വരേല പറഞ്ഞു. ആദ്യകളി വിജയിച്ചാല്‍ അതു നല്‍കുന്ന ആത്മവിശ്വാസം മുന്നോട്ടുള്ള കുതിപ്പിന് മുതല്‍ക്കൂട്ടാവുമെന്ന് ഗോളി ഉബൈദ് പറഞ്ഞു. ഒട്ടും സമ്മര്‍ദമില്ലാതെ കളിക്കും. പ്രതിരോധത്തില്‍ അഫ്ഗാന്‍താരം ഹാറൂണ്‍ അമിരിയിലാണ് ഗോകുലത്തിന്റെ വിശ്വാസം. ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനമായിരുന്നു അമിരിയുടേത്.

അഞ്ച് വിദേശതാരങ്ങള്‍ ടീമിലുണ്ട്. ബ്രസീലില്‍നിന്നുള്ള ബ്രൂണോ പെല്ലിസറി പരിക്കിനെത്തുടര്‍ന്ന് കരാര്‍ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങി. നതാനിയേല്‍ ഗാര്‍ഷ്യയാകും കളി മെനയുക. ഡ്യൂറന്റ് കപ്പിനുശേഷം ടീമിനൊപ്പം ചേര്‍ന്ന ഈ ട്രിനിഡാഡുകാരന്‍ വിടവുകളുണ്ടാക്കി മുന്നേറാന്‍ മിടുക്കനാണ്. മുന്‍നിരയില്‍ കാസര്‍കോട് ചീമേനിയില്‍നിന്നുള്ള കൗമാരക്കാരന്‍ കെ പി രാഹുലിലും കോച്ച് പ്രതീക്ഷയര്‍പ്പിക്കുന്നു.

സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ മികച്ച കളി പുറത്തെടുത്ത എം എസ് ജിതിന്‍ പരിക്ക് കാരണം ആദ്യ മത്സരത്തിന് ഉണ്ടാകില്ല. ഗോകുലത്തിന്റെ ശക്തിയില്‍ സംശയമില്ലെന്നും എന്നാല്‍, വിജയിക്കാന്‍ വേണ്ടിയാണ് തങ്ങളുടെ കളിയെന്നും നെരോക്ക കോച്ച് ഗിഫ്റ്റ് റെയ്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാപ്റ്റന്‍ മാര്‍വിന്‍ ഫിലിപ്പും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News